ന്യൂദല്‍ഹി: ദല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ആക്രമണത്തിനു പദ്ധതിയിട്ട പത്ത് മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തു. മാവോയിസ്റ്റ് ഏരിയ കമാന്‍ഡറായ രഞ്ജിത് പാസ്വാനും കൂട്ടാളികളുമാണ് നോയിഡ, ചന്ദോലി എന്നിവിടങ്ങളില്‍ നിന്ന് പിടിയിലായത്.
ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലുമായി നടന്ന തെരച്ചിലിലാണ് ഭീകരവിരുദ്ധ സേന ഇവരെ അറസ്റ്റ് ചെയ്തത്. ദല്‍ഹിയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് പുറമെ പണം സ്വരൂപിക്കുന്നതിന് കൊള്ളയും തട്ടിക്കൊണ്ട് പോകലും സംഘം ലക്ഷ്യമിട്ടിരുന്നു. ബീഹാര്‍, ഉത്തര്‍പ്രദേശ് സ്വദേശികളാണ് അറസ്റ്റിലായവര്‍. ബീഹാറിലും ഝാര്‍ഖണ്ഡിലുമായിരുന്നു നേരത്തെ ഇവരുടെ പ്രവര്‍ത്തനം.
വസ്തുക്കച്ചവടക്കാരെന്ന വ്യാജേനയായിരുന്നു പ്രവര്‍ത്തനം. ഇതിന് രണ്ട് കടകളും ആരംഭിച്ചു. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പ്രദേശവാസികളാണ് വിവരം പോലീസില്‍ അറിയിച്ചത്. അന്വേഷണത്തില്‍ മാവോയിസ്റ്റ് സംഘമാണെന്ന് വ്യക്തമായതോടെ പോലീസ് നടപടി തുടങ്ങി. അഞ്ച് പേരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഇവര്‍ നല്‍കിയ വിവരമനുസരിച്ചാണ് മറ്റുള്ളവരെ പിടികൂടിയത്. വലിയ തോതില്‍ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. നാല്‍പ്പതോളം തോക്കുകള്‍, ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണുകള്‍ എന്നിവയും കെണ്ടടുത്തു.
രഞ്ജിത് പാസ്വാനാണ് സംഘത്തലവന്‍. മാവോയിസ്റ്റ് കമാന്‍ഡാറായ ഇയാള്‍ ക്രിമിനല്‍ കേസുകളില്‍ നിരവധി തവണ ജയിലില്‍ കിടന്നിട്ടുണ്ട്.
















