അഹമ്മദാബാദ്: ”മരിക്കുമ്പോള്‍ എന്നെ കുഴിച്ചു മൂടരുത്. ചിതയിലെരിയാനാണ് എനിക്കിഷ്ടം. ആര്‍ക്കെങ്കിലും അതില്‍ എതിര്‍പ്പുണ്ടെങ്കില്‍ അതെന്റെ അന്ത്യാഭിലാഷമാണെന്ന് പറഞ്ഞേക്കുക,” മഹാത്മജിയുടെ പ്രിയ ശിഷ്യനും സബര്‍മതി ആശ്രമത്തിന്റെ ചെയര്‍മാനുമായിരുന്ന അബ്ദുള്‍ ഹമീദ് ഖുറേഷി (89) മരിക്കുന്നതിനു മുന്‍പ് മകനെ പറഞ്ഞേല്‍പ്പിച്ചത് ഇതായിരുന്നു.
മൃതദേഹം മറവു ചെയ്യുമ്പോള്‍ അത്രയും സ്ഥലം പാഴായിപ്പോകരുതെന്ന നിഷ്‌കര്‍ഷയായിരുന്നു അതിനു പിറകില്‍. മകന്‍ അകില്‍ ഖുറേഷിയേയും സഹോദരന്‍ വാഹിദ് ഖുറേഷിയുടെ മകളുടെ ഭര്‍ത്താവ് ഭരത് നായിക്കിനേയും അക്കാര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ ‘എന്റെ ജീവിതമാണ് എന്റെ സന്ദേശം’ എന്ന മഹാത്മജിയുടെ വാക്കുകള്‍ ഖുറേഷിയും പിന്തുടര്‍ന്നു.
നവംരംഗപുരിയിലെ സ്വാസ്തിക് സൊസൈറ്റിയിലെ വീട്ടില്‍ ദിവസങ്ങള്‍ക്കു മുന്‍പാണ് പ്രമുഖ അഭിഭാഷകന്‍ കൂടിയായ ഖുറേഷി അന്ത്യയാത്രയായത്.
പാല്‍ഡിയിലെ മുക്തി ധാം ശ്മശാനത്തില്‍ അന്ത്യാഭിലാഷം പൂര്‍ത്തിയാക്കാന്‍ ഖുറേഷിയുടെ കുടുംബമെത്തിയപ്പോള്‍ അതൊരു അപൂര്‍വ്വ കാഴ്ചയായി. അഹമ്മദാബാദിലെ അഭിഭാഷക സമൂഹവുമുണ്ടായിരുന്നു അവര്‍ക്കൊപ്പം.
സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ വിപ്ലവകരമായ ആശയങ്ങളേറെയും പിറവിയെടുത്ത സബര്‍മതിയില്‍ കുഞ്ഞുന്നാളിലേ സന്ദര്‍ശകനായിരുന്നു ഖുറേഷി. അദ്ദേഹത്തിന്റെ മുത്തച്ഛന്‍ ഇമാം സാഹെബ് അബ്ദുള്‍ ഖാദിര്‍ ബവാസിര്‍ ദക്ഷിണാഫ്രിക്കയില്‍ മഹാത്മജിയുടെ അടുത്ത സുഹൃത്തായിരുന്നു.
ഇമാം ബവാസിറിനെ സഹോദരനെന്നാണ് മഹാത്മജി വിളിച്ചിരുന്നത്. ദണ്ഡിമാര്‍ച്ചില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചിട്ടുണ്ട് ഖുറേഷിയുടെ അച്ഛനുമമ്മയും.
















