സംയുക്ത ശക്തി: തമിഴ്‌നാട് കൂടംകുളം ആണവോര്‍ജ നിലയത്തിന്റെ മൂന്ന്, നാല് പ്ലാന്റുകളുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമീര്‍ പുടിനും ചേര്‍ന്ന് ഗോവയില്‍, വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുന്നു
ഭാരത-റഷ്യ സഹകരണം ശക്തമാക്കി
പനജി/ന്യൂദല്‍ഹി: ഭാരതവും റഷ്യയും തമ്മിലുള്ള പതിറ്റാണ്ടുകള്‍ നീണ്ട പ്രതിരോധ സഹകരണം കൂടുതല്‍ ശക്തമാക്കി, രാജ്യാതിര്‍ത്തികള്‍ കാക്കാന്‍ എസ്-400 ട്രയംഫ് വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനവും കാമോവ് ഹെലിക്കോപ്റ്ററുകളും യുദ്ധക്കപ്പലുകളും റഷ്യയില്‍ നിന്നു വാങ്ങാന്‍ തീരുമാനം.
ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമീര്‍ പുടിനും തമ്മിലുള്ള ചര്‍ച്ചയിലാണ് ധാരണ. തമിഴ്‌നാട്ടിലെ കൂടംകുളത്ത് പുതിയ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെ 16 കരാറുകളിലാണ് ഇരു രാഷ്‌ട്രങ്ങളും ഒപ്പുവെച്ചത്.
പ്രതിരോധം, ഊര്‍ജ്ജം, സാമ്പത്തിക സഹകരണം തുടങ്ങിയ രംഗങ്ങളിലാണ് കരാറുകള്‍. പ്രതിരോധ മേഖലയില്‍ മാത്രം 39,000 കോടി രൂപയുടെ കരാറുകള്‍.
ബാലിസ്റ്റിക് മിസൈലുകളില്‍ നിന്നു വരെ രക്ഷാ കവചം തീര്‍ക്കുന്ന അതീവ നൂതന വ്യോമ പ്രതിരോധ സംവിധാനമായ ട്രയംഫിന് മാത്രം മുപ്പതിനായിരത്തിലധികം കോടി രൂപ വരും.
ലോകത്തെ ഏറ്റവും ഉയര്‍ന്ന യുദ്ധ മേഖലയായ സിയാച്ചിനിലേക്ക് വരെ പറയുന്നയരാന്‍ സാധിക്കുന്ന ഇരുനൂറ് കാമോവ് 226റ്റി ഹെലിക്കോപ്റ്ററുകളും റഷ്യയില്‍ നിന്നു വാങ്ങും. 6,000 കോടി രൂപയുടെ പ്രതിരോധ ഇടപാടാണിത്.
ഇതിനു പുറമേ ഗ്രിഗറോവിച്ച് വിഭാഗത്തില്‍ പെട്ട നാല് മിസൈല്‍ വേധ യുദ്ധക്കപ്പലുകള്‍ ഇരു രാജ്യങ്ങളും സംയുക്തമായി നിര്‍മ്മിക്കും. ആറുലക്ഷം കോടിക്ക് അമേരിക്കയില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ആയുധങ്ങള്‍ വാങ്ങി സൈന്യത്തിന്റെ ആധുനീകരണത്തിന് തുടക്കമിട്ട ശേഷമാണ് റഷ്യയുമായി പ്രതിരോധ കരാര്‍ ഒപ്പുവെച്ചത്.
പ്രധാന പ്രഖ്യാപനങ്ങള്‍:
600 കോടി രൂപയുടെ പൊതു നിക്ഷേപ ഫണ്ട് രൂപീകരിക്കും.
ആന്ധ്രയിലും ഹരിയാനയിലും സ്മാര്‍ട്ട് സിറ്റികള്‍, ഇവിടെ ചരക്കു
ഗതാഗത വികസനം.
റഷ്യയില്‍ നിന്നു ഭാരതത്തിലേക്ക് ഗ്യാസ് പൈപ്പ് ലൈനിന് സംയുക്ത പഠനം.
ഭാരതത്തിലെ എസ്സാര്‍ ഗ്രൂപ്പില്‍ നിന്ന് 70,000 കോടി രൂപയുടെ എണ്ണ വാങ്ങും.
എണ്ണ-പ്രകൃതിവാതക മേഖലയില്‍ പഠനത്തിനും പരിശീലനത്തിനും
ഒഎന്‍ജിസി വിദേശിന് റോസ്‌നെഫ്റ്റ് സഹായം.
നാഗ്പൂര്‍-സെക്കന്തരാബാദ് മേഖലയില്‍ അതിവേഗ തീവണ്ടികള്‍ക്ക് സഹായം .
ഐഎസ്ആര്‍ഒയും റഷ്യന്‍ സ്‌പേസ് ഏജന്‍സിയും തമ്മില്‍ സഹകരണം.
അന്താരാഷ്‌ട്ര വിവര സുരക്ഷാ മേഖലയില്‍ സഹകരണം.
ഉഭയകക്ഷി വ്യാപാര സാമ്പത്തിക സഹകരണം വര്‍ദ്ധിപ്പിക്കും.
അന്താരാഷ്‌ട്ര വിഷയങ്ങളിലെ ഭാരത-റഷ്യാ സഹകരണം.
ഭാരത-റഷ്യ നയതന്ത്ര ബന്ധത്തിന്റെ 70-ാം വാര്‍ഷികാഘോഷം.
















