പനാജി/ന്യൂദല്‍ഹി: ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ മസൂദ് അസറിനെ യുഎന്നിന്റെ ഭീകരവാദി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഭാരതം വീണ്ടും ചൈനയോട്. ചൈന അനുകൂല നിലപാടെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ്ങുമായി പ്രധാനമന്ത്രി മോദി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷം വിദേശകാര്യമന്ത്രാലയം അറിയിച്ചു. ചൈനീസ് പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ച ഫലപ്രദമായെന്ന് മോദി ട്വീറ്റ് ചെയ്തു.
ഭീകരവാദ വിഷയത്തില്‍ ഭാരതവും ചൈനയും വത്യസ്ത നിലപാടെടുക്കുന്നത് മേഖലയ്‌ക്കാകെ പ്രതിസന്ധി സൃഷ്ടിക്കും. ഭാരതവും ചൈനയും ഭീകരവാദത്തിന്റെ ഇരകളാണ്. ഇരുരാജ്യങ്ങളും സഹകരണം വര്‍ദ്ധിപ്പിക്കണം, മോദി പറഞ്ഞു. മസൂദ് അസര്‍ വിഷയത്തില്‍ ഇരുരാജ്യങ്ങളും അടുത്ത സഹകരണമാണ് തുടരുന്നതെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. എന്‍എസ്ജി വിഷയത്തില്‍ രണ്ടാംഘട്ട ചര്‍ച്ച ഉടന്‍ നടക്കും.
ഭീകരവാദം പ്രധാന പ്രശ്‌നമാണെന്ന് ഇരുരാഷ്‌ട്രത്തലവന്മാരും വ്യക്തമാക്കി. സുരക്ഷാ ചര്‍ച്ചകള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് സീ ജിന്‍പിങ് അറിയിച്ചു. ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി ഇരുരാജ്യങ്ങളിലേയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയുമായും പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി. കൂടുതല്‍ രാഷ്‌ട്രത്തലവന്മാരുമായുള്ള കൂടിക്കാഴ്ചകള്‍ ഇന്ന് ബ്രിക്‌സ് വേദിയില്‍ നടക്കും.
















