ന്യൂദല്‍ഹി: നികുതിദായകരുടെ പണം ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പാര്‍ട്ടി വളര്‍ത്താന്‍ ഉപയോഗിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സ്വജനപക്ഷപാതം കാണിക്കുന്ന മുഖ്യമന്ത്രി ഈ പണം ദല്‍ഹിക്കു പുറത്ത് പാര്‍ട്ടിയെ ശക്തമാക്കാനാണ് ചെലവഴിച്ചതെന്നും ഗവര്‍ണ്ണര്‍ നജീബ് ജങ്ങിന് സമര്‍പ്പിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫേസ്ബുക്ക്, യൂ ട്യൂബ്, ഗൂഗിള്‍ എന്നിവകളില്‍ പരസ്യം നല്‍കാന്‍ ദല്‍ഹി സര്‍ക്കാര്‍ 1.58 കോടി രൂപ ചെലവിട്ടു. ഗോവ, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ അടിത്തറ വിപലപ്പെടുത്താനായിരുന്നു ഈ പരസ്യങ്ങള്‍. കേജ്‌രിവാളിനോട് സംസാരിക്കാം എന്ന പേരില്‍ വെബ് സൈറ്റ് തുടങ്ങി. ദല്‍ഹി നിവാസികള്‍ക്ക് മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്താനാണ് ഇതെന്നാണ് പറഞ്ഞിരുന്നതെങ്കിലും ലക്ഷ്യം ഇതര സംസ്ഥാനങ്ങള്‍. ഈ സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുകയാണ്.
ടെന്‍ഡര്‍ ക്ഷണിക്കാതെ പെര്‍ഫെക്ട് റിലേഷന്‍സ് എന്ന കമ്പനിക്കാണ് പരസ്യം നല്‍കുന്നതിന്റെ കരാര്‍ നല്‍കിയത്, റിപ്പോര്‍ട്ടില്‍ പറയുന്നു.
ദല്‍ഹിയിലും ബന്ധു നിയമനം
ന്യൂദല്‍ഹി: ദല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌നിന്റെ പ്രത്യേക ഓഫീസറായി നിയമിതനായ ഡോ. നികുഞ്ജ് അഗര്‍വാള്‍ കേജ്‌രിവാളിന്റെ ഭാര്യാ സഹോദരിയുടെ മരുമകന്‍. ആദ്യം സീനിയര്‍ റസിഡന്റ്‌ഡോക്ടറായിട്ടായിരുന്നു നിയമനം.
മൂന്നു മാസം മുന്‍പാണ് പ്രത്യേക ഓഫീസറാക്കിയത്. സര്‍ക്കാര്‍ 1.15 ലക്ഷം രൂപ ചെലവിട്ട് ഇയാളെ അഹമ്മദാബാദില്‍ ഒരു കോഴ്‌സിനും അയച്ചു.
















