ശാന്തമ്പാറ: ഹര്‍ത്താല്‍ ദിനത്തില്‍ ജോലിക്ക് പോകുകയായിരുന്ന യുവാവിന് നേരെ സമരാനുകൂലികളുടെ ആക്രമണം. സൂര്യനെല്ലി ചിന്നക്കനാലിന് സമീപം വാടകയ്‌ക്ക് താമസിച്ച് വരുന്ന പാല സ്വദേശി അലന്‍(28) ആണ് തലക്കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ അലന്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ഇന്നലെ രാവിലെ 9.30 യോടെയാണ് ചിന്നക്കനാല്‍ സ്‌റ്റെര്‍ലിങ് റിസോര്‍ട്ടിന് സമീപത്ത് വച്ച് യുവാവിന് നേരെ ആക്രമണമുണ്ടായത്. എട്ട് പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. സമീപത്തായുള്ള ജോലി സ്ഥലത്തേക്ക് ബൈക്കില്‍ പോകുന്നതിനിടെയാണ് ആക്രമണം. വണ്ടി തടഞ്ഞ ഇവര്‍ മടങ്ങി പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ജോലിക്ക് ചെന്നില്ലേല്‍ പ്രശ്‌നമാകുമെന്ന് അറിയിച്ചെങ്കിലും വഴങ്ങിയില്ല. തുടര്‍ന്ന് സമരാനുകൂലികളിലൊരാള്‍ കമ്പിന് തലക്കടിക്കുകായിരുന്നു. സമീപത്ത് നിന്നയാള്‍ കമ്പ് വാങ്ങി വീണ്ടും തലക്കടിച്ചു. തലക്ക് നാലു തുന്നിക്കെട്ടുള്ള യുവാവിനെ ആദ്യം ടാറ്റാ ജിഎച്ചിലും തുടര്‍ന്ന് അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. സംഭവത്തില്‍ യുവാവിന്റെ മൊഴിയെടുത്ത് രാത്രി വൈകി ശാന്തമ്പാറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ ഒളിവില്‍ പോയിരിക്കുകയാണെന്നും ഇവരെ തിരഞ്ഞ് വരുന്നതായും എസ്‌ഐ രാമചന്ദ്രന്‍ പറഞ്ഞു.
അതേ സമയം കുമളി ചക്കുപള്ളം ആറാംമൈലില്‍ കോണ്‍ഗ്രസ്- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് സംഭവം. വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് ഉന്തിലും തള്ളിലും കലാശിച്ചത്. കുമളി പോലീസ് സ്ഥലത്തെത്തി സ്ഥിതി ഗതികള്‍ ശാന്തമാക്കി.
















