സംസ്‌കൃതത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളാത്ത ഒരു പ്രാദേശികഭാഷയും ഭാരതത്തിലില്ലതന്നെ. കഷ്ടിച്ച് തമിഴ് മാത്രമാണ് ഇതിനൊരപവാദം. ഹിന്ദി, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകള്‍ തികച്ചും സംസ്‌കൃതാശ്രിതങ്ങളാണ്. മലയാളത്തില്‍ ‘ദാഹം’ എന്ന വാക്കിനു പകരംവയ്‌ക്കാന്‍ മറ്റൊരു പദമില്ലെന്ന കാര്യം സുവിദിതമാണല്ലോ.
സംസ്‌കൃതകവിതകളില്‍നിന്ന് അടര്‍ത്തിയെടുത്ത പൊട്ടും പൊടിയും അങ്ങനെതന്നെ പല പ്രാദേശികഭാഷാചിത്രങ്ങളിലും ഉചിതമായി പല കവികളും സന്നിവേശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പൂര്‍ണമായും സംസ്‌കൃതത്തില്‍ എഴുതപ്പെട്ട ഗാനം മലയാളചലച്ചിത്രങ്ങളില്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. മലയാള ചലച്ചിത്രങ്ങള്‍ക്ക് ലഭിച്ച ഈ മേന്മ യൂസഫലി കേച്ചേരിക്കു മാത്രം അവകാശപ്പെട്ടതാണ്.
‘ഫൈവ്‌സ്റ്റാര്‍ ഹോസ്പിറ്റല്‍’ എന്ന ചിത്രത്തിനുവേണ്ടി അദ്ദേഹം ദേവഭാഷയില്‍ എഴുതിയ ഗാനം ഭക്തിയും വിഭക്തിയും ഒരേസമയം ഇഴചേര്‍ന്നതാണ് എന്നു കാണാം. ആചാര്യന്‍ ശിഷ്യനെ സംഗീതം പഠിപ്പിക്കുന്നതാണ് സന്ദര്‍ഭം. ഇത്തരം അവസരങ്ങളില്‍ മുത്തുസ്വാമി ദീക്ഷിതരുടെയോ മറ്റോ കൃതികള്‍ പറഞ്ഞുകൊടുക്കുകയാണല്ലൊ ആചാര്യന്റെ സാമ്പ്രദായിക രീതി. എന്നാല്‍ സംസ്‌കൃതത്തില്‍ ധാരാളം കീര്‍ത്തനങ്ങള്‍ എഴുതിയിട്ടുള്ള മുത്തുസ്വാമി ദീക്ഷിതരുടെ ലഘുസംസ്‌കൃതരീതി പിന്‍പറ്റിക്കൊണ്ട് യൂസഫലി കേച്ചേരി ഇങ്ങനെയാണ് പല്ലവി രചിച്ചിട്ടുള്ളത്.
”മാമവ മാധവ മധുമാഥി
ഗീതാമഥുര സുധാവാദി”
മാം (എന്നെ) അവ (രക്ഷിച്ചാലും): മാധവന്‍ മാ (മഹാലക്ഷ്മി) യുടെ ധവന്‍ (ഭര്‍ത്താവ്) ആണല്ലൊ. എന്നുവച്ചാല്‍ മഹാവിഷ്ണു എന്നര്‍ത്ഥം. മധുമാഥി (മധു എന്ന അസുരനെ മഥിച്ചവന്‍, മഥനം=കടയല്‍). ഭഗവദ്ഗീതയാകുന്ന മധുരസുധ (അമൃത്)യെ വദിച്ചവനാണ് (പറഞ്ഞവനാണ്) ശ്രീകൃഷ്ണന്‍. അപ്പോള്‍, മഹാവിഷ്ണുവിന്റെ അവതാരവും വലിയ തിന്മകള്‍ ചെയ്തുപോന്ന മധു മുതലായവരെ നശിപ്പിച്ചവനും ഇന്നും ലോകമാരാധിക്കുന്ന ഭഗവദ്ഗീതയുടെ വക്താവുമായ ശ്രീകൃഷ്ണനോട് തന്നെ രക്ഷിക്കേണമേ എന്ന പ്രാര്‍ത്ഥനയാണ് ഈ പല്ലവി ഉള്‍ക്കൊള്ളുന്നത്. അവ എന്ന പൂര്‍ണക്രിയ പല്ലവിയിലെ ഇതരപദങ്ങളെ സമീചീനമായി കോര്‍ത്തിണക്കിയതിന്റെ സുഖം സംസ്‌കൃതമറിയാവുന്നവര്‍ക്ക് ഗാനം കേള്‍ക്കുമ്പോള്‍ അനുഭവപ്പെടും.
ഗാനം ഇങ്ങനെ തുടരുന്നു:
”കോമളപിഞ്ഛ വിലോലം കേശം
ശ്യാമ മനോഹരഘനസങ്കാശം”
കോമളമായ പിഞ്ഛം (മയില്‍പ്പീലി) തിളങ്ങുന്ന കേശം (തലമുടി) ശ്യാമമനോഹരമായ ഘനം (മേഘം) പോലെ പ്രകാശിക്കുന്നതാണ്.
”നിര്‍ജിത ഭുവന സുമോഹനഹാസം
വന്ദേ ശ്രിതജന പാലകമനിശം”
സംസ്‌കൃതത്തിലും മലയാളത്തിലും ഒരുപോലെ പ്രസിദ്ധമായ ബഹുവീഹ്രി എന്ന സമാസമാണ് കവി ഈ വരികളില്‍ ഉപയോഗിച്ചിട്ടുള്ളത്. ഈ സമാസത്തെക്കുറിച്ച് അല്‍പമൊന്ന് വ്യക്തമാക്കേണ്ടിയിരിക്കുന്നു. വിശേഷ്യത്തിലോ വിശേഷണത്തിലോ ഇല്ലാത്ത ഒരര്‍ത്ഥം ആവിഷ്‌കരിക്കുന്നതിനെയാണ് ബഹുവ്രീഹിസമാസം എന്നു പറയുന്നത്. ഉദാഹരണത്തിന് ‘പീതാംബരന്‍’ എന്ന പ്രയോഗമെടുക്കുക. പീതത്തിലോ അംബരത്തിലോ ഇല്ലാത്ത കൃഷ്ണന്‍ പീതാംബരപ്രയോഗത്തിലൂടെ ഉരുത്തിരിഞ്ഞുവരുന്നു. ഇതാണ് ചുരുക്കത്തില്‍ ബഹുവ്രീഹി സമാസത്തിന്റെ സവിശേഷത. ഇവിടെ ഭുവനത്തെ ജയിച്ച സുമോഹനഹാസത്തിന്റെ ഉടമയായ കൃഷ്ണന്‍ നമ്മുടെ കണ്‍മുമ്പില്‍ നില്‍ക്കുന്നു. ‘നിര്‍ജിത ഭുവന സുമോഹനഹാസ’ത്തിലൂടെ.
‘ഹാസന്‍’ എന്ന് പ്രഥമയില്‍ പറയാതെ ‘ഹാസം’ എന്ന് ദ്വിതിയില്‍ പറയാനുള്ള കാരണം അടുത്തുവരുന്ന വരിയില്‍ വന്ദേ (ഞാന്‍ വന്ദിക്കുന്നു) എന്ന പൂര്‍ണക്രിയ ഉള്ളതാണ്. വന്ദിക്കുന്നത് ചിരിയെയല്ല ചിരിക്കുന്നവനെയാണ്. ഇവിടെ വ്യാകരണപരമായ ചില മര്‍മ്മങ്ങള്‍ ഒട്ടും ഹനിക്കപ്പെടാതെ കവി വളരെ വിദഗ്ധമായി ഉപയോഗിച്ചിരിക്കുന്നു. സാധാരണയില്‍ കവിഞ്ഞ കവിതാമേന്മയൊന്നും ഇവിടെ എടുത്തു കാണിക്കാനില്ലെങ്കിലും സംസ്‌കൃതത്തിന്റെ രചനാരീതി അറിയാവുന്നവര്‍ ഈ വരികള്‍ നന്നായി ആസ്വദിക്കും.
















