ഹൈദരാബാദ്: തെലങ്കാനയിൽ വീണ്ടും ദുരഭിമാന കൊല. ഗർഭിണിയായ പത്തൊമ്പതുകാരിയെ അമ്മയും സഹോദരന്മാരും ചേർന്ന് കൊലപ്പെടുത്തി. തെലങ്കാനയിലെ രങ്ക റെഡ്ഡി ജില്ലയിലാണ് സംഭവം. സോണി-ദേവ്‌ല ദമ്പതികളുടെ മൂന്നു മക്കളിൽ ഇളയ മകൾ മഞ്ജുളയാണ് മരിച്ചത്.
കഴിഞ്ഞ മാസമാണ് ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്ന് മഞ്ജുളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മജ്ഞുള ഗർഭിണിയാണെന്ന് വീട്ടുകാർ അറിയുന്നത്. ഇതേക്കുറിച്ച് വീട്ടുകാർ നിരവധി തവണ ചോദിച്ചിട്ടും മജ്ഞുള മറുപടിയൊന്നും പറഞ്ഞിരുന്നില്ല. തുടർന്ന് അമ്മയും സഹോദരന്മാരും ചേർന്ന് മജ്ഞുളയെ മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ മജ്ഞുള തൽക്ഷണം മരിച്ചു.
മരണം ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാൻ മൂവരും ചേർന്ന് മജ്ഞുളയുടെ മുഖത്ത് കീടനാശിനി ഒഴിക്കുകയും ചെയ്തു. അന്ന് അർധരാത്രി തന്നെ മൃതദേഹം മറവ് ചെയ്യുകയും ചെയ്തുവെന്ന് ഇവർ പോലീസിനോട് സമ്മതിച്ചു.
മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പരന്നതോടെ പ്രദേശത്തെ റവന്യു ഓഫീസർ സമർപ്പിച്ച പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനൊടുവിൽ മജ്ഞുളയുടെ മൃതദേഹം വീണ്ടും പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവന്നത്.
തലയ്‌ക്കടിയേറ്റാണ് മജ്ഞുള കൊല്ലപ്പെട്ടതെന്നും ഇവർ നാല് മാസം ഗർഭിണിയായിരുന്നുവെന്നും വ്യക്തമായി. തുടർന്ന് മജ്ഞുളയുടെ അമ്മയേയും രണ്ട് സഹോദരന്മാരേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഇവർ കുറ്റസമ്മതം നടത്തുകയും ചെയ്തു. ഇവർക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു.
















