ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില പരിശോധിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാര്‍ ചെന്നൈയിലെത്തി. ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിലെ ഹൃദ്രോഗവിദഗ്ധരായ ഡോ. ജി. സി. ഖില്‍നാനി, ഡോ. നിതിഷ് നായിക്, അനസ്‌തേറ്റിസ്റ്റ് ഡോ. അന്‍ജാന്‍ ത്രിക ലണ്ടനില്‍ നിന്നെത്തിയ ഡോ. ബിയല്‍ എന്നിവരാണ് ജയലളിതയെ ചികിത്‌സിക്കുന്ന അപ്പോളാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് സഹായവുമായെത്തിയത്.
ഇവരില്‍ ഡോ. ബിയല്‍ മൂന്നാഴ്ചയ്‌ക്കുള്ളില്‍ മൂന്നാം തവണയാണ് ലണ്ടനില്‍ നിന്നെത്തുന്നത്. ചികിത്സ എങ്ങനെ വേണമെന്നതിനെക്കുറിച്ച് ഡോക്ടര്‍മാര്‍ക്ക് ഏകാഭിപ്രായമാണ്. ഇപ്പോഴുള്ള ചികിത്‌സ തുടരാനാണ് നിര്‍ദ്ദേശം. കഴിഞ്ഞ വ്യാഴാഴ്ച അപ്പോളോയില്‍ നിന്നുള്ള ഔദ്യോഗിക അറിയിപ്പുകള്‍ ലഭിക്കാതായപ്പോള്‍ പലതരത്തിലുള്ള അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അതേ സമയം ശുഭാപ്തി വിശ്വാസത്തിലായിരുന്നു എഐഎഡിഎംകെ പ്രവര്‍ത്തകര്‍.
മുഖ്യമന്ത്രിയുടെ ചുമതലകള്‍ ധനമന്ത്രി പനീര്‍ശെല്‍വത്തിന് ഏല്‍പ്പിക്കാന്‍ ജയലളിത നിര്‍ദ്ദേശിച്ചത് ഗവര്‍ണര്‍ പുറത്തുവിട്ടത് സൂചിപ്പിച്ചായിരുന്നു ഇത്. എന്നാല്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന്റെ പ്രസ്താവനയെ ഡിഎംകെ നേതാവ് എം.കരുണാനിധി ചോദ്യം ചെയ്തു. ജയലളിതയെ ആശുപത്രയില്‍ പ്രവേശിപ്പിച്ചിട്ട് 23 നാള്‍ പിന്നിട്ടു.
മോദി ഇന്ന് സന്ദര്‍ശിക്കും
ന്യൂദല്‍ഹി: ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സന്ദര്‍ശിക്കും. ബ്രിക്‌സ് സമ്മേളനത്തിന് ഗോവയിലേക്ക് പോകുന്ന മോദി ചെന്നെ അപ്പോളോ ആശുപത്രിയിലെത്തും.
ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി എന്നിവര്‍ കഴിഞ്ഞ ദിവസം ജയലളിതയെ സന്ദര്‍ശിച്ചിരുന്നു. സപ്തംബര്‍ 22നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി ഗുരുതരമെന്നാണ് വിവരം.
















