മറയൂര്‍: മറയൂരില്‍ വീണ്ടും കാട്ടാനയിറങ്ങി. ചെമ്മന്‍കുഴി പ്രദേശത്താണ് വ്യാഴാഴ്ച അര്‍ദ്ധരാത്രി കാട്ടാനയെത്തിയത്. ചെമ്മന്‍കുഴി സ്വദേശികളായ ധനലക്ഷ്മി, മാത്തുക്കുട്ടി എന്നിവരുടെ കൃഷിത്തോട്ടം കാട്ടാനക്കൂട്ടം നശിപ്പിച്ചു. ധനലക്ഷ്മിയുടെ വീടിന് സമീപത്തെ തെങ്ങും കവുങ്ങുമാണ് ആദ്യം ആന നശിപ്പിച്ചത്. ബഹളം കേട്ട് ഉണര്‍ന്നപ്പോഴാണ് ആനയെത്തിയ വിവരം അറിയുന്നത്. ബഹളം വച്ചും പടക്കം പൊട്ടിച്ചും ആനയെ ഓടിച്ചു.
പിന്നീടാണ് മാത്തുക്കുട്ടിയുടെ നാലരയേക്കറോളം വരുന്ന കൃഷിയിടത്തില്‍ ആന എത്തിയത്. തെങ്ങും കവങ്ങും ഇവിടെയും നശിപ്പിച്ചിട്ടുണ്ട്. മറയൂരില്‍ ഒരു മാസത്തിനിടെ പതിനഞ്ചോളം ദിവസം കാട്ടാന എത്തിയിരുന്നു.
വീട്ടുകാര്‍ക്ക് സൈ്വര്യമായി ഉറങ്ങാന്‍ പറ്റാത്ത സ്ഥിതിയിലാണ് കാര്യങ്ങള്‍. സ്ഥിതി ഗരുതുരമായിട്ടും വനംവകുപ്പ് കയ്യുംകെട്ടിയിരിക്കുകയാണ്. വൈദ്യുത വേലി സ്ഥാപിച്ച് ജനങ്ങളുടെ ആശങ്കമാറ്റണമെന്നാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ആവശ്യം.
















