വാമനനായ വടുവിന്റെ സ്വഭാവം വഞ്ചനാപരമെന്ന് കഥയറിയാത്തവര്‍ പറഞ്ഞേക്കാം. എന്നാല്‍ ഭക്തനെ കഠിനമായ പരീക്ഷണങ്ങള്‍ക്കു വിധേയനാക്കി വശംകെടുത്തിയിട്ട് ഒടുക്കം അനുഗ്രഹം നല്‍കുന്ന ഭഗവാന്റെ സമ്പ്രദായം ഇവിടെയും കാണുന്നുവെന്നു മാത്രം.
സതീര്‍ത്ഥ്യനായിരുന്ന സുദാമാവിനെ ജീവിതാന്ത്യം വരെയും ദാരിദ്ര്യക്കയത്തില്‍ മുക്കിപ്പിടിച്ച് ശ്വാസംമുട്ടിച്ച്, കുചേലനെന്ന നീചപ്പേരിന് അര്‍ഹനാക്കി നടത്തിച്ച് അവസാനമായപ്പോള്‍ വാരിക്കോരി കൊടുത്തില്ലേ. ഇവിടെ മഹാബലി അപഹൃതനായില്ല. അപഹാസ്യനായില്ല. വഞ്ചിക്കപ്പെട്ടില്ല. നേരേമറിച്ച് ഒന്നു പരീക്ഷിക്കപ്പെട്ടുവെന്നുമാത്രം. അവസാനം ഉന്നതലോകലബ്ധിയും ദേവലോകസമാനമായ സുഖൈശ്വര്യങ്ങളും കൂടാതെ അടുത്ത മന്വന്തരത്തില്‍ ഇന്ദ്രപദവിയും വരെ വാഗ്ദാനം ചെയ്യപ്പെട്ട് ഭഗവാനാല്‍ സമ്മാനിതനായി. സാധാരണമായ ലോകധാരണപോലെ പാതാളത്തിലേക്ക് ചവുട്ടിത്താഴ്‌ത്തപ്പെട്ട് അപമാനിതനും വഞ്ചിതനുമായില്ല, ശിക്ഷിക്കപ്പെട്ടില്ല. മഹാബലിയുടെ ശിരസില്‍ വാമനന്‍ കാല് പതിപ്പിച്ചില്ല.
ഒരുപക്ഷെ വാമനനെ പ്രതിഷ്ഠിച്ചിട്ടുള്ള ഒരേയൊരു ക്ഷേത്രം തൃക്കാക്കരയാകും. പണ്ടൊരുകാലത്ത്, ചിങ്ങമാസത്തിലെ തിരുവോണനാളില്‍ തൃക്കാക്കരക്ഷേത്രത്തില്‍ ആചരിച്ചുതുടങ്ങിയ വാമനപൂജയും അനുബന്ധിച്ചുള്ള ഉത്സവവുമാകാം പിന്നീട് തിരുവോണമായി പരിണമിച്ചതും നാടാകെ കൊണ്ടാടപ്പെട്ടതും കെട്ടുകഥകള്‍ക്ക് വേരുപാകിയതും.
















