തൊടുപുഴ: തൊടുപുഴയില്‍ വീണ്ടും മോഷണ പരമ്പര. കഴിഞ്ഞദിവസം ചുങ്കം, തെനംകുന്ന് പള്ളികളിലെ നേര്‍ച്ചപ്പെട്ടികള്‍ കുത്തിപൊളിച്ചാണ് മോഷണം നടത്തിയത്.
പള്ളിക്ക് അകത്ത് സ്ഥാപിച്ചിരുന്ന നേര്‍ച്ചപ്പെട്ടികള്‍ കള്ളന്‍മാര്‍ പുറത്തെത്തിച്ചാണ് പണം അപഹരിച്ചത്. തെനംകുന്ന് സെന്റ് മൈക്കിള്‍സ് പള്ളിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയെത്തിയ കാവല്‍ക്കാരനാണ് മോഷണം നടന്നത് ആദ്യം കണ്ടത്. പുലര്‍ച്ചെ പള്ളിയിലെ ലൈറ്റ് കെടുത്താന്‍ എത്തിയപ്പോഴാണ് പിന്നാമ്പുറത്തെ വാതില്‍ തുറന്ന നിലയില്‍ കാണുന്നത്. തുടര്‍ന്നു പള്ളി ഭാരവാഹികളെ വിവരം അറിയച്ചു. പിന്നീട് നടത്തിയ പരിശോധനയില്‍ മൂന്നു നേര്‍ച്ചപ്പെട്ടികള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി. നേര്‍ച്ചപ്പെട്ടികള്‍ പള്ളിയുടെ പരിസരത്തു നിന്നാണ് കണ്ടെത്തിയത്. മൂന്നു നേര്‍ച്ചപ്പെട്ടികളില്‍ നിന്നുമായി 7000 രൂപ നഷ്ടപ്പെട്ടതായിട്ടാണ് നിഗമനം.
ചുങ്കം സെന്റ് മേരീസ് ഫൊറോന പള്ളിയിലെ തിരുസ്വരൂപത്തിനു സമീപമുള്ള നേര്‍ച്ചപ്പെട്ടിയും സമാനമായ രീതിയില്‍ തകര്‍ത്ത് പണം കവര്‍ന്നു. ഇടുക്കിയില്‍ നിന്നം ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്ത് എത്തി പരിശോധന നടത്തി. അതേ സമയം പോലീസ് കേസുകള്‍ പിടിക്കുന്നുണ്ടെങ്കിലും പ്രവര്‍ത്തനം കാര്യക്ഷമമല്ലായെന്ന ആരോപണം ശക്തമാണ്. അവധി ദിവസങ്ങളിലാണ് കൂടുതല്‍ മോഷണമെന്നതും ശ്രദ്ധേയമാണ്.
















