കോട്ടയം: സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളും ഈവര്‍ഷം ജനമൈത്രി ആകുമെന്ന് എഡിജിപി ഡോ. ബി.സന്ധ്യ പറഞ്ഞു. വര്‍ഗീയതയെയും ഭീകരവാദത്തെയും ചെറുക്കാന്‍ ജനങ്ങള്‍ പൊലീസിനൊപ്പം ചേരണമെന്നും അവര്‍ പറഞ്ഞു. റസിഡന്‍സ് അസോസിയേഷനുകളുടെ സഹായത്തോടെ ജില്ലാ പോലീസ് നടപ്പാക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതിയായ ‘പ്രത്യാശയുടെ’ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ഡോ. ബി.സന്ധ്യ.
തെരഞ്ഞെടുത്ത സ്റ്റേഷനുകള്‍ക്കാണ് ഇതുവരെ ജനമൈത്രി പദവി നല്‍കിയിരുന്നത്. ഇനി എല്ലാ പൊലീസ് സ്റ്റേഷനുകളെയും ജനമൈത്രിയാക്കാനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്.
സംസ്ഥാനത്തെ എല്ലാ സ്റ്റേഷനുകളും ജനമൈത്രിയാക്കുമ്പോള്‍ കുറഞ്ഞത് 5,000 പൊലീസുകാരെങ്കിലും അധികം വേണ്ടിവരും. പക്ഷേ, ഇന്നത്തെ സാഹചര്യത്തില്‍ അതുവരെ കാത്തിരിക്കാന്‍ കഴിയില്ല. സാമൂഹ്യ പരിസരം അത്രമാത്രം മലീമസമായിരിക്കുന്നു. കേരളം ദൈവത്തിന്റെ സ്വന്തംനാടെന്ന് പറഞ്ഞിട്ടു കാര്യമില്ല. സ്‌കൂളില്‍ പോലും വിദ്യാര്‍ത്ഥികള്‍ സുരക്ഷതിരാണെന്ന് എന്ത് ഉറപ്പാണ് അദ്ധ്യാപകര്‍ക്കുള്ളത്. വലിയ സാമൂഹ്യ വിപത്തിനെ നേരിടാന്‍ പോലീസ് സേന സജ്ജമാകേണ്ട കാലമാണിതെന്നും ബി.സന്ധ്യ പറഞ്ഞു.
ജില്ലാ പോലീസ് മേധാവി എന്‍.രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ‘തനുത്ര’ മൊബൈല്‍ ആപ്ളിക്കേഷന്റെയും പ്രത്യാശ കൈപ്പുസ്തകത്തിന്റെയും സമര്‍പ്പണം ചടങ്ങില്‍ ബി.സന്ധ്യ നിര്‍വഹിച്ചു. ഫാ.മൈക്കില്‍ വെട്ടിക്കാട്, എ.എസ്.പി കറുപ്പു സ്വാമി, ഡിവൈ.എസ്.പിമാരായ വി.അജിത്ത്, വി.ജി.വിനോദ് കുമാര്‍, എസ്.സുരേഷ് കുമാര്‍, കെ.എം സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.
















