മൂന്നാര്‍: ടൗണില്‍ തിരക്കേറിയ ഭാഗത്തു നിര്‍ത്തിയിട്ടിരുന്ന ജീപ്പും ബൈക്കും കൈയ്യടക്കിയ കടന്നല്‍ കൂട്ടം വാഹനയുടമകളെ ഏറെ നേരം വലച്ചു. മൂന്നാറില്‍ പച്ചക്കറി മാര്‍ക്കറ്റിന്റെ പ്രവേശന ഭാഗത്തു നിര്‍ത്തിയിട്ടിരുന്ന ജീപ്പാണ് കടന്നല്‍ക്കൂട്ടം കൈയ്യടക്കിയത്. കടന്നലുകള്‍ പോകുമെന്നു വിചാരിച്ച് ഏറെ നേരം കാത്തിരുന്ന ജീപ്പ് ഡ്രൈവറുടെ നിസ്സഹായവസ്ഥ കണ്ട് കടന്നലുകളെ ഓടിക്കാനുള്ള ചുമതല ചുമട്ടു തൊഴിലാളികള്‍ ഏറ്റെടുക്കുകയായിരുന്നു. ജീപ്പിന്റെ പല ഭാഗങ്ങളിലും ഇരുന്ന കടന്നലുകളെ തൊഴിലാളികള്‍ കൈകളില്‍ കോരിയെടുത്ത് ഇളക്കി വിടുകയായിരുന്നു. മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ വാഹനം ജീപ്പ് ഡ്രൈവര്‍ ചലിപ്പിച്ചു തുടങ്ങുകയായിരുന്നു. അപ്പോഴും ജീപ്പിലുണ്ടായിരുന്നവര്‍ കടന്നലുകള്‍ ഓടിക്കുന്ന തിരക്കിലായിരുന്നു. ജീപ്പില്‍ നിന്ന് ഇറങ്ങിയെങ്കിലും വാഹനത്തില്‍ തന്നെ തുടരുമെന്ന വാശിയില്‍ അടുത്തു നിന്ന ബൈക്കിലാണ് കടന്നലുകള്‍ ഇടം കണ്ടെത്തിയത്.
ബൈക്കില്‍ നിന്നും പോകാന്‍ കൂട്ടാക്കാതെ നിന്നതോടെ വീണ്ടും കുഴങ്ങിയത് ബൈക്ക് യാത്രികനായിരുന്നു. സന്ധ്യയായിട്ടും ഒഴിയാന്‍ കൂട്ടാക്കാതെ ബൈക്കില്‍ തന്നെ ഇരിപ്പുറപ്പിച്ച കടന്നലുകളെ കാണുവാന്‍ നിരവധി പേരാണ് എത്തിയത്.
















