മൂന്നാര്‍: ഇടമലക്കുടിയില്‍ നരബലി നടന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കാനിടയാക്കിയ സംഭവത്തില്‍ വ്യാജ പരാതി നല്‍കിയെ സംഘടനക്കെതിരെ കേസെടുത്തു. നാഷണല്‍ ഹ്യൂമന്‍ റൈറ്റ് ആന്റ് സോഷ്യല്‍ ജസ്റ്റിസ് കമ്മീഷന്‍ എന്ന സംഘടനയ്‌ക്കെതിരെയാണ് ഇന്നലെ രാത്രി മൂന്നാര്‍ പോലീസ് കേസ് രജസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇടമലക്കുടിയിലെ വനവാസികളായ മുതുവാന്‍ സമുദായത്തെ അപമാനിക്കുന്ന രീതിയില്‍ മാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിപ്പിക്കുവാന്‍ കാരണമായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഇടുക്കി എസ്പിയ്‌ക്ക് കെപിഎംഎസ് സംഘടനയുടെ ഭാരവാഹികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം കിംവദന്തി പ്രചരിപ്പിക്കുന്നതിനായുള്ള കേരള പോലീസ് ആക്റ്റ് 118 ബി പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
കഴിഞ്ഞ മെയ് 26 മുതല്‍ 28 വരെ തീയതികളിലാണ് സംഘടന ഇടമലക്കുടിയില്‍ സന്ദര്‍ശനം നടത്തിയത്. തുടര്‍ന്ന് ഇടമലക്കുടിയില്‍ കഴിഞ്ഞ എട്ടുമാസത്തിനുള്ളില്‍ 10 വയസ്സിനു താഴെയുള്ള 3 കുട്ടികളെ നരബലി കൊടുത്തുവെന്ന് ദേശീയ ശിശുസുരക്ഷാ വകുപ്പിന് പരാതി നല്‍കുകയായിരുന്നു. സംഭവം വിവാദമായതോടെ പോലീസിലെ വിവിധ വകുപ്പുകളും വനം വകുപ്പും പ്രത്യകം അന്വേഷണം നടത്തിയിരുന്നു. അന്വേഷണങ്ങളില്‍ അത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ഇടമലക്കുടിയിലെ ആദിവാസികള്‍ മോശമായി ചിത്രീകരിക്കപ്പെടുവാന്‍ ഇടയാക്കിയ സംഭവത്തില്‍ കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെപിഎംഎസ് സംഘടന മുന്നോട്ടു വന്നിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ പരിശോധനയ്‌ക്ക് ശേഷം സംഘടനാ ഭാരവാഹികളെയും കേസില്‍ പ്രതി ചേര്‍ക്കുമെന്ന് എസ്‌ഐ പി ജിതേഷ് പറഞ്ഞു.
















