പത്തനാപുരം: ക്ഷേത്രമുറ്റത്ത് കലാപത്തിന് വെല്ലുവിളിക്കുന്ന കടകംപള്ളി സുരേന്ദ്രനും പാര്‍ട്ടിയും ഹിന്ദുസമൂഹത്തോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണന്ന് വിഎച്ച്പി ജില്ലാ പ്രചാര്‍ പ്രമുഖ് സജീഷ് വടമണ്‍. പിണറായി സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധ നയങ്ങള്‍ക്കെതിരെ ഹിന്ദു ഐക്യവേദി പത്തനാപുരത്ത് സംഘടിപ്പിച്ച സായാഹ്നധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ജീവനക്കാര്‍ പൂക്കളമിടാന്‍ പാടില്ലെന്ന് തിട്ടൂരമിട്ട മുഖ്യമന്ത്രി ജോലിസമയത്ത് സംഘടനാപ്രവര്‍ത്തനം നടത്തുന്ന സഖാക്കളോട് മറ്റൊരു നിലപാട് സ്വീകരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഹൈന്ദവ തീര്‍ത്ഥാടനം അട്ടിമറിക്കാനും ശബരിമല ക്ഷേത്രത്തെ തകര്‍ക്കാനും പിണറായി വിജയന് നേരിട്ട് രംഗത്തെത്തി. ശബരിമലയില്‍ സ്ത്രീകള്‍ക്ക് നിരോധനമല്ല, നിയന്ത്രണമാണുള്ളതെന്ന് അറിഞ്ഞുകൊണ്ടുതന്നെ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നും പണം വാങ്ങിച്ച് ദര്‍ശനം നടത്തണമെന്നും മുഖ്യമന്ത്രി പറയുന്നു. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളില്‍ മാറ്റംവരുത്താന്‍ എകെജി സെന്ററിലെ സഖാക്കളല്ല തീരുമാനമെടുക്കേണ്ടത്. അതിന് ഈശ്വരവിശ്വാസികള്‍ക്കാണ് അവകാശമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പ്ലീനം കൂടി ഗണപതിഹോമവും വാസ്തുബലിയും വിവാഹ മരണാനന്തര ചടങ്ങുകളും നിരോധിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മറ്റ് മതസ്ഥരായ സഖാക്കള്‍ക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയില്ല എന്നതാണ് വൈരുധ്യം.
യോഗാ ദിനത്തില്‍ ഐകമത്യസൂക്തം കേട്ടപ്പോള്‍ ശൈലജ മന്ത്രിക്ക് അസഹിഷ്ണുത തോന്നിയതും ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ അട്ടിമറിക്കാന്‍ പി.ജയരാജന്റെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങളും ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണ്. നിലവിളക്കിനെതിരായ സുധാകരന്റെ ശാസനയും കാലടി സര്‍വകലാശാലയില്‍ ശങ്കരാചാര്യരുടെ പ്രതിമ പാടില്ലെന്ന ഇടതുശാഠ്യവും ആസൂത്രിതമാണ്.
ഗുരുദേവന്റെയും ചട്ടമ്പിസ്വാമികളുടെയും ചിന്തകളെ വക്രീകരിക്കുമ്പോള്‍ തന്നെ തിടമ്പുനൃത്തത്തെയും തെയ്യത്തെയും പാര്ട്ടിക്കാര് തെരുവില്‍ അപമാനിക്കുന്നു. ധര്‍ണ്ണയില്‍ ഐക്യവേദി ജില്ലാ പ്രസിഡന്റ് പി. ശശിധരന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു. ആര്.ശംഭു, വില്ലൂര്‍ സന്തോഷ്, ആനന്ദബാബു, ഗോപാലകൃഷ്ണന്, കവലയില്‍ മോഹനന്, കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















