തൃശൂര്‍: തൃശൂര്‍ കോര്പ്പറേഷന് 2014-15 വര്‍ഷത്തെ പദ്ധതി നടത്തിപ്പില്‍ വന്‍ ക്രമക്കേട്. ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ക്രമക്കേട് വ്യക്തമായത്. ഓഡിറ്റ് റിപ്പോര്‍ട്ട് കോര്പ്പറേഷന് കൗണ്‍സില്‍ അംഗീകരിക്കാത്തത് മൂലം നടപ്പ് സാമ്പത്തിക വര്‍ഷത്തെ പദ്ധതിക്ക് ഡിപിസി അംഗീകാരം ലഭിച്ചിട്ടില്ല. ഈ അംഗീകാരം ലഭിക്കാത്ത സംസ്ഥാനത്തെ ഏക കോര്പ്പറേഷന് തൃശൂരാണ്. അതേസമയം ക്രമക്കേടും അഴിമതിയും മൂടിവെക്കാനുള്ള ശ്രമമാണ് യുഡിഎഫും എല്‍ഡിഎഫും നടത്തുന്നത്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തെ കോടികളുടെ ക്രമക്കേടാണ് ഇപ്പോള്‍ വ്യക്തമായിട്ടുള്ളത്.
ആശ്രയ പദ്ധതി നടത്തിപ്പിലും ഹൈമാസ്റ്റ് വിളക്കുകള്‍ക്കുപകരം സിഎഫ്എല്‍ സ്ഥാപിച്ചതിലും വന്‍ക്രമക്കേട് നടന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സോഡിയം വേപ്പര്‍ വിളക്കുകള്‍ക്ക് പകരം സിഎഫ്എല്‍ സ്ഥാപിക്കുന്നതിനുവേണ്ടി ടെണ്ടര്‍ നല്‍കിയത് ഏറ്റവും കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത കമ്പനിക്കായിരുന്നില്ല. കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ മൂന്ന് കമ്പനികളെ തഴഞ്ഞ് അതിനേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ ഒരു സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കുകയായിരുന്നു.
ഇതുവഴി 25ലക്ഷത്തിലേറെ രൂപ നഷ്ടമായിട്ടുണ്ട്. ക്രോംപ്റ്റന്‍ ഗ്രീവ്സ് ഉള്‍പ്പടെയുള്ള കമ്പനികളെ തഴഞ്ഞാണ് ടെണ്ടര്‍ ഉയര്‍ന്ന നിരക്കില്‍ സാങ്കേതിക മികവില്ലാത്ത കമ്പനിക്ക് നല്‍കിയത്. ഇവര്‍ വിതരണം ചെയ്ത ബള്‍ബുകള്‍ നിലവാരമില്ലാത്തതായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. കോള്‍പ്പടവുകളില്‍ പമ്പുസെറ്റ് വെച്ചതായി കണക്കുകളില്‍ കാണുന്നുണ്ടെങ്കിലും ഈ പമ്പുസെറ്റുകളും കാണുന്നില്ല. ലക്ഷക്കണക്കിന് രൂപയാണ് ഈയിനത്തില്‍ കൊള്ളയടിച്ചിട്ടുള്ളത്. ആശ്രയ പദ്ധതി നടത്തിപ്പിനായി സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചതിലൂടെ മുന്‍ ഭരണസമിതി ലക്ഷങ്ങളുടെ അഴിമതിക്ക് കളമൊരുക്കുകയായിരുന്നു. ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് കോര്പ്പറേഷന് കൗണ്‍സില്‍ അടുത്തദിവസം ചര്‍ച്ച ചെയ്യും. കൗണ്‍സില്‍ ഈ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് അംഗീകരിച്ചാല്‍ മാത്രമെ നടപ്പുവര്‍ഷത്തെ പദ്ധതിയുമായി മുന്നോട്ട് പോകാനാകൂ. അതുകൊണ്ടുതന്നെ അഴിമതി മൂടിവെച്ച് ഒത്തുതീര്‍പ്പുണ്ടാക്കി മുന്നോട്ടുപോകാനുള്ള ശ്രമമാണ് എല്‍ഡിഎഫും യുഡിഎഫും നടത്തുന്നത്.
കുടിവെള്ളം, നിര്‍മ്മാണ പ്രവൃത്തികള്‍ എന്നിവയിലുള്‍പ്പെടെ കോടികളുടെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി കോര്പ്പറേഷന് 2014-15 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് വെള്ളിയാഴ്ച ഓഡിറ്റ് കമ്മിറ്റി ചര്‍ച്ച ചെയ്തു. ഏറെ ആരോപണ വിവാദമായ കുടിവെള്ളത്തിലെ അഴിമതി, ഓഡിറ്റ് റിപ്പോര്‍ട്ടിലും ചൂണ്ടിക്കാണിച്ചിരിക്കുന്നു.
കുടിവെള്ള വിതരണത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ചെറുകിട കുടിവെള്ള പദ്ധതികള്‍ ഉള്‍പ്പെടെ നടപ്പിലാക്കിയിട്ടും ആറ് കോടി രൂപയാണ് ചിലവിട്ടിരിക്കുന്നത്.
ശക്തന് നഗറിലെ മല്‍സ്യ-മാംസ മാര്‍ക്കറ്റിലെ കംഫര്‍ട്ട് സ്റ്റേഷന് നിര്‍മ്മാണം കഴിഞ്ഞിട്ടും ബാക്കി തുകയെ സംബന്ധിച്ച് വ്യക്തമാക്കിയിട്ടില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. ആശ്രയ പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി എന്നിവ സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചതിലൂടെ യു.ഡി.എഫ് ഭരണസമിതി ലക്ഷങ്ങളുടെ അഴിമതിക്ക് കളമൊരുക്കുകയായിരുന്നു. ദിവാന്‍ജിമൂല മേല്‍പ്പാല നിര്‍മ്മാണത്തിന് റെയില്‍വേക്ക് 6.33 കോടി കെട്ടിവെച്ച്, പ്രവൃത്തി നടപ്പിലാക്കാനെടുത്ത കാലതാമസത്തെയും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: