ഇടുക്കി: ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ക്കെതിരെ സമരം ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി. എക്‌സൈസ് അസോസിയേഷന്‍ മുന്‍ സെക്രട്ടറിയും സിവില്‍ എക്‌സൈസ് ഓഫീസറുമായിരുന്ന കെ യു കുര്യനെയാണ് വയനാട്ടിലേക്ക് സ്ഥലമാറ്റിയത്. ഇത് സംബന്ധിച്ച ഉത്തരവ് കമ്മീഷണറുടെ ഓഫീസില്‍ നിന്നും ബുധനാഴ്ചയാണ് ജില്ലയിലെത്തിയത്. നിലവില്‍ കമ്പംമെട്ട് ചെക്ക്‌പോസ്റ്റില്‍ ജോലിചെയ്യുന്ന കുര്യനെ ജില്ലയ്‌ക്ക് വെളിയിലേക്ക് പണിഷ്‌മെന്റ് ആയാണ് സ്ഥലമാറ്റിയിരിക്കുന്നത്. ആറുമാസം മുന്‍പ് ഇയാളുടെ നേതൃത്വത്തിലുള്ള അസോസിയേഷന്‍ അംഗങ്ങള്‍ ഡെപ്യൂട്ടി കമ്മീഷണര്‍ കെ എ നെല്‍സണെതിരെ അപവാദ പ്രചരണം നടത്തുകയും പോസ്റ്റര്‍ ഒട്ടിക്കുകയും ചെയ്തിരുന്നു. അന്ന് തൊടപുഴ ജില്ലാ എക്‌സൈസ് ഓഫീസിലായിരുന്നു ഈ ഉദ്യോഗസ്ഥന്‍ ജോലി നോക്കിയിരുന്നത്. സംഭവത്തില്‍ അന്ന് തന്നെ ഡി സി മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കലും ഭരണ സ്വാധീനത്തില്‍ സ്ഥലമാറ്റം തടയുകയായിരുന്നു. ഭരണം മാറി വന്നതോടെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി ഉദ്യോഗസ്ഥന്‍ തെറിച്ചത്. മറ്റ് ചില ഉദ്യോഗസ്ഥര്‍ക്കെതിരെയും സംഭവത്തില്‍ അന്വേഷണം നടക്കുന്നതായാണ് വിവരം.
















