ആലപ്പുഴ: ഭാരതത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളുടെ ഭാഗമായ ആലപ്പുഴ തീരത്ത് തിരിച്ചറിയല്‍ കാര്‍ഡുകള്‍ പോലുമില്ലാതെ അന്യസംസ്ഥാനക്കാര്‍ താമസിക്കുന്നത് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു. കൃത്യമായ തിരിച്ചറിയല്‍ രേഖയില്ലാത്തതിനാല്‍ പലരും മൊബൈല്‍ കണക്ഷന്‍ സ്വന്തമാക്കുന്നത് മലയാളികളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച്. ഇതരസംസ്ഥാനക്കാരുടെ കൃത്യമായ വിവരം ശേഖരിക്കുന്നതില്‍ പോലിസ് കടുത്ത അനാസ്ഥ കാട്ടുന്നു.
ആലപ്പുഴയിലെ തീരദേശഗ്രാമങ്ങളില്‍ ആയിരക്കണക്കിന് ഇതരസംസ്ഥാനക്കാരാണ് ഇപ്പോള്‍ താമസിക്കുന്നത്. ഇതില്‍ പലരുടെയും പക്കല്‍ വ്യക്തമായ തിരിച്ചറിയല്‍ രേഖകളില്ലാത്തത് ദുരൂഹത ഉയര്‍ത്തുന്നു. നിലവിലുള്ള തിരിച്ചറിയല്‍ രേഖകള്‍ പലതും വ്യാജമാണെന്നും ആക്ഷപമുണ്ട്. എന്നാല്‍ ഇവ പരിശോധിക്കാന്‍ യാതൊരു സംവിധാനവും ഇല്ല.
പല ഇതരസംസ്ഥാനക്കാരും മൊബൈല്‍ ഫോണ്‍ കണക്ഷനായി മലയാളികളുടെ തിരിച്ചറിയല്‍ രേഖകളാണ് ഉപയോഗിക്കുന്നത്. ചില കമ്പനികള്‍ ഇതരസംസ്ഥാനങ്ങളിലെ തിരിച്ചറിയല്‍ രേഖകള്‍ നല്‍കിയാല്‍ കണക്ഷന്‍ നല്‍കാന്‍ മടിക്കുമ്പോള്‍ ചില കടക്കാരും മൊബൈല്‍ കമ്പനിയും ചേര്‍ന്ന് ആവശ്യക്കാര്‍ വിളിച്ചുപറയുന്നതനുസരിച്ച് സിംകാര്‍ഡുകള്‍ ഇവരുടെ താമസ സ്ഥലത്ത് എത്തിച്ചുനല്‍കുന്നു.
ഇതരസംസ്ഥാനക്കാരെ സംബന്ധിക്കുന്ന വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ പോലിസും തൊഴില്‍ വകുപ്പും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. നേരിട്ട് പോലീസില്‍ എത്തിക്കുന്ന രേഖകള്‍ ശേഖരിക്കുന്നതൊഴിച്ചാല്‍ തീരത്ത് എത്ര അന്യദേശക്കാര്‍ ഉണ്ടെന്നത് സംബന്ധിച്ച് പോലിസിന് കൃത്യമായ അറിവില്ല.
കായംകുളം താപനിലയമുള്‍പ്പെടെയുള്ള അതീവ സുരക്ഷ ആവശ്യമായ പ്രദേശങ്ങള്‍ക്ക് അരികിലായാണ് വന്‍തോതില്‍ ഇതരസംസ്ഥാനക്കാര്‍ തമ്പടിച്ചിരിക്കുന്നതെന്നും സുരക്ഷ ശക്തമാക്കേണ്ടതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. തന്ത്രപ്രധാനമായ കൊച്ചി തുറമുഖത്ത് കടല്‍ മാര്‍ഗവും കായല്‍ മാര്‍ഗവും എത്താന്‍ ആലപ്പുഴയില്‍ നിന്നു കഴിയുമെന്നതും ഗൗരവമേറിയതാണ്. നാട്ടില്‍ അന്യസംസ്ഥാനക്കാര്‍ ഉള്‍പ്പെടുന്ന എന്തെങ്കിലും കുറ്റകൃത്യമുണ്ടാകുമ്പോള്‍ മാത്രമെ പോലീസ് ജാഗ്രത കാട്ടാറുള്ളു.
















