കൊല്ലം: നവംബര്‍ ഒന്നിന് നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തില്‍ 16 ചുണ്ടന്‍വള്ളങ്ങള്‍ മാറ്റുരക്കുമെന്ന് ജലോത്സവത്തിന്റെ റേസ് കമ്മിറ്റി അറിയിച്ചു. ചുണ്ടന്‍വള്ളങ്ങള്‍ക്ക് പുറമേ വെപ്പ്, ഇരുട്ടുകുത്തി എ-ബി ഗ്രേഡുകളിലായി നാലു വീതം വള്ളങ്ങളും വനിതകള്‍ തുഴയുന്ന തെക്കനോടി വള്ളങ്ങളും മത്സരത്തിനുണ്ടാകും. കേരളത്തിന്റെ ചരിത്രവും പാരമ്പര്യവും സാമൂഹിക പ്രസക്തമായ വിഷയങ്ങളും വിളിച്ചോതുന്ന അലങ്കാര വളളങ്ങളും എ, ബി ഗ്രേഡുകളിലായി മത്സരിക്കും.
മൊത്തം അമ്പതോളം വളളങ്ങള്‍ പ്രസിഡന്റ്‌സ് ട്രോഫിയില്‍ മാറ്റുരയ്‌ക്കുമെന്ന് റേസ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് പറഞ്ഞു. ജലോത്സവ നടത്തിപ്പിലെ പ്രായോഗികകാര്യങ്ങള്‍ ബോട്ട് ഓണേഴ്‌സ് അസോസിയോഷന്‍ പ്രസിഡന്റ് കൂടിയായ ആര്‍.കെ.കുറുപ്പ് വിശദീകരിച്ചു. വള്ളംകളിയുടെ ഒന്നാം ട്രാക്ക് അടിയന്തരമായി ഡ്രഡ്ജ് ചെയ്യേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി. അതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ ഇന്‍ലാന്റ് നാവിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. ക്യാപ്റ്റിയന്‍സ് ക്ലിനിക്കും, കളിവള്ളങ്ങളുടെ ജോഡി തിരിച്ചുളള നറുക്കിടീലും 25ന് നടത്താനും യോഗം തീരുമാനിച്ചു. എന്‍.കെ.പ്രേമചന്ദ്രന്‍ എംപി, എം.നൗഷാദ് എംഎല്‍എ, കെ.കരുണാകരന്‍പിള്ള, എക്‌സ്.ഏണസ്റ്റ്, അഡ്വ ഫിലിപ്പ് കെ.തോമസ്, എസിപി റെക്‌സ് ബോബി അര്‍വിന്‍, അഡ്വ.ജി.ഗോപകുമാര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.ജയ, അഡ്വ.ടി.സി.വിജയന്‍, ബെയ്‌സിന്‍ലാല്‍, കുരീപ്പുഴ മോഹന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ കെ രാജ്കുമാര്‍, ഡിടിപിസി സെക്രട്ടറി കെ.പ്രസാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
















