കരുനാഗപ്പള്ളി: ഹൈന്ദവമായ എല്ലാ അചാര പദ്ധതികളെയും എതിര്‍ക്കുന്ന കേരളസര്‍ക്കാരും ഇടതുപക്ഷവും തീവ്രവാദസംഘടനകള്‍ക്കും, ഗ്രൂപ്പുകള്‍ക്കും ഒത്താശ ചെയ്യുന്ന നയമാണ് പിന്തുടരുന്നതെന്ന് ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ സെക്രട്ടി ആര്‍.ഗോപാലകൃഷ്ണന്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധ നയങ്ങള്‍ക്കെതിരെ കരുനാഗപ്പള്ളിയില്‍ നടത്തിയ സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹൈന്ദവഐക്യത്തെ ഇല്ലാതാക്കി അരാജകത്വം സൃഷ്ടിക്കാനാണ് സര്‍ക്കാരും ഇടതുപക്ഷവും ശ്രമിക്കുന്നത്. അതുകൊണ്ടാണ് പൂക്കളത്തിനും, നിലവിളക്കിനും എതിരെ അവര്‍ പ്രവര്‍ത്തിക്കുന്നത്. നിരീശ്വരവാദം പറയുന്നവര്‍ ക്ഷേത്രങ്ങള്‍ പിടിച്ചടക്കാന്‍ ശ്രമിക്കുന്നു. ഇവര്‍ പാര്‍ട്ടിസമ്മേളന നഗരിയില്‍ മറ്റു മതക്കാര്‍ക്ക് നിസ്‌കരിക്കാന്‍ സൗകര്യം ഒരുക്കുന്നു. നോമ്പുകാലങ്ങളില്‍ മലബാറില്‍ ഉച്ചകഞ്ഞി പോലും സ്‌കൂളുകളില്‍ നിന്നും ഒഴിവാക്കുന്നു. ഇത്തരം നടപടികളില്‍ കൂടി സംഘടിത മതവിഭാഗങ്ങളെ പ്രീണിപ്പിക്കാനാണ് ശ്രമം. അതുകൊണ്ടാണു യാക്കൂബ് മേമനേയും അഫ്‌സല്‍ ഗുരുവിനേയും, ഗോവിന്ദ ചാമിമാരേയും സംരക്ഷിക്കാന്‍ ഇവര്‍ തയ്യാറാകുന്നത്. വിപ്ലവ പ്രസ്ഥാനങ്ങളുടെ ഈറ്റില്ലമെന്ന് പറയുന്ന പാനൂരില്‍ നിന്നും ഐഎസ് ഭീകരരെ ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് പിടിക്കാന്‍ ഇടയായത് പിണറായി സര്‍ക്കാര്‍ അവര്‍ക്ക് പിന്തുണ നല്‍കിയതുകൊണ്ടാണ്. സര്‍ക്കാര്‍ തീവ്രവാദികളോട് മൃദുസമീപനം എടുക്കുമ്പോള്‍ ഹൈന്ദവ ധര്‍മ്മത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ഇതിനെ ഹെന്ദവസമൂഹം ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി ഓച്ചിറ രവികുമാര്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ജില്ലാബൗദ്ധിക്ക് പ്രമുഖ് രാജേഷ് മുഖ്യപ്രഭാഷണം നടത്തി. വാസുദേവന്‍നായര്‍, പ്രൊഫ.കെ.രാഘവന്‍നായര്‍, വിജയകുമാര്‍, മണിമോഹന്‍, സന്തോഷ്, അനില്‍, പി.രാജേന്ദ്രന്‍, രമണന്‍, ജി.പി.വേണു, രവികുമാര്‍ എന്നിവര്‍ സംസാരിച്ചു.
















