ചെന്നൈ: ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ ചികിത്സയ്‌ക്കായി ഒാള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്ന് മൂന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ എത്തി. ഇനി ഇവരുടെ നീരിക്ഷണത്തിലായിരിക്കും ജയലളിത.
എയിംസിലെ ശ്വാസകോശ രോഗ വിദഗ്ധന്‍ ഡോ: ജി.സി ഖില്‍നാനി, ഹൃദ്രോഗ വിദഗ്ധന്‍ ഡോ. നിതീഷ് നായിക് അനസ്‌തേഷിയ വിദഗ്ധന്‍ അഞ്ജന്‍ തൃഖ എന്നിവരാണ് ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തിയത്. ഒരു ഡോക്ടര്‍ ഇന്നലെ തന്നെ അപ്പോളോ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ലെന്ന് തന്നെയാണ് ആശുപത്രിയില്‍ നി്ന്നുള്ള വിവരം.
പനിയും നിര്‍ജലീകരണവും ബാധിച്ച് കഴിഞ്ഞ മാസം 22നാണ് ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ജയലളിതയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പുകളിറക്കിയിരുന്നു. എന്നാല്‍ എന്ത് രോഗമാണെന്നോ ഏത് തരത്തിലുള്ള ചികിത്സയാണ് മുഖ്യമന്ത്രിക്ക് നല്‍കുന്നതെന്ന് അതില്‍ വ്യക്തമാക്കിയിരുന്നില്ല.
















