ന്യൂദല്‍ഹി: സൈനിക നടപടിയുടെ വീഡിയോ പുറത്ത് വിടണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യത്തെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ സൈനിക മേധാവികള്‍. മൂന്ന് മുന്‍ സൈനിക മേധാവികളാണ് കോണ്‍ഗ്രസ്സിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും നിലപാടുകള്‍ക്കെതിരെ രംഗത്തെത്തിയത്.
സൈനിക നടപടിക്ക് തെളിവ് ചോദിക്കുന്നത് വിഢിത്തമാണെന്ന് മുന്‍ സൈനിക മേധാവി ജനറല്‍ വി.പി. മാലിക് പറഞ്ഞു. രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആവശ്യം അത്ഭുതപ്പെടുത്തിയതായും ചില വിഡ്ഢികള്‍ ആവശ്യപ്പെടുന്നു എന്നതിനാല്‍ വീഡിയോ പുറത്ത്‌വിടരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സൈന്യത്തിന്റെ വാക്കുകള്‍ സംശയിക്കേണ്ട സാഹചര്യമില്ലെന്ന് ജനറല്‍ ജെ.ജെ. സിംഗ് വ്യക്തമാക്കി. സൈന്യത്തിന്റെ നടപടി അഭിമാനമുണ്ടാക്കുന്നതാണ്. മിന്നലാക്രമണത്തിന് തെളിവ് ചോദിക്കുന്നവര്‍ വിഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത്. പാക് മാധ്യമങ്ങള്‍ പറയുന്നത് നമ്മള്‍ വിശ്വസിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ രഹസ്യങ്ങള്‍ പരസ്യപ്പെടുത്തേണ്ടതില്ലെന്ന് ജനറല്‍ ശങ്കര്‍ റോയ് വ്യക്തമാക്കി. കമാണ്ടോ ഓപ്പറേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് പാക്കിസ്ഥാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാവിയിലെ സൈനിക നടപടികളെ വീഡിയോ പുറത്ത് വിടുന്നത് പ്രതികൂലമായി ബാധിക്കുമെന്ന് അതിര്‍ത്തി രക്ഷാ സേന മുന്‍ ഐജിയും മുന്നറിയിപ്പ് നല്‍കി.
















