ന്യൂദല്‍ഹി: ജലവിഭവ മേഖലയില്‍ സഹകരിക്കുന്നതിന് ഭാരതവും യൂറോപ്യന്‍ യൂണിയനും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പിടാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ശാസ്ത്ര, സാങ്കേതിക, മാനേജ്‌മെന്റ് ശേഷി വര്‍ദ്ധിപ്പിക്കാനാണ് ധാരണാപത്രം.
ദല്‍ഹിയില്‍ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രണ്ട് ഏക്കര്‍ സ്ഥലം വെറ്റിനറി കൗസില്‍ ഓഫ് ഇന്ത്യയ്‌ക്ക് 99 വര്‍ഷത്തേയ്‌ക്ക് പാട്ടത്തിന് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ചതുരശ്ര മീറ്ററിന് ഒരു രൂപ നിരക്കില്‍ മൊത്തം 8,01,278 രൂപയായിരിക്കും പ്രതിവര്‍ഷ പാട്ടം.
ഗ്രാമ വികസന രംഗത്ത് ഭാരതവും ആഫ്രിക്കന്‍ ഏഷ്യന്‍ ഗ്രാമവികസന സംഘടനയും തമ്മില്‍ സഹകരിക്കാന്‍ ധാരണാപത്രത്തിലേര്‍പ്പെടും.
തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലുള്ള ചെങ്കല്‍പേട്ടില്‍ മെഡിപാര്‍ക്ക് സ്ഥാപിക്കാന്‍ പൊതുമേഖലാ സ്ഥാപനമായ ഹെച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിന് 330.10 ഏക്കര്‍ സ്ഥലം പാട്ടത്തിന് നല്‍കും. രാജ്യത്ത് മെഡിക്കല്‍ സാങ്കേതികവിദ്യാ രംഗത്തെ ആദ്യ നിര്‍മ്മാണ ക്ലസ്റ്ററായിരിക്കും മെഡിപാര്‍ക്ക് പദ്ധതി.
















