ആഗ്ര: മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് എഴുപതു വയസ്സുള്ള സഫര്‍ അലിയും കുടുംബവും ദസറയ്‌ക്ക് രാംലീല കോലങ്ങളുണ്ടാക്കുന്നത്. നാലു തലമുറകളായി തുടരുന്ന പാരമ്പര്യം. സഫര്‍ അലിയ്‌ക്ക് വലതു കൈയില്ല. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ദസറയ്‌ക്ക് കോലം കത്തിക്കുമ്പോള്‍ നഷ്ടപ്പെട്ടതാണ് കൈ.
ശ്രീരാമഭഗവാന് കോലമൊരുക്കുമ്പോള്‍ കൈ നഷ്ടപ്പെട്ടതൊന്നും തനിക്കൊരു നഷ്ടമേയല്ലെന്നു പറയുന്നു അലി. പ്രസിദ്ധമായ ആഗ്ര രാംലീല നല്‍കിയ പ്രശസ്തിയിലും അംഗീകാരത്തിലും അളവറ്റു സന്തോഷിക്കുകയാണ് അലിയുടെ കുടുംബം. രാംലീല കോലങ്ങള്‍ കത്തിക്കുന്നതിന് സാക്ഷിയാകാന്‍ ലക്ഷക്കണക്കിന് ആളുകളാണ് രാംലീല ഗ്രൗണ്ടിലെ ഹനുമാന്‍ ക്ഷത്രത്തിലെത്താറുള്ളത്.
തിന്മയ്‌ക്കു മീതെ നന്മയുടെ വിജയത്തിന്റെ പ്രതീകമാകുന്ന രാംലീല ആഘോഷം പകരുന്ന സന്തോഷം കുറച്ചൊന്നുമല്ലെന്നും അലി ഓര്‍ക്കുന്നു. അലിയുടെ ബന്ധുക്കള്‍ ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലെല്ലാം രാംലീലയ്‌ക്കുള്ള പാവകള്‍ നിര്‍മ്മിക്കുന്ന തിരക്കിലാണ്.
















