കുമളി: വണ്ടിപ്പെരിയാര്‍ വാളാര്‍ഡിയില്‍ വീണ്ടും കുരങ്ങിന്റെ ആക്രമണത്തില്‍ എസ്റ്റേറ്റ് മാനേജര്‍ക്ക് പരുക്കേറ്റു. തദ്ദേശവാസിയും തോണ്ടിയര്‍ എസ്റ്റേറ്റ് മാനേജരുമായ എം സി മാത്യു(61)നാണ് ഇന്നലെ കരിങ്കുരങ്ങ് വിഭാഗത്തില്‍പ്പെടുന്ന വന്യജീവിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഇതേ മൃഗത്തിന്റെ ആക്രമണത്തില്‍ മറ്റൊരു ജീവനക്കാരന് പരിക്കേറ്റിരുന്നു. പശ്ചിമ ഘട്ട മലനിരകളില്‍ കാണപ്പെടുന്നതും വംശ നാശ ഭീഷണി നേരിടുന്ന വിഭാഗത്തില്‍പ്പെടുന്ന വന്യജീവിയുമാണ് ആക്രമണം നടത്തിയത്. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 25 പേര്‍ സ്ഥലത്തു തമ്പടിച്ച് കുരങ്ങിനെ പിടിക്കാന്‍ ശ്രമിച്ചു വരുന്നു. കുരങ്ങിനെ മയക്കുവെടി വച്ച് പിടിക്കൂടി കൂടുതല്‍ പരിശോധനക്ക് വിധേയമാക്കാന്‍ കോന്നിയില്‍ നിന്നുള്ള വനം വകുപ്പ് ഡോക്ടറും സ്ഥലത്ത് എത്തിയിട്ടുണ്ട്. മുന്‍പ് ഇതിനായി പ്രത്യേകം കൂട് തയാറാക്കിയിരുന്നെങ്കിലും ഇതില്‍ വീണിരുന്നില്ല .തോട്ടം തൊഴിലാളികളുടെ ശക്തമായ പ്രധിഷേധത്തെ തുടര്‍ന്നാണ് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ മയക്കുവെടി വച്ച് പിടികൂടാന്‍ ഉത്തരവിട്ടത്.
















