തൃശൂര്‍: നിരവധിപേരെ പറ്റിച്ച് പണം തട്ടിയെടുത്ത യുവാവിനെ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ നെല്ലുവായ് കളത്തുപുരത്ത് വീട്ടില്‍ കണ്ണന് എന്ന സനീഷ്(27) ആണ് അറസ്റ്റിലായത്. നിരവധി ടെമ്പോ, കാര്‍, ടാക്സി ഡ്രൈവര്‍മാര്‍, പെട്ടി ഓട്ടോറിക്ഷക്കാര്‍, കയറ്റിറക്കു തൊഴിലാളികള്‍, അന്യസംസ്ഥാനക്കാരായ കെട്ടിട നിര്‍മാണ തൊഴിലാളികള്‍ എന്നിവരെയാണ് പറ്റിച്ചത്. കഴിഞ്ഞ മാസം തൃശൂര്‍ തിരൂര്‍ ടാക്സി സ്റ്റാന്‍ഡിലെ ടെമ്പോ ട്രാവലര്‍ ടാക്സി ഡ്രൈവറായ രവീന്ദ്രനില്‍ നിന്നും പണം വാങ്ങിയ ശേഷം സനീഷ് ബൈക്കില്‍ കടന്നുകളയുകയായിരുന്നു. ഈ കേസിന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ സമാനമായ നിരവധി പരാതികള്‍ പോലീസിന് ലഭിക്കുകയും തുടര്‍ന്ന് ഇയാളെ പിടികൂടുകയുമായിരുന്നു.
ഒരേ തട്ടിപ്പിന് പല രീതികളാണ് ഇയാള്‍ ഉപയോഗിക്കുന്നത്. ബൈക്കില്‍ വന്ന് ടാക്സി സ്റ്റാന്‍ഡിലിറങ്ങി ടെമ്പോയും കാറും വാടകയ്ക്ക് വിളിക്കുകയും ദൂരെ ദിക്കുകളിലേക്കാണ് പോകേണ്ടതെന്ന് പറയുകയും ചെയ്തുകൊണ്ടാണ് ഇയാളുടെ തട്ടിപ്പ് തുടങ്ങുന്നത്. ബൈക്കിന്റെ പിന്നാലെ വരണമെന്നും പറയും.
കുറച്ചുദൂരം പോയിക്കഴിയുമ്പോള്‍ വലിയ കടകളുടെ മുന്നില്‍ ബൈക്ക് നിര്‍ത്തുകയും കടക്കാരനുമായി സംസാരിച്ച ശേഷം ഡ്രൈവറുടെ അടുത്തെത്തി കുറച്ചു സാധനങ്ങള്‍ ഇവിടെ ഓര്‍ഡര്‍ ചെയ്തിരുന്നുവെന്നും വീട്ടില്‍ നിന്ന് കൊണ്ടുവന്ന പണം തികയുന്നില്ലെന്നും കുറച്ചുരൂപ കടം തരണമെന്ന് ആവശ്യപ്പെടുകയും ചെയ്യും. പണം വീട്ടിലെത്തിയാല്‍ മടക്കി നല്‍കാമെന്നും വാഗ്ദാനം നല്‍കും. ഡ്രൈവര്‍ പണം നല്കിയാല് ഡ്രൈവറുടെ കണ്ണുവെട്ടിച്ച് ബൈക്കില്‍ കടന്നു കളയുകയാണ് തട്ടിപ്പിന്റെ രീതി.
അന്യസംസ്ഥാനക്കാരെ തട്ടിപ്പനിരയാക്കുമ്പോള് അവര്‍ രാവിലെ ജോലിക്ക് കാത്തുനില്ക്കുന്ന സ്ഥലത്തെത്തി ഒരു പണിക്കാരനെ സിമന്റു പണിക്കാവശ്യമുണ്ടെന്ന്് പറഞ്ഞ് തൊഴിലാളിയെ കൂടെ കയറ്റിക്കൊണ്ടുപോവുകയും സിമന്റ് കടയുടേയും കെട്ടിടനിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടയുടെ മുന്നിലോ എത്തിയാല്‍ സാധനങ്ങള്‍ വാങ്ങാനുണ്ടെന്നും കുറച്ചുപൈസയേ കയ്യിലുള്ളുവെന്നും പറഞ്ഞ് സ്ഥിരം തട്ടിപ്പ് നടത്തും. പണിസ്ഥലത്തെത്തിയാല് പണം തരാമെന്നായിരിക്കും വാഗ്ദാനം. തൊഴിലാളിയെ കടയുടെ മുന്നില്‍ നിര്‍ത്തി സൂത്രത്തില്‍ കടന്നുകളയുകയാണ് പതിവ്. കയറ്റിറക്കു തൊഴിലാളികളോട് ചെറിയ ലോഡിറക്കാനുണ്ടെന്ന് പറഞ്ഞ് ഒരാളെ ബൈക്കില്‍ കൊണ്ടുപോയാരുന്നു തട്ടിപ്പ്.
ആക്രിക്കച്ചവടക്കാരനോട് ഏതെങ്കിലും വലിയ വീടിന്റെ മുന്നില്‍ നിന്ന് ആ വീട്ടിലെ സാധനങ്ങള്‍ ചൂണ്ടിക്കാണിച്ച് വില ഉറപ്പിക്കുകയും പണം വാങ്ങുകയും ചെയ്യും. ആക്രി കച്ചവടക്കാര്‍ വീട്ടിലേക്ക് കടക്കുമ്പോള്‍ ഇയാള്‍ തന്ത്രപൂര്‍വം രക്ഷപ്പെടുകയും ആക്രിക്കച്ചവടക്കാരെ വീടിന്റെ ഉടമസ്ഥര്‍ പിടികൂടി പ്രശ്നങ്ങളുണ്ടാവുകയും ചെയ്യാറുണ്ട്.
തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലായി മണ്ണുത്തി, വിയ്യൂര്‍, പൂങ്കുന്നം, ഗുരുവായൂര്‍, ശക്തന് സ്റ്റാന്‍ഡ്, കിഴക്കേകോട്ട, വടക്കാഞ്ചേരി, അയ്യന്തോള്‍, ഒളരി, ഒല്ലൂര്‍, പന്നിത്തടം, നടത്തറ, പെരുമ്പിലാവ്, ഷൊര്‍ണൂര്‍, പട്ടാമ്പി, ഒറ്റപ്പാലം, ചങ്ങരംകുളം, കുറ്റിപ്പുറം എന്നിവിടങ്ങളില്‍ നിന്നായി എഴുപതോളം പേരെ ഇത്തരത്തില്‍ പറ്റിച്ച് പണം തട്ടിയെടുത്തതായി ഇയാള്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
തട്ടിപ്പിനായി യാത്ര ചെയ്തിരുന്ന ബൈക്കിന്റെ രജിസ്ട്രേഷന് നമ്പര്‍ തെറ്റായിരുന്നതിനാല്‍ പോലീസിന് പിടികൂടാനായിരുന്നില്ല. ഷാഡോ പോലീസ് ഇയാളുടെ ബൈക്കും കണ്ടെത്തിയിട്ടുണ്ട്. ഇത് പെരുമ്പിലാവിനടുത്തുള്ള പമ്പിനു സമീപത്തു നിന്നും മോഷ്ടിച്ചതാണത്രെ. നേരത്തെയും തട്ടിപ്പു കേസുകളില്‍ ഇയാള്‍ പ്രതിയാണ്. മദ്യം വാങ്ങാനും മറ്റുമാണ് തട്ടിപ്പുനടത്തി കിട്ടുന്ന പണം ഉപയോഗിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: