കൊല്ലം: മാലയില്‍ മലപ്പത്തൂര്‍ സമരത്തിന് ആശ്വാസമേകികൊണ്ട് പുനലൂര്‍ ഡിഎഫ്ഒയുടെ പഴയ റിപ്പോര്‍ട്ടില്‍ മാറ്റം വന്നു.
കെഎഫ്ആര്‍ഐ വന്യജീവി വിഭാഗം ശാസ്ത്രജ്ഞന്മാരുടെ വിദഗ്ദ അഭിപ്രായം കൂടി പരിഗണിക്കണമെന്ന് പുതിയ റിപ്പോര്‍ട്ട്. പഴയ റിപ്പോര്‍ട്ടില്‍ പുനലൂര്‍ ഡി.എഫ്.ഒ മാലയില്‍ മലപ്പത്തൂര്‍ പ്രദേശങ്ങളില്‍ മയിലുകള്‍ പലപ്പോഴായി വന്നുപോകാറുള്ളതല്ലാതെ അവയുടെയോ മറ്റ് വന്യമൃഗങ്ങളുടെയോ സ്ഥിരമായ ആവാസകേന്ദ്രമായി പ്രദേശത്തെ കണക്കാക്കാന്‍ കഴിയില്ലായെന്നും അവയുടെ ആവാസത്തിന് കോട്ടം തട്ടുന്ന തരത്തിലുളള തടസ്സങ്ങളൊന്നും ക്രഷര്‍യൂണിറ്റിന്റെ പ്രവര്‍ത്തനം മൂലം നിലവിലുണ്ടെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടില്ലായെന്നും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പഴയ റിപ്പോര്‍ട്ടിനെ അസാധുവാക്കി പുനലൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ സെപ്റ്റംബര്‍ 24ന് കൊല്ലം ജില്ലാ കളക്ടര്‍ക്ക് പുനര്‍റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നു.
ഈ റിപ്പോര്‍ട്ടില്‍ പീച്ചിയിലെ കേരള വനഗവേഷണ കേന്ദ്ര (കെ.എഫ്.ആര്‍.എ) ത്തിലെ വന്യജീവി വിഭാഗം ശാസ്ത്രജ്ഞന്മാരുടെ വിദഗ്ദ അഭിപ്രായം കൂടി ആരാഞ്ഞ ശേഷമെ മലപ്പത്തൂരിലെ മയിലുകളുടെ ആവാസവ്യവസ്ഥയെപ്പറ്റി അന്തിമറിപ്പോര്‍ട്ട് നല്‍കാന്‍ കഴിയുകയുള്ളൂവെന്ന് പറഞ്ഞിട്ടുണ്ട്. കൊല്ലം ജില്ലാ പരിസ്ഥിതിസംരക്ഷണ ഏകോപനസമിതിയും മറ്റ് പരിസ്ഥിതി സംഘടനകളും 1318 ദിവസമായി നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നത് ആവാസവ്യവസ്ഥയെപ്പറ്റി കെഎഫ്ആര്‍എയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നായിരുന്നു.
പ്രസ്തുത ഉത്തരവ് മാലയില്‍ മല്പത്തൂര്‍ പരിസ്ഥിതി സമരത്തിന് ഒരു പുതിയ ദിശാബോധം നല്‍കിയിരിക്കുകയാണ്.
















