പത്തനാപുരം: പരിചയക്കാരനെന്ന വ്യാജേനയെത്തിയ ആള്‍ വൃദ്ധയുടെ വളയും മാലയും മോഷ്ടിച്ചുകടന്നു. പുന്നല ചാച്ചിപ്പുന്ന നെല്ലിക്കല്‍ വീട്ടില്‍ തങ്കമ്മ എബ്രഹാ(83)മിന്റെ ഒന്നര പവന്റെ മാലയും ഒരുപവന്‍ വീതം വരുന്ന രണ്ട് വളകളുമായാണ് മോഷ്ടാവ് കടന്നത്. കഴിഞ്ഞദിവസം പത്തനാപുരം ടൗണിലെത്തി മരുന്നുവാങ്ങിയ തങ്കമ്മ പത്തനംതിട്ട ഭാഗത്തേക്കുള്ള ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുമ്പോഴാണ് പരിചയഭാവം നടിച്ച് മോഷ്ടാവ് എത്തിയത്. തന്നെ അറിയില്ലെയെന്നും പള്ളിയിലെ കപ്യാരുടെ മകനാണെന്നും പറഞ്ഞ് പരിചയപ്പെടുത്തിയ ആള്‍ മകളുടെ വിവാഹത്തിന് ആഭരണങ്ങള്‍ വാങ്ങാനെത്തിയതാണെന്നും വളയുടെ അളവ് നോക്കാനായി വൃദ്ധയോട് വള ആവശ്യപ്പെടുകയും ചെയ്തു. ഈ സമയം പേന പോലൊരു വസ്തു നല്‍കുകയും ചെയ്തു. ഇതിന് ശേഷം തനിക്ക് ഒന്നും ഓര്‍മ്മയില്ലെന്നാണ് തങ്കമ്മ പറയുന്നത്. ബസ് സ്‌റ്റോപ്പിലിരുന്ന തന്നെ മറ്റ് യാത്രക്കാര്‍ വിളിച്ചുണര്‍ത്തുമ്പോഴാണ് വളയും മാലയും നഷ്ടപ്പെട്ട വിവരം അറിയുന്നത്. സംഭവത്തില്‍ പത്തനാപുരം പോലീസ് കേസെടുത്തു.
















