ന്യൂദല്‍ഹി: പാക്കിസ്ഥാനുമായി നയതന്ത്ര രാഷ്‌ട്രീയ ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. അതിര്‍ത്തി കടന്നുള്ള ഭീകരതയും സംഘര്‍ഷവും അവസാനിപ്പിക്കാന്‍ ചര്‍ച്ച തുടരണം. സംഘര്‍ഷം വ്യാപിപ്പിക്കുന്ന നടപടികള്‍ ഇരുരാജ്യങ്ങളുടെയും ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും യച്ചൂരി പറഞ്ഞു.
അന്താരാഷ്‌ട്ര രംഗത്ത് ഒറ്റപ്പെട്ടതിന് പുറമെ സൈനികമായി ലഭിച്ച തിരിച്ചടിയിലും ഏറെ സമ്മര്‍ദ്ദത്തിലായ പാക്കിസ്ഥാനെ സഹായിക്കുന്ന നിലപാടാണ് യച്ചൂരിയുടേത്. സംഘര്‍ഷത്തില്‍ ഭാരതത്തിനും പങ്കുണ്ടെന്ന് പരോക്ഷമായെങ്കിലും സൂചിപ്പിക്കുകയാണ് യച്ചൂരിയുടെ പ്രതികരണം. പാക്കിസ്ഥാനെതിരായ സൈനിക, നയതന്ത്ര നീക്കങ്ങള്‍ ഭാരതം അവസാനിപ്പിക്കണമെന്ന ആവശ്യമാണ് സിപിഎമ്മിന്റേത്. പാക് ഭീകരതക്ക് ഉചിതമായി തിരിച്ചടി നല്‍കിയ സൈന്യത്തെ അഭിനന്ദിക്കാന്‍ ഇതുവരെ സിപിഎം തയ്യാറായിട്ടില്ല.
മുന്‍കാല അനുഭവങ്ങള്‍ വിസ്മരിച്ചാണ് പാക് ഭീകരത അവസാനിപ്പിക്കാന്‍ ചര്‍ച്ചക്കായി യച്ചൂരി വാദിക്കുന്നത്. മുംബൈ ഉള്‍പ്പെടെ എല്ലാ ഭീകരാക്രമണങ്ങള്‍ക്ക് ശേഷവും ചര്‍ച്ച നടത്തിയിട്ടും ഭീകരരെ പിന്തുണക്കുന്ന പാക് മനോഭാവത്തില്‍ മാറ്റമുണ്ടായിട്ടില്ല. ചര്‍ച്ച ആരംഭിക്കുന്നതോടെ പാക്കിസ്ഥാനെതിരായ നീക്കങ്ങള്‍ നിലക്കുകയും ചെയ്യും. ഈ സാഹചര്യമാണ് എന്നും പാക്കിസ്ഥാന്‍ മുതലെടുക്കുന്നത്. ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ ചര്‍ച്ചയാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടെന്നനും ഇതാണ് രാജ്യതാത്പര്യമെന്നുമായിരുന്നു യച്ചൂരിയുടെ മറുപടി. പാക്കിസ്ഥാനുമായുള്ള ബന്ധത്തിലെ ‘പ്രഖ്യാപിത നിലപാടുകള്‍’ ഇപ്പോള്‍ തിരുത്തപ്പെടുന്നത് യച്ചൂരി കാണാതിരിക്കുകയാണ്. ചില ചാനലുകള്‍ തങ്ങളെ ദേശദ്രോഹികളാക്കി മുദ്രകുത്തുന്നുവെന്നും യച്ചൂരി പരാതിപ്പെട്ടു.
അമേരിക്കന്‍ വിരുദ്ധ ഭീകരസംഘടനകളുടെ ഇരകളാകാതിരിക്കാന്‍ ആ രാജ്യത്തോട് അടുക്കരുതെന്ന വിചിത്രവാദവും യച്ചൂരി ഉന്നയിച്ചു. എത്രത്തോളം അമേരിക്കയുമായി സഹകരിക്കുന്നുവോ അത്രത്തോളം ഭീകരസംഘടനകളുടെ ശത്രുത വര്‍ദ്ധിക്കും. പാക് കലാകാരന്മാരോട് രാജ്യം വിടാന്‍ ആവശ്യപ്പെടുന്നതിനെയും യച്ചൂരി വിമര്‍ശിച്ചു. യച്ചൂരിയുടെ പ്രസ്താവനക്കെതിരെ ബിജെപി രംഗത്തെത്തി. രാഷ്‌ട്രീയം മാറ്റിവെച്ച് രാജ്യതാത്പര്യത്തിന് സിപിഎം പരിഗണന നല്‍കണമെന്ന് ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ ആവശ്യപ്പെട്ടു.
















