കൊടകര: ചെമ്പൂചിറയില്‍ ആരംഭിക്കുന്ന എ.സി.ഏജന്‍സീസ് എന്ന സ്വകാര്യ ചെരുപ്പു കമ്പനിയിലേക്ക് മെഷിനറികള്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ സമരത്തില്‍ സംഘര്‍ഷം. ചെരിപ്പ് കമ്പനി നിര്‍മ്മാണത്തിന്റെ പ്രാരംഭഘട്ടം മുതല്‍ പരിസ്ഥിതി മലിനീകരണ പ്രശ്നത്തിന്റെ പേരില്‍ പരിസരവാസികള്‍ ജനകീയസമിതി രൂപീകരിച്ച് സമരം നടത്തി വരികയാണ്.
ഇന്നലെ രാവിലെ മെഷിനറി ഇറക്കുമെന്ന അറിയിപ്പ് ലഭിച്ചതോടെ ഇത് തടയാന്സമരസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സ്ഥലത്ത് തടിച്ചു കൂടി.സംഭവമറിഞ്ഞ് സംഘര്‍ഷം ഒഴിവാക്കാന്‍ പൊലീസും സ്ഥലത്തെത്തി. മെഷിനറികള്‍ ഇവിടെ ഇറക്കിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിയുമായി നാലോളം സ്ത്രീകള്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് വഴിതടഞ്ഞ് നിന്നു.
കമ്പനിയിലേക്കുള്ള മെഷിനറികള്‍ പൊലീസിന്റെ സഹായത്തോടെ ഇറക്കാനായി കമ്പനി ഉടമ ശ്രീധരനും സ്ഥലത്തെത്തിയിരുന്നു.കമ്പനി ഉടമയെ കണ്ടതോടെ സമരക്കാര്‍ പ്രകോപിതരായി. ശ്രീധരന്റെ ദേഹത്തേക്ക് മണ്ണെണ്ണ ഒഴിച്ച് അപായപ്പെടുത്താനുള്ള ശ്രമവും നടന്നതായി പറയുന്നു.സമയോചിതമായി പൊലീസ് ഇടപെട്ടതിനെ തുടര്‍ന്ന് വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങിയില്ല. ഇതിനിടെ ദേഹത്ത് സ്വയം മണ്ണെണ്ണയൊഴിച്ച് പ്രതിഷേധിക്കാനെത്തിയ സ്ത്രീകളിലൊരാള്‍ കുഴഞ്ഞുവീണു. ഉടനെ സ്ഥലത്തുണ്ടായിരുന്ന ആമ്പുലന്‍സില്‍ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചെരുപ്പുകമ്പനി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി ഇവിടെ തര്‍ക്കങ്ങള്‍ നടന്നു വരികയാണ്. ഒരാഴ്ച മുന്‍പും ഇവിടെ പ്രശ്നങ്ങളുണ്ടായിരുന്നു.
പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കമ്പനി ഉടമ ഹൈക്കോടതി ഉത്തരവ് വാങ്ങിയതിനെ തുടര്‍ന്ന് സ്വകാര്യ ചെരിപ്പു കമ്പനിയിലേക്ക് കൊണ്ടുവന്ന മെഷിനറികള്‍ ഇറക്കാന്‍ തടസം നിന്ന അന്‍പതോളം സമര സമിതി പ്രവര്‍ത്തകരെ വെള്ളിക്കുളങ്ങര എസ്ഐ എം.ബി. സിബിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടയക്കുകയും മെഷിനറികള്‍ കമ്പനിയില്‍ ഇറക്കുകയും ചെയ്തിരുന്നു.
ബാക്കിയുള്ള മെഷിനറികളാണ് ഇന്നലെ വന്നത്. സംഘര്‍ഷത്തെത്തുടര്‍ന്ന് ഇവ ഇറക്കാന്‍ സാധിക്കാത്തതിനാല്‍ തൊട്ടടുത്തുള്ള ഉടമയുടെ സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന മെഷിനറി കയറ്റിയ വാഹനം സുരക്ഷിതത്വം ഇല്ലാത്തതിനാല്‍ ചാലക്കുടി തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ കസ്റ്റഡിയിലെടുത്ത് വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സി.സുബ്രന്, പഞ്ചായത്ത് മെമ്പര്‍മാര്‍, ചാലക്കുടി തഹസില്‍ദാര്‍ ബാബു, കൊടകര സി.ഐ. കെ. സുമേഷ്, വെള്ളിക്കുളങ്ങര എസ്.ഐ. എം.ബി.സിബിന് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും പുതുക്കാട് ഫയര്‍ സ്റ്റേഷനില്‍ നിന്നും ഫയര്‍ എഞ്ചിന് ഉള്‍പ്പെടെ അഗ്നി സേനാഗംങ്ങളും സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.അതേ സമയം സമരക്കാര്‍ ഉന്നയിക്കുന്ന കാര്യങ്ങളില്‍ യാതൊരു ശാസ്ത്രീയ പിന്‍ബലവുമില്ലെന്ന് കമ്പനിയുടമ പറയുന്നു.
പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡ്, അഗ്നിശമന സേന, ജില്ലാ വ്യവസായകേന്ദ്രം തുടങ്ങിയവയില്‍ നിന്നെല്ലാം നിയമാനുസൃതമായി വാങ്ങിയ എല്ലാ സര്‍ട്ടിഫിക്കറ്റുകളും സഹിതമാണ് കമ്പനി പ്രവര്‍ത്തനം തുടങ്ങുന്നത്. ഗ്രീന്‍ കാറ്റഗറിയിലുള്ള വ്യവസായമായതിനാല്‍ സമരക്കാര്‍ പറയുന്ന വിധത്തില്‍ യാതൊരു വിധ മലിനീകരണവും ഉണ്ടാകില്ലെന്ന് കോടതിക്ക് ബോധ്യമുള്ളതു കൊണ്ടാണ് എതിര്‍വാദങ്ങള്‍ തള്ളി കമ്പനിക്ക് പ്രവര്‍ത്തനാനുമതിയും സംരക്ഷണവും നല്കാന് കോടതി തയ്യാറായത്.
ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തന്നോടുള്ള വ്യക്തി വിരോധം മാത്രമാണ് സമരത്തിന് പിന്നിലുള്ളത്. നിയമത്തിനു മുന്പില് തോറ്റപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയും ഭരണ സ്വാധീനമുപയോഗിച്ചും സമ്മര്‍ദ്ധത്തിലാഴ്ത്തി പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇദ്ധേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: