ഇരിങ്ങാലക്കുട : കല്ലേറ്റുംകര റെയില്വേസ്റ്റേഷന് സമീപം മാനാട്ടുകുന്ന് ലക്ഷം വീട് കോളനി മദ്യ-മയക്കുമരുന്ന മാഫിയകളുടെ പിടിയില്‍. ജില്ലയിലെ ഏറ്റവും വലിയ കോളനിയായ ഇവിടെ മദ്യവില്പനയും മയക്കുമരുന്ന് വില്‍പ്പനയും വ്യാപകമാണ്. ഗുണ്ടാവിളയാട്ടവും പൊതുമുതല്‍ നശിപ്പിക്കലും നിത്യ സംഭവമാണിവിടെ. പകല്‍ സമയത്തു പോലും റോഡിലൂടെ സ്ത്രീകള്‍ക്കോ കുട്ടികള്‍ക്കോ വഴിനടക്കാന്‍ പറ്റാത്ത സാഹചര്യമാണ്. സന്ധ്യയായാല്‍ അപരിചിതരുടെ വരവും പോക്കും ധാരാളമാണ്. പരസ്യമായ മദ്യപാനവും ലഹരിവില്‍പ്പനയും അസഭ്യവര്‍ഷവും പതിവാണ്.
പോലീസെത്തുമ്പോഴേക്കും ഇവര്‍ മാറിയിരിക്കും. പുതുതലമുറയെ സംഘാംഗങ്ങളാക്കിയാണ് വില്‍പ്പന. വിദ്യാര്‍ത്ഥികളെ കണ്ണികളാക്കി കലാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് കച്ചവടം. ഇടനിലക്കാര്‍ക്ക് വന്‍തുകയും ലഭിക്കുന്നുണ്ട്. അടുത്തിടെ ഈ പ്രദേശത്ത് ഒരു വ്യക്തിയുടെ വീടിനോട് ചേര്‍ന്ന് മദ്യപാനം നടക്കുമ്പോള്‍ ചോദ്യം ചെയ്ത ഗൃഹനാഥനെയും വീട്ടുകാരെയും സംഘം ആക്രമിക്കുകയുണ്ടായി. ജനങ്ങള്‍ ഭീതിമൂലം പരാതി പോലും നല്‍കുന്നില്ല. കൊടകര ബീവറേജില്‍ നിന്ന് ഓട്ടോറിക്ഷയില്‍ മദ്യവും ആളുര് അണ്ടിക്കമ്പനിക്കു സമീപത്തുള്ള കുപ്രസിദ്ധ കഞ്ചാവുവില്പനകേന്ദ്രത്തില് നിന്ന് കഞ്ചാവും എത്തിച്ച് വില്‍പ്പന നടത്തുന്നു. ഹാന്‍സ് അടക്കമുള്ള പുകയില ഉല്‍പ്പനങ്ങളുടെ വിേല്പ്പനയും സജീവമാണെന്ന് നാട്ടുകാര്‍ പറയുന്നു. ജില്ലയിലെ കഞ്ചാവിന്റെ മൊത്തവില്പ്പനകേന്ദ്രമാണ് കല്ലേറ്റുംകര. കൊടകര പോലീസ് സ്റ്റേഷന്റെയും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്റെയും അതിര്‍ത്തിയായതിനാല്‍ പോലീസിനെ വെട്ടിക്കാന്‍ ഇവര്‍ക്ക് എളുപ്പമാണ്. ജനങ്ങള്‍ക്ക് ഭീതി പരത്തുന്ന ഈ സംഘം സിപിഎം ഡിവൈഎഫ്ഐ പ്രസ്ഥാനങ്ങളിലെ സജീവമായി പ്രവര്‍ത്തക രാണെന്നതും ജനങ്ങള്‍ക്ക് പ്രതികരിക്കാന്‍ ഭീതിയുളവാക്കുന്നു. കമ്പം, തേനി എന്നിവടങ്ങളില്‍ നിന്ന് ട്രെയിന്മാര്ഗ്ഗമാണ് കഞ്ചാവെത്തുന്നത്. വെളുപ്പിന് കല്ലേറ്റുംകരയിലെത്തുന്ന കാരയ്ക്കല്‍ നിന്നും വരുന്ന ട്രെയിനുകളിലാണ് പൂവിനോടൊപ്പം കഞ്ചാവും എത്തിക്കുന്നത്. പോലീസ് സംവിധാനത്തെപോലും വിലക്കെടുക്കുവാന്‍ ശക്തിയുള്ള മാഫിയാശക്തികളായി ഇവര്‍ വളര്‍ന്നുകഴിഞ്ഞുവെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: