തൃശൂര്‍: എം.ജി.റോഡ് വീതികൂട്ടുന്നതിന് മുന്നോടിയായുള്ള സര്‍വേക്ക് സ്ഥലത്തെത്തിയ കോര്പ്പറേഷന് ഉദ്യോഗസ്ഥരേയും കൗണ്‍സിലര്‍മാരേയും വ്യാപാരികളും സ്ഥലം ഉടമകളും തടഞ്ഞു. പുറമ്പോക്ക് സ്ഥലം മാത്രം റോഡ് വീതികൂട്ടുന്നതിന് ഏറ്റെടുത്താല്‍ മതിയെന്നായിരുന്നു ഇവരുടെ ആവശ്യം. റോഡിന്റെ ഇരുവശത്തുനിന്നും സ്ഥലം ഏറ്റെടുക്കണമെന്നും സ്ഥലം നഷ്ടമാകുന്നവര്‍ക്ക് ഉടന്‍തന്നെ പുനരധിവാസം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. റോഡിന്റെ തെക്കുവശത്തുനിന്നുമാത്രം സ്ഥലം ഏറ്റെടുക്കാനായിരുന്നു കോര്‍പ്പറേഷന്റെ നീക്കം. എതിര്‍പ്പിനെത്തുടര്‍ന്ന് പുറമ്പോക്ക് സ്ഥലം മാത്രം അടയാളപ്പെടുത്തിയാല്‍ മതിയെന്ന് അവസാനം ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. ഇതോടെ പ്രശ്നത്തിന് താത്കാലിക പരിഹാരമായി. അതേസമയം തെക്കുഭാഗത്ത് ഏഴുമീറ്റര്‍ വരെ സ്ഥലം ഏറ്റെടുക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് യാതൊരുവിധ നോട്ടീസും കോര്പ്പറേഷന് കൈമാറിയിരുന്നില്ല. സ്ഥലം അളക്കുന്നതിനുള്ള മുന്നറിയിപ്പ് വെള്ളിയാഴ്ച രാത്രിയാണ് നല്‍കിയത്. ഉടന്‍തന്നെ വ്യാപാരികള്‍ ഒന്നിക്കുകയും തീരുമാനത്തെ എതിര്‍ക്കുകയും ചെയ്തു. രേഖാമൂലമുള്ള നോട്ടീസ് ഇല്ലാതെയും പുനരധിവാസം സംബന്ധിച്ച ഉറപ്പും നല്‍കാതെയും സര്‍വേയുമായി സഹകരിക്കില്ലെന്ന് അവര്‍ വ്യക്തമാക്കി. റോഡ് വികസനത്തിന് സ്ഥലം വിട്ടുകൊടുക്കുന്ന ഉടമകള്‍ക്ക് കെട്ടിടനിര്‍മാണത്തിന് ഇളവുകള്‍ നല്‍കാമെന്ന് കോര്പ്പറേഷന് വാഗ്ദാനം നല്‍കിയെങ്കിലും അതുള്‍ക്കൊള്ളാന്‍ കച്ചവടക്കാര്‍ തയ്യാറായില്ല. കഴിഞ്ഞ ദിവസം ഇക്കാര്യത്തില്‍ സഹകരണംതേടി മേയറും ഡെ.മേയറും യോഗം വിളിച്ചുചേര്‍ത്തിരുന്നു. നടുവിലാല്‍ മുതല്‍ പാറയില്‍ ജംഗ്ഷന്‍വരെ 21 മീറ്റര്‍ വീതിയിലും പിന്നീട് പടിഞ്ഞാറെ കോട്ടവരെ 25 മീറ്റര്‍ വീതിയിലുമാണ് റോഡ് വികസിപ്പിക്കുക. ഏകദേശം 200ഓളം പേര് ഇക്കാര്യത്തിനായി സ്ഥലം വിട്ടുകൊടുക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: