1941 ലാണ് മൂന്നാമത്തെ ശബ്ദചിത്രമായ ‘പ്രഹ്ലാദ’ പുറത്തിറങ്ങുന്നത്. തലേവര്‍ഷം 1940 ല്‍ ‘ജ്ഞാനാംബിക’ ഇറങ്ങി. മൂന്നാമത്തെ ശബ്ദ ചിത്രമായി (അല്ലെങ്കില്‍ നാലാമത്തെ) ഇറങ്ങുമായിരുന്ന ചിത്രം, ‘ഭൂതരായര്‍’ ഇതിനിടയില്‍ പാതി വഴിയെ മുടങ്ങിപ്പോയി. നടക്കാതെ പോയ ചില ഉദ്യമങ്ങള്‍ ചരിത്രത്തില്‍ പ്രത്യേക പരാമര്‍ശ പ്രസക്തിയുള്ളവയാണ്. അതിലൊന്നാണ് ‘ഭൂതരായര്‍’. സി.ജെ.തോമസിന്റെ ചിത്രീകരണ ഘട്ടത്തിലേക്ക് കടക്കുവാന്‍ ഊഴമില്ലാതെ പോയ കാല്‍വരിയിലെ കല്പപാദുപം തിരക്കഥയാണ് മറ്റൊന്ന്. ഇവ ഒഴിവാക്കിയാല്‍ ചരിത്രത്തിന് സമഗ്രത നഷ്ടപ്പെടും എന്നിടത്താണ് അവയുടെ പ്രസക്തിയും പ്രാധാന്യവും. ‘ഭൂതരായര്‍’ പരിശോധിക്കാം നമുക്കിപ്പോള്‍.
സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ആരംഭപ്രണേതാക്കളിലൊരാളും ‘രസിക രഞ്ജിനി,’ ‘പ്രബുദ്ധ കേരളം’ തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരും ‘മംഗളോദയ’ത്തിന്റെ പുറകിലെ പ്രേരക സ്വാധീനവുമായിരുന്നു അന്നത്തെ കൊച്ചി മഹാരാജാവിന്റെ മരുമകന് രാമവര്‍മ്മ അപ്പന് തമ്പുരാന്. അദ്ദേഹമായിരുന്നു ചിത്രത്തിന്റെ പുറകിലെ പ്രധാന സ്രോതസ്സ്. അതേപേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിട്ടായിരുന്നു വിഭാവനം. അതില്‍ വീരമാര്‍ത്താണ്ഡ പെരുമാളിന്റെ ഭാഗം അഭിനയിക്കുവാന്‍ നിയോഗിക്കപ്പെട്ടിരുന്നത് ആര്‍ട്ടിസ്റ്റ് പി.ജെ.ചെറിയാനാണ്. 1939 ലായിരുന്നു ആ ചലച്ചിത്ര ശ്രമമെന്നാണ് അദ്ദേഹത്തിന്റെ കലാജീവിത സ്മരണകളില്‍ പറഞ്ഞിട്ടുള്ളത്.
കേരള സാഹിത്യ അക്കാദമി പ്രസിദ്ധപ്പെടുത്തിയ ‘കൈരളീ വിധേയന് രാമവര്‍മ്മ അപ്പന് തമ്പുരാന്’ എന്ന ജീവചരിത്രഗ്രന്ഥത്തിന്റെ ആമുഖത്തില്‍ ചേര്‍ത്ത ജീവിത രേഖയില്‍ ഈ ചലച്ചിത്രോദ്യമം നടന്നത് മലയാള വര്‍ഷം 1104 ലാണെന്ന് കാണിച്ചിരിക്കുന്നു; (അതായത് 1929 ല്‍) അത് തെറ്റാണ്. ‘വിഗതകുമാരന്’ ഇറങ്ങിയത് 1928 ല്‍ മാത്രമാണ്; ബാലന് 1938 ലും. ‘ജ്ഞാനാംബിക’യ്ക്കും ‘പ്രഹ്ലാദ’യ്ക്കും ഇടയ്ക്കുള്ള കാലയളവില്‍ എന്നതാണ് ശരി. മലയാള വര്‍ഷം 1112 ല്‍ തന്റെ രണ്ട് സഹോദരന്മാര് മരണമടഞ്ഞതിന്റെ സംവത്സര ദീക്ഷ ആചരിക്കുന്നതിനിടയിലാണ് അപ്പന് തമ്പുരാനെ കോഴിക്കോട്ടുനിന്ന് പി.കെ.മേനോന് മലയാളത്തില്‍ ചലച്ചിത്രങ്ങള്‍ നിര്‍മിക്കാന്‍ വേണ്ടി ഒരു കമ്പനി തുടങ്ങണമെന്ന ആഗ്രഹവുമായി സമീപിക്കുന്നത്. (അതായത് 1937-38 ല്‍) എന്ന് 34-ാം അദ്ധ്യായത്തില്‍ ജീവചരിത്രകാരനായ ഡോ. കെ.ടി.രാമവര്‍മ്മ എഴുതിയിട്ടുണ്ട്. ആലോചനകള്‍ തുടങ്ങി കമ്പനിയുണ്ടായി പ്രവര്ത്തനപഥത്തിലെത്തിയത് 1939നോടടുത്താവണം എന്നു കരുതുന്നതിന് മറ്റൊരു ന്യായം കൂടിയുണ്ട്. ‘ബാലനും’ ‘ജ്ഞാനാംബിക’യും സംവിധാനം ചെയ്ത എസ്. നൊട്ടാണിയെ തന്നെയാണ് ‘ഭൂതരായരു’ടെ സംവിധാന ചുമതലയും ഏല്‍പ്പിച്ചിരുന്നത്. അതിനായി അപ്പന് തമ്പുരാന് മദിരാശിയില്‍ ചെന്ന് ‘ജ്ഞാനാംബിക’യുടെ ചിത്രീകരണം നടക്കുന്ന ശ്യാമള സ്റ്റുഡിയോയില്‍ പോയി നൊട്ടാണിയെ കാണുകയായിരുന്നു.
ജീവചരിത്രഗ്രന്ഥത്തിലെ മുന്‍പേ സൂചിപ്പിച്ച, ആമുഖ ഭാഗമായുള്ള ജീവിതരേഖയില്‍ ‘കേരള സിനി ടോണ്‍’ എന്ന മലയാളത്തിലെ ആദ്യത്തെ ഫിലിം കമ്പനി അപ്പന് തമ്പുരാന് സ്ഥാപിച്ചു എന്ന് ചേര്‍ത്തു കാണുന്നു. അതും തെറ്റാണ്. ട്രാവന്‍കൂര്‍ നാഷണല്‍ പിക്ചേഴ്സ് എന്ന പേരിലാണ് ജെ.സി.ദാനിയേല്‍ ‘വിഗതകുമാരന്’ നിര്‍മിച്ചത്. ശ്രീ രാജരാജേശ്വരി ഫിലിംസ് ആയിരുന്നു മാര്‍ത്താണ്ഡവര്‍മ്മയുടെ പുറകില്‍. ‘ബാലന്’, എ.സുന്ദരംപിള്ള ആരംഭിച്ചത് കൈരളി ടാക്കി ഫിലിംസ് എന്ന ബാനറിലാണെങ്കിലും കൈമാറി വന്നപ്പോള്‍ ബാനര്‍ ടി.ആര്.സുന്ദരത്തിന്റെ മോഡേണ്‍ തിയേറ്റേഴ്സ് ആയി. ‘ജ്ഞാനാംബിക’ നിര്‍മിച്ച അണ്ണാമല ചെട്ടിയാരുടെ ശ്യാമള സ്റ്റുഡിയോ അപ്പോഴേ തെന്നിന്ത്യയിലെ വലിയ നിര്‍മാണ കമ്പനികളിലൊന്നായിരുന്നു. അതുകഴിഞ്ഞേ കേരള സിനി ടോണ്‍ നിലവില്‍ വന്നിട്ടുള്ളൂ. ഓഹരികള്‍ വഴി മൂലധന സമാഹരണം നടത്തിയാണ് കേരള സിനിടോണ്‍ പ്രവര്‍ത്തനമാരംഭിച്ചത്. മുന്‍ കമ്പനികളുടെ ഘടനാപ്രകൃതം ഏതുവിധമായിരുന്നെന്നറിയാതെ ആ നിലക്കുള്ള ആദ്യ കമ്പനി എന്ന അവകാശവാദത്തിലും കഴമ്പില്ല.
മലയാളത്തില്‍ സിനിമ നിര്‍മിക്കണമെന്ന ആഗ്രഹവുമായി കോഴിക്കോട്ടുനിന്ന് പി.കെ.മേനോന്, അപ്പന് തമ്പുരാനെ സമീപിച്ചതിന് ഒന്നിലേറെ ന്യായങ്ങളുണ്ട്. അദ്ദേഹം കൊച്ചി രാജകുടുംബാംഗവും നാടുവാഴിയുടെ മരുമകനുമാണ്. ആ നിലക്കുള്ള പ്രതാപവും സ്വാധീനബലവും കമ്പനിക്ക് സഹായകമാകും. ആ കാലഘട്ടത്തിലെ അറിയപ്പെടുന്ന എഴുത്തുകാരനും സാംസ്കാരിക നായകനുമായിരുന്നു തമ്പുരാന്. വളരെ വിപുലമായ ബന്ധങ്ങള്‍ അദ്ദേഹത്തിനുണ്ട്. അതിലുമേറെ പ്രധാനമായി അദ്ദേഹം നേതൃത്വം നല്കിയാല് ആ സംരംഭത്തിന് അതുവഴി ഉണ്ടാകുന്ന വിശ്വാസ്യതയും പ്രധാനമായിരുന്നു.
അപ്പന് തമ്പുരാന് കമ്പനിയുടെ കാര്യത്തില്‍ സജീവ താല്‍പ്പര്യം കാണിച്ചു. കമ്പനി രൂപീകരിക്കുവാന്‍ മുന്‍കൈയെടുക്കുകയും പി.കെ.മേനോനോടൊപ്പം സ്വന്തം പുത്രന് കുട്ടികൃഷ്ണമേനോനെ കമ്പനിയുടെ മാനേജിങ് ഏജന്റായി നിയമിക്കുകയും ചെയ്തു.
കേരള സിനിടോണ്‍ കമ്പനിയുടെ സ്റ്റുഡിയോ സ്ഥാപനത്തിനായി തൃശൂരിലെ മുളങ്കുന്നത്തുകാവില്‍ അഞ്ചരയേക്കര്‍ സ്ഥലം വാങ്ങിയിരുന്നതായി ചേലങ്ങാട്ടു ഗോപാലകൃഷ്ണന്റെ കുറിപ്പില്‍ കാണുന്നു. മഹാരാജാവ് വലിയ രാമവര്‍മ്മ തമ്പുരാനും കോവിലകത്തെ ചില ഇളമുറത്തമ്പുരാക്കന്മാരും തൃശൂരിലെ പ്രധാന പണക്കാരുമായിരുന്നു കമ്പനിയിലെ ഷെയര്‍ ഹോള്‍ഡര്‍മാര്‍ എന്നാണ് ചേലങ്ങാട്ട് തുടര്‍ന്നെഴുതിയിട്ടുള്ളത്.
ആവിധ സൂചനകള്‍ പക്ഷെ ജീവചരിത്രത്തില്‍ ചലച്ചിത്ര ശ്രമത്തെക്കുറിച്ചുള്ള അദ്ധ്യായത്തിലില്ല. അയ്യന്തോളിന് പോകുന്ന വഴിക്ക് ഓവര്‍ ബ്രിഡ്ജിന് സമീപമുണ്ടായിരുന്ന ‘ദില്‍ക്കുഷ്’ എന്നുപേരായ വലിയ ബംഗ്ലാവിലായിരുന്നു നടീനടന്മാരുടെ താമസവും നിര്‍മാണ പ്രവര്‍ത്തനങ്ങളും എന്നാണ് ജീവചരിത്രത്തില്‍.
അപ്പന് തമ്പുരാന് ”മദിരാശി പ്രസിഡന്‍സി കോളജില്‍ പഠിച്ചിരുന്ന കാലത്ത് അവിടെയുള്ള ശബ്ദനിര്മാണശാലകള് സന്ദര്‍ശിച്ച് ചലച്ചിത്രം നിര്‍മിക്കുന്നതെങ്ങനെയെന്ന്” മനസ്സിലാക്കിയിരുന്നു എന്നാണ് ചേലങ്ങാട്ടിന്റെ കണ്ടെത്തല്‍.
1895 മുതല്‍ 1900 വരെയും പിന്നീട് 1905 ല്‍ ഏതാനും മാസങ്ങളുമാണ് അപ്പന് തമ്പുരാന് മദിരാശിയില്‍ പഠിച്ചത്.
1895 ലാണ് ലൂമിയര്‍ സഹോദരന്മാരുടെ ആദ്യത്തെ ചലച്ചിത്ര പ്രദര്‍ശനം! 1895 ല്‍ ബോംബെയില്‍ വാട്ട്സന് ഹോട്ടലില്‍ ഇന്ത്യയില്‍ ആദ്യ പ്രദര്‍ശനം നടന്നതും നമുക്കറിയാം. ഭാരതത്തിലെ ആദ്യ ശബ്ദ ചിത്രമായ ‘ആലം ആര’ 1931 ലാണിറങ്ങുന്നത്! അത് നിര്‍മിച്ചത് ബോംബെയിലെ ഇംപീരിയല്‍ ഫിലിം കമ്പനിയാണ്. ദക്ഷിണേന്ത്യയിലെ ആദ്യ ചിത്രം കീചകവധം ആര്.നടരാജ മുതലിയാര്‍ നിര്‍മിക്കുന്നത് 1916 ല്‍ മാത്രമാണ്. മദിരാശിയിലെ കില്പ്പാക്കിലായിരുന്നു അദ്ദേഹത്തിന്റെ ഇന്ത്യന്‍ ഫിലിം കമ്പനി.
പഠനാനന്തര നാളുകളില്‍ സെനറ്റ് യോഗത്തിലും ബോര്‍ഡ് ഓഫ് സ്റ്റഡീസ് യോഗത്തിലും പങ്കെടുക്കുവാന്‍ അപ്പന് തമ്പുരാന് പലകുറി മദിരാശി സന്ദര്‍ശിക്കുമ്പോഴും അങ്ങനെയൊരു സാധ്യത ഇല്ല. ആയിരത്തിത്തൊള്ളായിരത്തി ഇരുപതുകളുടെ മധ്യത്തിലായിരുന്നു ആ സന്ദര്‍ശനങ്ങള്‍. അത്തരമൊരു വേളയിലാണ് ‘ഭൂതരായരി’ലെ തിരഞ്ഞെടുത്ത രംഗങ്ങള്‍ പ്രസിഡന്‍സി കോളജില്‍ മലയാളി സമാജം മുന്‍കൈയെടുത്ത് തമ്പുരാന്റെ സാന്നിദ്ധ്യത്തില്‍ വേദിയിലാദ്യമായി അവതരിപ്പിച്ചത്. പക്ഷെ അപ്പോഴും ഇന്ത്യയില്‍ ശബ്ദചിത്രം ഇറങ്ങുവാനാരിക്കുന്നതേയുള്ളൂ. ഉണ്ടായിരുന്നുള്ളൂ.
പഠനനാളുകളില് അപ്പന് തമ്പുരാന് മദിരാശിയിലെ ചലച്ചിത്ര നിര്‍മാണശാലകള്‍ സന്ദര്‍ശിച്ചു സിനിമയെക്കുറിച്ച് മനസ്സിലാക്കി എന്ന ചേലങ്ങാട്ടിന്റെ കണ്ടെത്തല്‍ യഥാര്‍ത്ഥമല്ല എന്നാണല്ലോ ഇതില്‍നിന്ന് വ്യക്തമാകുന്നത്.
”തന്റെ ഹാസ്യ ഡിറ്റക്ടീവ് നോവലായ ‘ഭൂതരായര്‍’ അടിസ്ഥാനപ്പെടുത്തിയാണ് തമ്പുരാന് ഈ കമ്പനിയുടെ ആദ്യ ചിത്രം നിര്‍മിക്കാന്‍ തെരഞ്ഞെടുത്തത്. ഈ ചിത്രം നിര്‍മിച്ചിരുന്നു എങ്കില്‍ മലയാള സിനിമയിലെ ആദ്യത്തെ ഹാസ്യ അപസര്‍പ്പക ചിത്രമാകുമായിരുന്നു ഭൂതരായര്‍ എന്ന ചേലങ്ങാട്ടിന്റെ പ്രസ്താവം കൂടുതല്‍ അമ്പരപ്പിക്കുന്നു.
‘ഭൂതരായര്‍’ ചരിത്രാഖ്യായികയായിരുന്നു. രാഷ്ട്രീയമായ ഒരന്തര്‍ധാര അതിനുണ്ടെന്ന് തമ്പുരാന് വിശ്വസിച്ചിരുന്നു. കല്പിത കഥാസാഹിത്യശാഖയില് അനുകൂലമായും പ്രതികൂലമായും ജി. ശങ്കരക്കുറുപ്പ്, കെ.എം.പണിക്കര്‍, എം.പി.പോള്‍, കുറ്റിപ്പുഴ കൃഷ്ണപിള്ള തുടങ്ങിയവരടക്കമുള്ളവരുടെ പ്രതികരണങ്ങള്‍ ഏറ്റുവാങ്ങിയ കൃതിയായിരുന്നു അത്. അതൊരു ഹാസ്യരചനയായിരുന്നില്ല. ആഖ്യാനത്തിന് അപസര്‍പ്പക സ്വഭാവമുണ്ടായിരുന്നില്ല.
‘കേരള പ്രപഞ്ചം’ എന്ന പേരാണത്രെ. ‘ഭൂതരായര്‍’ ചലച്ചിത്രമാക്കുമ്പോള്‍ നല്കാന് അപ്പന് തമ്പുരാന് ഉദ്ദേശിച്ചിരുന്നത് എന്ന് ജീവചരിത്രത്തിന്റെ 25-ാമദ്ധ്യായത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതിഫലമോ, അംഗീകാരമോ പ്രോത്സാഹനമോ പ്രതീക്ഷിക്കാനാവാത്ത ഒരുകാലയളവില്‍ സ്വന്തം ചെലവില്‍ അലഞ്ഞുതേടി ചെന്ന് സമര്‍പ്പിത മനസ്സോടെ നമ്മുടെ സിനിമയുടെ ആദ്യപാദങ്ങളിലെ വെളിപ്പെടാത്ത അറകളിലെ ചരിത്രശകലങ്ങള്‍ ചികഞ്ഞെടുത്ത് വെളിച്ചത്തിലേക്ക് പങ്കിടാന്‍ ജന്മം മുഴുവന്‍ ശ്രമിച്ച അന്വേഷകനാണ് ചേലങ്ങാട്ടു ഗോപാലകൃഷ്ണന്.
ചരിത്രകാരനുണ്ടാവേണ്ട നിര്‍മ്മമത അദ്ദേഹത്തിന്റെ കണ്ടെത്തലുകളിലും നിരീക്ഷണ നിഗമനങ്ങളിലും ശഠിക്കാനാകില്ല. പാഴ്ചച്ചെലവെന്ന് ചുറ്റുമുള്ളവര്‍ അധിക്ഷേപിച്ച ചലച്ചിത്ര പ്രതിബദ്ധതയുടെ മുള്ളാണിയില്‍ ചമ്രം പടഞ്ഞിരുന്നുകൊണ്ട് അദ്ദേഹം നടത്തിയ യജ്ഞത്തെ അല്‍പ്പംപോലും വിലകുറച്ചു കാണരുത്. ചികഞ്ഞെടുത്ത് നേടിത്തന്ന ചരിത്രശകലങ്ങളെ ചേറ്റിത്തെളിച്ച് കൃത്യതപ്പെടുത്താതിരുന്നത് നമ്മുടെ അലക്ഷ്യം, ഉദാസീനത, ഉത്തരവാദിത്തമില്ലായ്മ. ശുദ്ധമനസ്കനായ ചേലങ്ങാട്ടിന്റെ തൂലികക്കും ആ ശുദ്ധതയുണ്ടായിരുന്നു. അതില്‍ ഇഷ്ടാനിഷ്ടങ്ങളും വിസ്മയങ്ങളും അന്ധമായ ആദരവിനും നീരസത്തിനും തിടുക്കപ്പെട്ട നിഗമനങ്ങള്‍ക്കും പ്രേരണ ചെലുത്തുക സ്വാഭാവികം. അതില്‍ ഭവിക്കുന്ന ചരിത്രപരമായ പിഴവുകള്‍ ആദരപൂര്‍വം തിരുത്തുകയാണ് ചരിത്രത്തോടും അതിന്റെ ലേഖനത്തിനായി ആയുസ്സിന്റെ വലിയ പങ്കു ചെലവഴിച്ച ചേലങ്ങാട്ടിനോടും കാണിക്കേണ്ട നീതിയും ധര്‍മവും. ഈ ചായ്വ് പ്രകൃതങ്ങള്‍ ഇതു കുറിക്കുന്ന എഴുത്താണിയേയും സ്വാധീനിച്ചെന്നു വരാം. തിരുത്താനുള്ള സമസ്താധികാരം വരുംതലമുറക്ക് പതിച്ചുകൊടുത്തിട്ടുള്ള ചരിത്രാലേഖനമേ സത്യസന്ധമാകൂ എന്ന് കാലം മുന്‍പേ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു!
പ്രതികരിക്കാൻ ഇവിടെ എഴുതുക: