അഞ്ചല്‍:’ഭാരതം നിലനില്‍ക്കുന്നത് മുഴുവന്‍ ലോകത്തിന്റെയും നന്മയ്ക്കായാണെന്ന് തപസ്യ കലാ സാഹിത്യവേദി സംസ്ഥാന സെക്രട്ടറി എം.സതീശന് പറഞ്ഞു. വിശ്വഹിന്ദു പരിഷത്ത് അഞ്ചലില്‍ സംഘടിപ്പിച്ച ആചാര്യത്രയ അനുസ്മരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലോകത്തിന്റെ നന്മക്കായി തപസു ചെയ്ത ഋഷീശ്വരന്മാരുടെ തപസില്‍ നിന്നാണ് ഭാരതം എന്ന രാഷ്ട്രമുണ്ടായത്.’ഭാരതത്തിന്റെ സത്തയായ വേദാന്തസാഗരത്തിന്റെ അടിത്തട്ട് കണ്ട ഋഷിമാര്‍ തന്നെയായിരുന്നു ശ്രീനാരായണ ഗുരുദേവനും ചട്ടമ്പി സ്വാമികളും. ഹൈന്ദവ അനൈക്യം രാഷ്ട്രത്തെ തകര്‍ക്കുമെന്ന് മനസിലാക്കിയവരാ യിരുന്നു അവര്‍. നവോത്ഥാനത്തിന്റെ പൈതൃകം അവകാശപ്പെടുന്നത് ഇന്നൊരു ഫാഷനായി മാറി. ഒരുകാലത്ത് ആചാര്യന്മാര് ബൂര്ഷ്വയായിരുന്നു ഇവര്‍ക്ക്. ഇന്ന് സ്വീകാര്യത വന്നിരിക്കുന്നത് തിരിച്ചറിവിന്റെ രാഷ്ട്രീയമാണ്. പട്ടികജാതിക്ഷേമ സമിതി രൂപീകരിച്ച് പാര്‍ട്ടിക്ക് ജാതിയുണ്ടെന്ന് തെളിയിച്ച കമ്മ്യൂണിസ്റ്റുകള്‍ ജാതിയില്ലാവിളംബരം ആഘോഷിക്കുന്നത് വിചിത്രമാണന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തില്‍ അലയടിക്കുന്ന ദേശീയതരംഗം കേരളത്തിലും എത്തിത്തുടങ്ങിയത് മനസിലാക്കിയ കമ്മ്യൂണിസ്റ്റുകള്‍ ശ്രീകൃഷ്ണജയന്തിയും ചട്ടമ്പിസ്വാമിജയന്തിയും ഗണേശോത്സവവും നടത്താന്‍ ഓടുന്നു.
കേരളത്തില്‍ എണ്ണമറ്റ സാമൂഹ്യപരിഷ്കരണങ്ങള്‍ നടത്തിയ പ്രസ്ഥാനമാണ് സംഘപ്രസ്ഥാനം. പാലിയം വിളംബരം ഒന്നുമാത്രം മതി ഉദാഹരണം .ഉടുപ്പി ഹിന്ദുസമ്മേളനത്തില്‍ വിശ്വഹിന്ദു പരിഷത്ത് വേദിയില്‍ സന്യാസിമാര്‍ പ്രഖ്യാപിച്ചതും ഇതേ സാമൂഹ്യ സമരസതയുടെയും ഹിന്ദു ഐക്യത്തിന്റേയുമാണെന്നും സതീശന് പറഞ്ഞു.
കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ കള്ളപ്രചരണത്തിന്റെ മൊത്തക്കച്ചവടക്കാരാണ്. അതിന്റെ ഭാഗമായാണ് ഗുരുദേവനെ വക്രീകരിക്കാന്‍ ശ്രമിക്കുന്നതും. ജാതിരഹിത ഹിന്ദുസമൂഹത്തിനായി സംഘപ്രസ്ഥാനങ്ങള്‍ നടത്തുന്ന മുന്നേറ്റമാണ് ഇവരെ വെറളി പിടിപ്പിക്കുന്നതെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
അഡ്വ.ജി.അനില്‍കുമാര്‍ ആചാര്യത്രയ അനുസ്മരണം ഉദ്ഘാടനം ചെയ്തു. വിശ്വഹിന്ദു പരിഷത് ജില്ലാപ്രസിഡന്റ് അഡ്വ.കാവടിയില്‍ വിനോദ് അദ്ധ്യഷനായിരുന്നു. സജീഷ് വടമണ്‍ വിഷയാവതരണം നടത്തി.
















