പൂത്തൂര്‍: വിദ്യാര്‍ത്ഥിനിക്ക് വീടൊരുക്കാന്‍ കുഴിക്കലിടവക എന്‍എസ്എസ് യൂണിറ്റ്. ദുരിതപൂര്‍ണ്ണമായ ജീവിതത്തില്‍ നിന്നും കരകയറാന്‍ വിദ്യാര്‍ത്ഥിനിക്ക് സഹായവുമായി കുഴിക്കലിടവക എസ്എന്‍ജിഡി വിഎച്ച്എസ്എസിലെ എന്‍എസ്എസ് യൂണിറ്റ്. കോട്ടാത്തല കാര്‍ത്തികയില്‍ ശിവാനന്ദന്‍-ലീല ദമ്പതികളുടെ മകള്‍ രേവതിക്കാണ് വീട് നിര്‍മ്മിച്ച് നല്‍കുന്നത്. രണ്ട് വര്‍ഷം മുന്‍പ് പഞ്ചായത്ത് ഫണ്ട് അനുവദിച്ച് നിര്‍മ്മാണം തുടങ്ങിയെങ്കിലും കുട്ടിയുടെ മാതാവിനെ രോഗബാധിതയായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതുമൂലം നിര്‍മ്മാണം മുടങ്ങി. കൂടാതെ വന്‍കടബാധ്യതയും കുടുംബത്തിന് ഉണ്ടായി. പണി പൂര്‍ത്തിയാകാത്ത വീടിനു സമീപം ടാര്‍പ്പോളിന്‍ കെട്ടിമറച്ച കുടിലിലായിരുന്നു പിന്നീടുള്ള താമസം. രണ്ടുമാസം മുന്‍പ് അയല്‍വാസിയുടെ തേക്ക് മരം മറിഞ്ഞുവീണ് ഉള്ള താമസ സ്ഥലം കൂടിത്തകര്‍ന്നു. പരിക്ക് പറ്റിയ അമ്മയും മകളും കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ രണ്ട് ആഴ്ചയോളം ചികിത്സയില്‍ കഴിയുകയും പോകാനിടമില്ലാതെ വലഞ്ഞ കുടുംബത്തിന് നാട്ടുകാര്‍ താല്‍ക്കാലിക അഭയം നല്‍കി. കുട്ടികളുടെ ഭവനസന്ദര്‍ശനവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എ.ജി.ഹരീന്ദ്രനാഥിന്റെ ശ്രദ്ധയില്‍പ്പെടുകയും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിന്ധുപ്രഭാകറിന്റെ നേതൃത്വത്തില്‍ വീട് നിര്‍മ്മിച്ചു നല്‍കാനുള്ള പദ്ധതിക്ക് തുടക്കമാകുകയും ചെയ്തു. വിഎച്ച്എസ്‌സി സിവില്‍ കണ്‍സ്ട്രക്ഷന്‍, ഓഫീസ് വി സെക്രട്ടറിഷിപ്പ്, വിഭാഗങ്ങളും പൂര്‍വവിദ്യാര്‍ത്ഥികളും ഈ സല്‍ക്കര്‍മ്മത്തില്‍ പങ്കാളികളായി. ജനപ്രതിനിധികളും സുമനസുകളായ നാട്ടുകാരും കുന്നത്തൂര്‍ ജാഗ്രത കള്‍ച്ചറല്‍ ഫോറവും സഹായവാഗ്ദാനവുമായി രംഗത്തെത്തിയിട്ടുണ്ട്.
















