തൊടുപുഴ: ഭാര്യ ഓപ്പറേഷന്‍ കഴിഞ്ഞ് ചികിത്സയില്‍ കഴിയുന്നതിനാലാണ് തൊണ്ടിക്കുഴ ഈന്തുങ്കല്‍ ജഗന്‍ജോര്‍ജ് മുഖത്ത് ധരിക്കുന്ന ഫേസ് മാസ്‌ക് വാങ്ങാനായി നീതി മെഡിക്കല്‍ സ്‌റ്റോറിലെത്തിയത്. 20 മാസ്‌കിന്റെ വില ചോദിച്ചു.
വിലപറഞ്ഞപ്പോള്‍ ആദ്യം ഒന്ന് പതുങ്ങി. ഒരെണ്ണത്തിന് പത്ത് രൂപയാണെന്നും കിഴിവ് കിഴിച്ച് 7.50 വെച്ച് 150 രൂപ തന്നാല്‍ മതിയെന്നും ജീവനകാരന്‍ പറഞ്ഞു. ആശുപത്രിയിലെ ഓപ്പറേഷന്‍ സമയത്ത് ഇത്തരം മാസ്‌ക്കുകള്‍ വാങ്ങിയിരുന്നതിനാല്‍ വില ജഗന് ഏകദേശം ധാരണയുണ്ടായിരുന്നു. വില കൂടുതലല്ലെ എന്ന് ചോദിച്ചപ്പോള്‍ ഇതാണ് വിലയെന്നും ജീവനക്കാരന്‍ മറുപടി പറഞ്ഞു.
തൊടുപുഴ താലൂക്ക് ആശുപത്രി സ്ഥിതിചെയ്യുന്ന കാരിക്കോട് നിന്നാണ് ജഗന്‍ 20 എണ്ണം 150 രൂപ നിരക്കില്‍ വാങ്ങിയത്. തുടര്‍ന്ന് സംശയം ദൂരികരിക്കുന്നതിനായി നഗരത്തിലെ മറ്റൊരു മെഡിക്കല്‍ സ്‌റ്റോറിലെത്തി വില തിരക്കി. മാസ്‌ക്കൊന്നിന് 3 രൂപയാണ് പറഞ്ഞത്. ആകര്‍ഷകമായ പായ്‌ക്കറ്റില്‍ സൂക്ഷിച്ചിരുന്ന 50 എണ്ണത്തിന്റെ പായ്‌ക്കറ്റ് 150 രൂപ നല്‍കി വാങ്ങുകയും ചെയ്തു.
കൂടില്‍ സൂക്ഷിച്ചിരുന്ന മാസ്‌കാണ് നീതി മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് ലഭിച്ചതെന്നും ഇത് പിന്നീട് കൊടുത്ത് പണം തിരികെ വാങ്ങിയതായും ജഗന്‍ സാക്ഷ്യപ്പെടുത്തുന്നു. വിലകുറവിന്റെ പരസ്യംവച്ച ശേഷം ഇത്തരം മെഡിക്കല്‍ സ്‌റ്റോറില്‍ വന്‍ വിലയ്‌ക്കാണ് മരുന്നുകള്‍ ഉള്‍പ്പെടെ വില്‍ക്കുന്നതെന്ന് നേരത്തെ തന്നെ ആരോപണം ഉണ്ടായിരുന്നു. അതേ സമയം ഗുണമേന്മയിലുള്ള വ്യത്യാസമാണ് മാസ്‌കിന്റെ വിലയിലുള്ള ഏറ്റകുറച്ചിലിന് കാരണമെന്നാണ് മെഡിക്കല്‍ സ്‌റ്റോര്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.
തങ്ങള്‍ക്ക് ഓരോ തവണയും ലഭിക്കുന്ന വ്യത്യസ്ത കമ്പനികളുടെ ഫേസ് മാസ്‌കാണെന്നും ഇതിന് ചെറിയ തോതില്‍ വിലയില്‍ ഏറ്റക്കുറച്ചിലുണ്ടെന്നും അധികൃതര്‍ ജന്മഭൂമിയോട് പറഞ്ഞു. അതേ സമയം ഉപഭോക്താക്കള്‍ക്ക് ന്യായമായ വിലയ്‌ക്ക് മരുന്നുകള്‍ മറ്റ് അനുബന്ധ സാധനങ്ങളും നല്‍കേണ്ട നീതി മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് ഇത്തരമൊരു തിക്താനുഭവുമുണ്ടായതിന്റെ വിഷമത്തിലാണ് ജഗന്.
















