തൃശൂര്‍: മാറ്റാമ്പുറത്ത് എക്സൈസ് റെയ്ഡില്‍ ഒന്നേകാല്‍ കിലോ കഞ്ചാവും മൂന്നു ലിറ്റര്‍ വിദേശമദ്യവും 10,200 രൂപയുമടക്കം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയടക്കം മൂന്നുപേരെ അറസ്റ്റു ചെയ്തു. മാറ്റാമ്പുറം പുളാക്കല്‍ പ്രദേശത്തെ വീടുകളില്‍ നാലു സംഘമായി തിരിഞ്ഞ് എക്സൈസ് സംഘം നടത്തിയ റെയ്ഡിലാണ് കഞ്ചാവും മദ്യവും പിടിച്ചെടുത്തത്.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്നു രാവിലെയാണ് എക്സൈസ് റെയ്ഡ് നടത്തിയത്. പൂളാക്കല്‍ പ്രദേശത്ത് വ്യാപകമായി കഞ്ചാവ് വില്‍പ്പനയും ഉപയോഗവും നടക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. വിദ്യാര്‍ഥികളടക്കമുള്ളവര്‍ സ്്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നതായും രഹസ്യവിവരമുണ്ടായിരുന്നു. ഇതെത്തുടര്‍ന്നാണ് നാലു സംഘങ്ങളായി തിരിഞ്ഞ് ഇവിടത്തെ വീടുകളില്‍ കയറി എക്്സൈസ് സംഘം പരിശോധന നടത്തിയത്.
പൂളാക്കല്‍ പ്രദേശത്തെ താമസക്കാരായ ശാന്ത(50), സന്ദീപ്(29), ജെയ്സണ്‍(28) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. മൂന്നുപേരുടെയും വീടുകളില്‍ നിന്നാണ് ഒന്നേകാല്‍ കിലോ കഞ്ചാവ് പിടിച്ചത്. ജെയ്സന്റെ വീട്ടില്‍ കോഴിക്കൂടിന് താഴെ മണ്ണില്‍ പ്ലാസ്റ്റിക് കവറുകളിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു 600 ഗ്രാം കഞ്ചാവ്. കുഴി മണ്ണിട്ടു മൂടി അതിനു മുകളില്‍ ഓട് വിരിച്ച് യാതൊരു സംശയവും തോന്നാത്ത വിധമാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ജെയ്സണെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് ഒളിപ്പിച്ചുവെച്ചത് എക്സൈസ് സംഘത്തിന് കാണിച്ചു കൊടുത്തത്. വിദേശമദ്യത്തിന്റെ മൂന്നു കുപ്പികളും കള്ളച്ചാരായം വാറ്റാനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. വാറ്റുപകരണങ്ങള്‍ പറമ്പില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കഞ്ചാവ് വില്‍ക്കാനുള്ള അഞ്ഞൂറോളം പ്ലാസ്റ്റിക് കവറുകളും കണ്ടെടുത്തു.
14 വയസുമുതല്‍ 80 വയസുവരെയുള്ളവര്‍ വരെ പൂളാക്കല്‍ പ്രദേശത്ത് കഞ്ചാവ് വാങ്ങാനെത്താറുണ്ടെന്ന് എക്സൈസ് പറഞ്ഞു. രാത്രിയില്‍ കൂട്ടം കൂടിയിരുന്ന് വിദ്യാര്‍ഥികള്‍ കഞ്ചാവ് വലിക്കുന്നതായും വിവരം ലഭിച്ചിരുന്നു. പിടിച്ചെടുത്ത പണം കഞ്ചാവ് വില്‍പ്പനയില്‍ നിന്നും ലഭിച്ചതാണ്. ഡിണ്ടിഗലില്‍ നിന്നെത്തുന്ന നീലച്ചടയന്‍ കഞ്ചാവാണ് ഇവിടെ വില്‍പ്പന നടത്തുന്നത്. ഒരു കിലോയ്ക്ക് 15,000 രൂപ കൊടുത്ത് വാങ്ങുന്ന ഈ കഞ്ചാവ് ഇവിടെ വിറ്റഴിക്കുമ്പോള്‍ കിലോയ്ക്ക് 40,000 രൂപ ലഭിക്കും.
എക്സൈസ് തൃശൂര്‍ സ്പെഷ്യല്‍ സ്ക്വാഡ് സിഐ എ.ജി.പ്രകാശ്, തൃശൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ.ശശിധരന്, കോലഴി ഇന്‍സ്പെക്ടര്‍ ദേവദാസ് എന്നിവരുടെ നേതൃത്വത്തില്‍ വനിതാ എക്സൈസ് ഓഫീസര്‍മാരടക്കം മുപ്പതോളം പേര് ഒരു മണിക്കൂറോളം നീണ്ട റെയ്ഡില്‍ പങ്കെടുത്തു. കട്ടിലപൂവ്വം, പുല്ലംകണ്ടം, ചെന്നിക്കര, താണിക്കുടം, കരുവാന്‍കാട് പ്രദേശങ്ങളിലും എക്സൈസ്് സംഘം പരിശോധന നടത്തി. ഈ മേഖലകളില്‍ കഞ്ചാവ് വി്ല്പന നടത്തുന്നവരെക്കുറിച്ച് എക്സൈസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു.
മദ്യവും മയക്കുമരുന്നും വില്പന നടത്തിവന്നിരുന്ന യുവാവിനെ പോലീസ് പിടികൂടി. കിളിഞ്ഞൂര് മാറ്റാമ്പുറം പൂളായിക്കല് ചുള്ളിക്കാടന്‍ ആന്റണി മകന് ജെയ്സണ്‍ (39) ആണ് പിടിയിലായത്. മൂന്നുകിലോ കഞ്ചാവ് കടത്തിക്കൊണ്ടുപോയ കേസില്‍ പാലക്കാട്ട് കേസ് നിലവിലുള്ളയാളാണ് പ്രതി. ഇയാളില്‍ നിന്നും 600 ഗ്രാം കഞ്ചാവും മദ്യവും വാറ്റുപകരണങ്ങളും പിടികൂടി. എക്സൈസ് സിഐ കെ.കെ.ശശിധരന്, സ്പെഷല്‍ സ്ക്വാഡ് സിഐ എ.ജി.പ്രകാശ്, കോലഴി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വി.ആര്.ദേവദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
മുളങ്കുന്നത്തുകാവ്: 12 ലിറ്റര്‍ വിദേശമദ്യം ചാക്കില്‍ കെട്ടി ബൈക്കില്‍ പോവുകയായിരുന്നയാളെ മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റു ചെയ്ത്. ചാത്തന്നൂര്‍ തിരുമുത്തിക്കോട് സ്വദേശി മുസ്തഫ(40)യാണ് അറസ്റ്റിലായത്.ഇന്നലെ രാത്രി പത്തരയോടെ പട്രോളിംഗിനിടെയാണ് ഇയാളെ പിടികൂടിയത്.
തൃശൂര്‍ ഈസ്റ്റ്, വെസ്റ്റ് പോലീസ് സ്റ്റേഷനുകളിലെ അബ്കാരി കേസുകളില്‍ പ്രതിയാണ് ഇയാള്‍. ചാത്തന്നൂര്‍ മേഖലയില്‍ ബീവറേജസ് ഔട്ട്ലെറ്റില്ലാത്തതുകൊണ്ട് തൃശൂരില്‍ നിന്നും മറ്റും വിദേശമദ്യം വാങ്ങി ഉയര്‍ന്ന വിലയ്ക്ക് ചാത്തന്നൂരില്‍ വില്പന നടത്തിവരികയായിരുന്നു ഇയാള്‍.
എസ്ഐ പി.പി.ജോയി, എഎസഐ വിദ്യാധിരാജ്, സിപിഒമാരായ സജീവന്, ഷിഹാബ്, സഗുണന്, സ്റ്റെബി ജോര്‍ജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: