ആലപ്പുഴ: അടുത്തമാസം 15ന് തുടങ്ങുന്ന കരസേന റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് ഇടനിലക്കാര്‍ സജീവമായി പ്രവര്‍ത്തിക്കുന്നതായി കരസേനയുടെ ശ്രദ്ധയില്‍ പെട്ടിട്ടുള്ളതായി ആര്‍മി വക്താവ് അറിയിച്ചു. ജോലി വാഗ്ദാനം നല്‍കുന്ന ഈ തട്ടിപ്പ് സംഘങ്ങള്‍ മൂന്ന് മുതല്‍ അഞ്ചു ലക്ഷം രൂപ വരെ ആവശ്യപ്പെടുകയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി വയ്‌ക്കുന്നതായും വിവരം ലഭിച്ചിരിക്കുന്നതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ ജാഗരൂകരായിരിക്കണം. ഈ തട്ടിപ്പ് സംഘത്തിനെ കുറിച്ച് സംസ്ഥാന ഭരണകൂടത്തെയും പോലീസിനെയും അറിയിച്ചിട്ടുണ്ട്. കരസേന നടത്തുന്ന തിരഞ്ഞെടുപ്പു പ്രക്രിയ സത്യസന്ധവും വസ്തുതാപരവും സുതാര്യവുമാണ്. സംസ്ഥാനത്തിന് പുറത്തുള്ള വ്യത്യസ്ഥ ടീമാണ് ഓരോ ഘട്ടങ്ങളിലും തിരഞ്ഞെടുപ്പ് നടത്തുന്നത്. റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് ഏതെങ്കിലും വ്യക്തിയുടെയോ, സ്ഥാപനത്തിന്റെയോ, സംഘടനയുടെയോ സഹായ വാഗ്ദാനങ്ങളില്‍ പെട്ട് വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഇന്ത്യന്‍ ആര്‍മി രാജ്യമെമ്പാടും തുറന്ന തിരഞ്ഞെടുപ്പു റാലിയാണ് സംഘടിപ്പിക്കുന്നത്. ഇതില്‍ ഇടനിലക്കാര്‍ക്ക് യാതൊരു പങ്കുമില്ല. കരസേനയില്‍ തിരഞ്ഞെടുക്കപ്പെടുവാന്‍ ഉദ്യോഗാര്‍ത്ഥികളുടെ കഴിവും, ശാരീരിക ക്ഷമതയുമാണ് പ്രധാനം, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആരെങ്കിലും സഹായങ്ങളുമായി സമീപിച്ചാല്‍ ആര്‍മി റിക്രൂട്ടിങ് ഓഫീസിലോ, അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണം. ഫോണ്‍ നമ്പര്‍ 0471-2351762
















