തൃശൂര്‍: പുറമ്പോക്ക് സ്ഥലം ഒഴിപ്പിക്കാന്‍ പോയ കൗണ്‍സിലറെ ഭീഷണിപ്പെടുത്തിയ അഡീഷണല്‍ എസ്ഐക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോര്പറേഷന് കൗണ്‍സില്‍ യോഗം പ്രമേയം പാസാക്കി. സിപിഎം അനുകൂല പോലീസ് സംഘടനയുടെ സെക്രട്ടറിയും നെടുപുഴ സ്റ്റേഷനിലെ അഡീഷണല്‍ എസ്ഐയുമായ യു.രാജനെതിരെയാണ് കൗണ്‍സില്‍ ഐകകണ്ഠേന പ്രമേയം പാസാക്കിയത്.
കണ്ണംകുളങ്ങര ഡിവിഷന് കൗണ്‍സിലര്‍ വിന്‍ഷി അരുണ്കുമാറിനോടാണ് രാജന് മോശമായി പെരുമാറിയത്. കണ്ണംകുളങ്ങരയില്‍ റോഡ് വികസനവുമായി ബന്ധപ്പെട്ട് ഒഴിപ്പിച്ച പുറമ്പോക്ക് ഭൂമിയില്‍ ഭൂവുടമ കൈയ്യേറ്റം നടത്തി മതില് കെട്ടിയിരുന്നു. ഇത് പൊളിക്കാനായി കോര്പറേഷന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. കയ്യേറ്റം ഒഴിപ്പിക്കാനായി എത്തിയ വിന്‍ഷിയെ എസ്ഐ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
വല്ലാതെ ആവേശം കാണിക്കേണ്ട, അതൊക്കെ ഞങ്ങള്‍ നോക്കിക്കൊള്ളാം. എന്നായിരുന്നു വിന്ഷിയോടുള്ള രാജന്റെ ഭീഷണി. ഇതിന് പുറമേ തന്റെ ഭര്‍ത്താവിനെയും ഭീഷണിപ്പെടുത്തിയെന്ന് വിന്‍ഷി കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. കൗണ്‍സിലര്‍ എം.എസ്.സമ്പൂര്‍ണയാണ് പ്രമേയം അവതരിപ്പിച്ചത്. എ.എസ്.ഐ ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് എം.കെ.മുകുന്ദനും ഭരണ പ്രതിപക്ഷ കൗണ്‍സിലര്‍മാരും ആവശ്യപ്പെട്ടു. കൗണ്‍സിലര്‍ പരാതി നല്‍കിയത് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്ന് മേയര്‍ അജിത ജയരാജന് പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടു കാര്യമില്ല, പ്രമേയം പാസാക്കി കമ്മീഷണറോട് നടപടിയെടുക്കാന്‍ ആവശ്യപ്പെടണമെന്നായിരുന്നു കൗണ്‍സിലര്‍മാരുടെ ആവശ്യം.
മറ്റൊരു വിഷയവുമായി ബന്ധപ്പെട്ട് ഈ എഎസ്ഐക്കെതിരെ നടപടിയെടുക്കാന്‍ കമ്മീഷണര്‍ ഹിമേന്ദ്രനാഥ് തയ്യാറെടുത്തപ്പോള്‍ സിപിഎം ജി്ല്ലാ സെക്രട്ടറി ഇടപെട്ടാണ് ഒഴിവാക്കിയതത്രേ. ഇപ്പോള്‍ സിപിഎം ഭരിക്കുന്ന കോര്പറേഷന് കൗണ്‍സില്‍ തന്നെ എഎസ്ഐക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയത് ശ്രദ്ധേയമായി.
തെരുവുവിളക്ക് കത്താത്തതും തെരുവുനായ പ്രശ്നം പരിഹരിക്കാത്തതും കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയായി.
പെന്ഷന് വിതരണം പാളിയെന്നും പലര്‍ക്കും പെന്ഷന് കിട്ടിയില്ലെന്നുമുള്ള പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ ആരോപണത്തിനെതിരെ ഭരണകക്ഷിയംഗങ്ങള്‍ രംഗത്തെത്തിയത് വാക്കേറ്റത്തിന് കാരണമായി. പെന്ഷന് ഇത്തവണ 90 ശതമാനം പേര്‍ക്കും വിതരണം ചെയ്യാന്‍ കഴിഞ്ഞത് നേട്ടമാണെന്ന് ഭരണകക്ഷിയിലെ ബീന മുരളി, വി.കെ.സുരേഷ്കുമാര്‍, പി.സുകുമാരന്‍, അജിത വിജയന് തുടങ്ങിയവര്‍ വാദിച്ചു. എന്നാല്‍ കോര്പറേഷന് അതിര്‍ത്തിയില്‍ എത്ര പേര്‍ക്ക് പെന്ഷന് നല്കിയെന്നുള്ള രേഖ ഹാജരാക്കാന്‍ കഴിയുമോയെന്നായിരുന്നു പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ വെല്ലുവിളി.
പൊതു ചര്‍ച്ചയില്‍ നടന്ന വിഷയങ്ങളില്‍ ഡെപ്യൂട്ടി മേയറാണ് മറുപടി പറഞ്ഞത്. അരണാട്ടുകരയിലെ പോസ്റ്റോഫീസ് മാറ്റുന്നതിനെതിരെയും കൗണ്‍സിലര്‍മാര്‍ രംഗത്തു വന്നു. വി.രാവുണ്ണി, പി.കൃഷ്ണന്‍കുട്ടി, അനൂപ് ഡേവിസ് കാട, സി.ബി.ഗീത, ലാലി ജെയിംസ്, ജേക്കബ് പുലിക്കോട്ടില്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പിന്നീട് അഞ്ചു മിനിറ്റു കൊണ്ട് 68 അജണ്ഡകളും പാസാക്കി യോഗം പിരിഞ്ഞു.
ബിജെപി ജില്ലാസെക്രട്ടറിയും കൗണ്‍സിലറുമായ വിന്‍ഷി അരുണ്‍ കുമാറിനെ നെടുപുഴ എഎസ്ഐ ഭീഷണിപ്പെടുത്തിയതില്‍ ബിജെപി ജില്ലാ ഭാരവാഹിയോഗം പ്രതിഷേധിച്ചു.പോലീസിലെ ഇടത് യൂണിയന് നേതാവായ ഇയാള്‍ സിപിഎം ശൈലിയിലുള്ള ഗുണ്ടായിസമാണ് നടത്തുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.പ്രസിഡന്റ് എ നാഗേഷ് അദ്ധ്യക്ഷത വഹിച്ചു.മുന്‍ ജില്ലാ പ്രസിഡന്റ് പിഎസ്.ശ്രീരാമന്,ജനറല്‍ സെക്രട്ടറിമാരായ കെപി.ജോര്‍ജ്ജ്,അഡ്വ.കെകെ.അനീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: