കണ്ണൂര്‍: കാഴ്ചയില്ലാത്ത യുവാവിനെ പിതാവ് വീട്ടില്‍ കയറ്റുന്നില്ലെന്ന പരാതിയില്‍ ചക്കരക്കല്ല് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അടിയന്തരമായി ഇടപെടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കണ്ണൂര്‍ വാരം അര്‍ഷാദ് ഭവനില്‍ ഇര്‍ഷാദ് കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്‌സണ്‍ പി.മോഹന്‍ദാസിന്് നേരിട്ട് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ഇര്‍ഷാദിന്റെ മൊഴി കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അമ്മയുടെ പേരിലുള്ള വീട്ടില്‍ പിതാവ് തന്നെ പ്രവേശിപ്പിക്കുന്നില്ലെന്നാണ് ഇരു കണ്ണുകള്‍ക്കും കാഴ്ചയില്ലാത്ത ഇര്‍ഷാദിന്റെ പരാതി. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തിയശേഷം ഒക്‌ടോബര്‍ 20-ന് മുമ്പായി വിശദീകരണം നല്കണമെന്ന് സി.ഐ.ക്ക് നിര്‍ദ്ദേശം നല്കി. ഇര്‍ഷാദിന്റെ പിതാവ് അബ്ദുള്ളകുഞ്ഞിയോട് ഒക്‌ടോബര്‍ 20-ന് കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ നേരിട്ട് ഹാജരാകണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കണ്ണൂര്‍ സിറ്റിംഗ് അവസാനിച്ചശേഷം ഇര്‍ഷാദ് ആക്റ്റിംഗ് ചെയര്‍പേഴ്‌സണെ നേരില്‍ കാണുകയായിരുന്നു.
















