2016 ഫെബ്രുവരിയില്‍ ജെഎന്‍യുവില്‍ നടന്ന സംഭവങ്ങള്‍ക്കുശേഷം ഇലക്ട്രോണിക് മാധ്യമങ്ങളില്‍, പ്രത്യേകിച്ചും മുഖ്യധാര ഇംഗ്ലീഷ് മാധ്യമങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. രാഷ്ട്രത്തെക്കുറിച്ചും ദേശീയ ബോധത്തെക്കുറിച്ചും. ജനാധിപത്യം, സംസാരിക്കുവാനുള്ള സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് അഭിപ്രായം രൂപീകരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇവിടെ നടന്നത്. സ്വാതന്ത്ര്യം നേടി 70 വര്‍ഷം പിന്നിടുമ്പോള്‍ ശക്തമായ ദേശീയ ബോധം നമ്മുടെ .യുവാക്കളുടെ മനസ്സിലുറപ്പിക്കുന്നതില്‍ നാം പരാജയപ്പെട്ടു. യൂണിവേഴ്സിറ്റികളില്‍ വിഭജന പ്രവണത ഉടലെടുത്തത് അതിന്റെ പരിണിതഫലമാണ്. എന്തുകൊണ്ടാണിത്. ഒരു വിഭാഗം യുവാക്കളെ സംബന്ധിച്ച് സര്‍വകലാശാല എന്നത് ദേശവിരുദ്ധ കാര്യങ്ങളുള്‍പ്പെടെയുള്ളവ ചെയ്യാനുള്ള ഇടമാണ്.
നമ്മുടെ പാഠ്യപദ്ധതിയിലെ വിദ്യാഭ്യാസ സമ്പ്രദായമാണ് ഇതിന് മൂലകാരണം. വിദ്യാര്‍ത്ഥികളെ രാജ്യത്തോട് ഇണക്കിനിര്‍ത്തുന്ന ബോധം വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ ആവിഷ്കരിക്കാന്‍ സാധിച്ചില്ല എന്നത് നമ്മുടെ പരാജയം തന്നെയാണ്. രാജ്യവിഭജനത്തിലൂടെ ഭയാനകമായ അവസ്ഥയ്ക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്. അതിക്രമം നമ്മെ ഒന്നും പഠിപ്പിക്കുന്നില്ല. ജനങ്ങളെ ജാതിക്കും മതത്തിനും മതവിശ്വാസത്തിനും അതീതമായി ചിന്തിക്കാന്‍ പ്രേരണ നല്കാന് നാം കടപ്പെട്ടിരിക്കുന്നു. നമ്മുടെ ചിന്ത രാജ്യ താല്പര്യത്തിലൂന്നിയുള്ളതാകണം.
വിഭജനം മൂലമുണ്ടാകുന്ന ശത്രുതയെക്കുറിച്ച് ബോധ്യമുണ്ടായിരുന്ന ചുരുക്കം ചിലരിലൊരാളായിരുന്നു ദീന ദയാല്‍ ഉപാദ്ധ്യായ. വിഭജനത്തിന് ശേഷം താറുമാറായ അവസ്ഥയില്‍ നിന്ന് ദേശീയബോധമുള്ള ഭാരതത്തെ സൃഷ്ടിച്ചെടുക്കുന്നതായി അദ്ദേഹം സ്വപ്നം കണ്ടു. അതിലൂടെ എല്ലാ സമ്മര്‍ദ്ദങ്ങളേയും അടിച്ചമര്‍ത്തലുകളേയും അതിജീവിക്കാന്‍ സാധിക്കുമെന്നും അതുകൊണ്ടുതന്നെ ജനങ്ങള്‍ക്കിടയില്‍ ശക്തമായ ദേശീയ ബോധം രൂപീകരിക്കുകയെന്നത് മൗലിക ലക്ഷ്യമാണെന്നും അദ്ദേഹം ചിന്തിച്ചു.
ദീനദയാല്‍ ഉപാദ്ധ്യായയുടെ ഏകാത്മ മാനവദര്‍ശനം എന്നത് സാമൂഹ്യ-സാമ്പത്തിക പ്രബന്ധമാണ്. രാജ്യതന്ത്രം, ഭരണം എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ സ്പര്‍ശിച്ചുകൊണ്ട് അരിസ്റ്റോട്ടില്‍ എഴുതിയ ‘പോയെറ്റിക്സ്’ പോലെയാണത്. രാഷ്ട്രം, ദേശീയത, രാജ്യത്തെ വാര്‍ത്തെടുക്കുന്നതില്‍ ദേശീയത എത്തരത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു എന്നീ വിഷയങ്ങളില്‍ അദ്ദേഹത്തിനുള്ള കാഴ്ചപ്പാടാണ് ഈ പ്രബന്ധത്തിലൂടെ പ്രകാശിപ്പിച്ചത്. ദീനദയാല്‍ ഉപാദ്ധ്യായയാണ് ആദ്യമായി രാഷ്ട്രമെന്തെന്നും അവിടെ വ്യക്തിയുടെ പങ്കെന്തെന്നും നിര്‍വചിച്ചത്. ഏതെങ്കിലും ഒരു സ്ഥലത്ത് ജനങ്ങളുടെ സഹവാസമുണ്ടെന്ന് കരുതി രാഷ്ട്രമാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ജനങ്ങള്‍ ഒന്നിച്ച് ജീവിക്കുകയും അവര്‍ക്കിടയില്‍ പൊതുവികാരവും ആഗ്രഹവും പങ്കുവയ്ക്കപ്പെടുകയും ചെയ്യുമ്പോഴാണ് ദേശീയബോധം ഉണ്ടാവുകയുള്ളു. എല്ലാ മനുഷ്യര്‍ക്കും ഇരട്ട ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം പറയുമായിരുന്നു, സ്വന്തം ഉത്തരവാദിത്തവും രാജ്യത്തോടുള്ള ഉത്തരവാദിത്തവും. ഒരു രാഷ്ട്രം, രാഷ്ട്രമാവണമെങ്കില്‍ ജനങ്ങള്‍ പൊതുവായ ആദര്‍ശവും ദൗത്യവും പരസ്പരം പങ്കുവയ്ക്കുകയും വസിക്കുന്നിടത്തെ മാതൃഭൂമിയായി പരിഗണിക്കുകയും വേണം. രാജ്യത്തിന്റെ പുരോഗതിയും ജനങ്ങള്‍ ശരാശരി ജീവിത നിലവാരം പുലര്‍ത്തുന്നുണ്ട് എന്ന് ഉറപ്പാക്കുകയും ചെയ്യുകയെന്നത് ഓരോ വ്യക്തിയുടേയും പൊതു ലക്ഷ്യമാവണം.
ചിതി, സംസ്കാരം, ധര്‍മം എന്നിവ തമ്മിലുള്ള ബന്ധത്തേയും ദീനദയാല്‍ ഉപാദ്ധ്യായ വിശകലനം ചെയ്യുന്നു. ചിതി എന്ന ആശയത്തിന്റെ വീക്ഷണകോണില്‍ നിന്നാവണം വ്യക്തികളുടെ കര്‍മം എന്ന് അദ്ദേഹം വാദിക്കുന്നു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ നമ്മുടെ പൂര്‍വികരില്‍ നിന്ന് തലമുറകളായി തുടര്‍ന്നുവന്നിട്ടുള്ള സംസ്കാരം ഇപ്പോഴത്തെ തലമുറയിലേക്കും പകരുക എന്നതാണ്.
ദേശീയതയെ ഉയര്‍ന്ന പീഠത്തിലാണ് അദ്ദേഹം പ്രതിഷ്ഠിച്ചിരിക്കുന്നത്. സര്‍ക്കാരിന് ജനങ്ങളുടെ പൊതുവായ ആഗ്രഹം മനസ്സിലാക്കാന്‍ സാധിക്കണം. ചിലപ്പോള്‍ അവരുടെ അഭിലാഷം വ്യാഖാനിക്കാന്‍ സാധിച്ചേക്കും. ചിലപ്പോള്‍ വിശദീകരിക്കാന്‍ സാധിച്ചില്ലെന്നും വരാം.
നിലവിലെ സാഹചര്യത്തില്‍ ദീനദയാല്‍ ഉപാദ്ധ്യായയുടെ ദേശീയത എന്ന സങ്കല്പത്തെ എങ്ങനെയാണ് വ്യാഖ്യാനിക്കാന്‍ സാധിക്കുക? ഒരു രാജ്യത്ത് ജീവിക്കുന്നവരുടെ പ്രശ്നങ്ങള്‍ ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കും. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ അവരുടെ സമീപനവും വ്യത്യസ്തമായിരിക്കും. എന്നാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലെ വ്യത്യസ്തതയൊന്നും രാഷ്ട്രത്തിന്റെ ആത്മാവിനെ സ്പര്ശിച്ചുകൊണ്ടാവരുത്.
സമൂഹത്തില്‍ നിലനില്‍ക്കുന്ന വിവേചനങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിന് പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുക തന്നെ വേണം. പക്ഷെ അത് ദേശീയതക്കും രാഷ്ട്രത്തിനും എതിരാവരുത്. രാഷ്ട്രത്തോടുള്ള തന്റെ ധര്‍മത്തെക്കുറിച്ച് എല്ലാ വ്യക്തികള്‍ക്കും ബോധ്യമുണ്ടാവണം. രാഷ്ട്രരൂപീകരണ, സ്വഭാവ രൂപീകരണ വിദ്യാഭ്യാസത്തെക്കുറിച്ച് വാദിച്ചുകൊണ്ട് സ്വാമി വിവേകാനന്ദന് അഭിപ്രായപ്പെട്ടത്, വ്യക്തി രാഷ്ട്രത്തിന് അതീതമോ രാഷ്ട്രം വ്യക്തിക്ക് അതീതമോ അല്ല എന്നാണ്. പക്ഷെ രണ്ടിനുമിടയില്‍ പരസ്പര ധര്മ്മമുണ്ട്. ദീനദയാല്‍ ഉപാദ്ധ്യായ ഈ വാക്കുകളെ പുനര്‍വ്യാഖ്യാനം ചെയ്യുകയാണ് വ്യക്തി, വ്യക്തിയുടെ പങ്ക്, രാഷ്ട്രം, ദേശീയബോധം ഇവതമ്മിലുള്ള ബന്ധം വിശദീകരിച്ചുകൊണ്ട്.
ദീനദയാല്‍ ഉപാദ്ധ്യായയെ പോലുള്ള രാഷ്ട്രമീമാംസകരുടെ സാമര്‍ത്ഥ്യം എന്തായിരുന്നു എന്ന് മനസ്സിലാക്കാതെ പോയതാണ് ഒരു രാഷ്ട്രം എന്ന നിലയില്‍ ഭാരതത്തിന്റെ പരാജയം. വിഭജനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഏറ്റുവാങ്ങിയിട്ടും അതില്‍ നിന്ന് പാഠം പഠിക്കുന്നുമില്ല. നമ്മുടെ പാഠ്യപദ്ധതിയില്‍ ഏകാത്മ മാനവദര്ശനവും ഉള്‍പ്പെടുത്തുക എന്നതാണ് ചില സര്‍വകലാശാലകളിലെങ്കിലും ഉടലെടുക്കുന്ന വിഭാഗീയ പ്രവണതയെ ചെറുക്കാനുള്ള പ്രതിവിധി. ദീനദയാല്‍ ഉപാദ്ധ്യായയുടെ പ്രസക്തി മുമ്പത്തേക്കാള്‍ കൂടുതലാണ് ഈ കാലഘട്ടത്തില്‍.
(ബിജെപി വക്താവാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: