മുട്ടം: മുട്ടം പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പ്പെട്ട കരിക്കനാംപാറ കണ്ണാടിപ്പാറ പ്രദേശങ്ങള്‍ അധികൃതരുടെ അവഗണയില്‍ വീര്‍പ്പുമുട്ടുന്നു. ഈ പ്രദേശത്ത് എത്തിച്ചേരുവാന്‍ നല്ലൊരു റോഡു പോലുമില്ല. കല്ലും പാറക്കെട്ടുകളും താണ്ടി കാല്‍ നടയായി മാത്രമേ ഇവിടെ എത്തുവാന്‍ കഴിയൂ.മഴക്കാലത്ത് പാറകളില്‍ പായല്‍ പിടിച്ച് കാല്‍നടയാത്ര പോലും ദുഷ്‌കരമാണ്.കരിക്കനാംപാറ കണ്ണാടിപ്പാറ പ്രദേശങ്ങളിലായി 150 കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. മിക്കവരും മോശം സാഹചര്യങ്ങളില്‍ ജീവിതം തള്ളിനീക്കുകയാണ്. തകരഷീറ്റും ടാര്‍പോളിന്‍ ഷീറ്റുമുപയോഗിച്ചാണ് മിക്ക വീടുകളും നിര്‍മ്മിച്ചിട്ടുള്ളത്. ഇവിടുത്തുകാരെ അത്യാവശ്യ സാഹചര്യങ്ങളില്‍ ആശുപത്രിയില്‍ എത്തിക്കണമെങ്കില്‍ വാഹനസൗകര്യമുള്ള ഇടപ്പള്ളി വരെ രണ്ട് കിലോമീറ്റര്‍ ചുമന്നെത്തിക്കണം. പത്തും അഞ്ചും സെന്റ് സ്ഥലം വീതമുള്ള ഭൂരിഭാഗം ആള്‍ക്കാര്‍ക്കും ഇതുവരെ പട്ടയം കിട്ടിയിട്ടില്ല. പിന്നോക്ക മേഖലയിലേക്ക് നിരവധി പദ്ധതികള്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടേതായി ഉള്ളപ്പോഴാണ് വികസന മുരടിപ്പില്‍ ഈ പ്രദേശം കിതയ്‌ക്കുന്നത്. വേനല്‍ക്കാലത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഈ പ്രദേശത്തുകാരുടെ തീരാ ദു:ഖത്തിനു നേരെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ മുഖം തിരിക്കുകയാണ്.
















