അന്തിക്കാട്: പട്ടാപ്പകല്‍ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് പണം കവര്‍ന്ന യുവാവിനെ ഓട്ടോറിക്ഷാ തൊഴിലാളി അതിസാഹസികമായി ഓടിച്ചിട്ട് പിടിച്ച് പോലീസിലേല്പിച്ചു. കവര്‍ച്ച ,തത്സമയം തന്നെ കണ്ടെത്താന്‍ സഹായിച്ചത് സിസി ടിവി ദൃശ്യങ്ങള്‍. വരാപ്പുഴ, തുണ്ടത്തുംകടവ്, ഓത്തൈക്കന് വീട്ടില്‍ മുപ്പതുകാരനായ ബിജുവിനെയാണ് രണ്ട് ബസ്സുകളില്‍ മാറി മാറിക്കയറിയും, ഓടിയും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഓട്ടോറിക്ഷയിലും ബൈക്കിലുമായി, സിനിമാ സ്റ്റൈലില്‍ പിന്തുടര്ന്ന് അര മണിക്കൂര്‍ നേരത്തെ കഠിന പ്രയത്നം കൊണ്ട് പിടികൂടാനായത്. കണ്ടശ്ശാംകടവ് സെന്റ് മേരീസ് ഫെറോന പള്ളിയിലാണ് ചലച്ചിത്ര രംഗങ്ങളെ വെല്ലുന്ന ഉദ്വേഗജനകവും ചിരിപ്പിക്കുന്നതുമായ സംഭവങ്ങള്‍ അരങ്ങേറിയത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു കണ്ടശ്ശാങ്കടവു മുതല്‍ വിളക്കും കാല് വരെയുള്ള നാട്ടുകാരെ പരിഭ്രാന്തരാക്കിയസംഭവം. പള്ളിയിലെ അള്‍ത്താരയ്ക്ക് സമീപമുള്ള നേര്‍ച്ചപ്പെട്ടി ഒരു യുവാവ് കുത്തിത്തുറന്ന് പണം സാവകാശം കീശയിലാക്കുന്ന സിസി ടിവി ദൃശ്യം ശ്രദ്ധയില്‍ പെട്ട പള്ളി വികാരി ഫാ.ജോസഫ് പൂവ്വത്തുംകാരന് സംഭവസ്ഥലത്തേയ്ക്ക് പാഞ്ഞെത്തി.അച്ഛനെ കണ്ടതും യുവാവ് പുറത്തേയേക്കാടി.ഒച്ചയെടുത്തു കൊണ്ട് അച്ചന് പിറകേയും. ഈ സമയത്ത് കുടുംബവുമൊന്നിച്ച് ബാങ്കില്‍ നിന്ന് ഓട്ടോയില്‍ വന്നിരുന്ന കണ്ടശ്ശാംകടവ്, മാമ്പുള്ളി സ്വദേശി താണിക്കല്‍ ജോസ്, കള്ളനെ ഓട്ടോയില്‍ പിന്തുടര്ന്നു. ഓട്ടം തുടര്‍ന്ന മോഷ്ടാവ് തൃശൂര്‍ ഭാഗത്തേയ്ക്ക് പോയിരുന്ന ബസ്സില്‍ ചാടിക്കയറി. ഓട്ടോ യുമായി ബസ്സിനെ പിന്തുടര്‍ന്ന ജോസ്, ബസ്സിനു കുറുകെ ഓട്ടോ നിറുത്തി കള്ളനെ പിടിക്കാനെത്തിയപ്പോള്‍ ഇയാള്‍ വീണ്ടും കണ്ടശ്ശാങ്കടവ് ഭാഗത്തേയ്ക്ക് മിന്നല്‍ വേഗത്തില്‍ ബസ്സില്‍ നിന്ന് ഇറങ്ങി ഓടി. കണ്ടശ്ശാങ്കടവിലെത്തിയ കള്ളനെ പിടിച്ചു പിടിച്ചില്ല എന്ന മട്ടിലെത്തിയപ്പോള്‍ കള്ളന് വീണ്ടും അതുവഴി വന്ന തൃശൂര്‍ ബസ്സില്‍ ചാടിക്കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. വാശി കയറിയ ജോസ് ഓട്ടോ ഉപേക്ഷിച്ച് തൊട്ടടുത്ത കായക്കച്ചവടക്കാരന്റെ ബൈക്കില്‍ പിന്തുടര്ന്നു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ പിറകേയും. വിളക്കും കാല് ജംങ്ഷനില്‍ വെച്ച് ബസ്സിനു കുറുകെ ബൈക്ക് നിര്‍ത്തി , കള്ളനെ ഓടിച്ചിട്ടു പിടിച്ചു. തത്സമയത്ത്, വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ അന്തിക്കാട് എസ് ഐ കെഎക്സ് സില്വസ്റ്റെറിനും സംഘത്തിനും കവര്‍ച്ചക്കാരനെ കൈമാറി. സമാനമായ കളവുകള്‍ ഇയാള്‍ മുമ്പും ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: