പത്തനാപുരം: സമ്പന്നതയുടെ നടുവില്‍ മക്കള്‍ ഉപേക്ഷിച്ച വൃദ്ധപിതാവിന് രാത്രി തലചായ്‌ക്കാന്‍ കടത്തിണ്ണ. മാങ്കോട് തൈവടക്കേതില്‍ വീട്ടില്‍ കുവൈറ്റ് അച്ചായനെന്നറിയപ്പെടുന്ന ജോണ്‍ ശാമുവേലി(90)നാണ് ഈ ദുര്‍ഗതി.
ഇരുപത്തിമൂന്നാമത്തെ വയസില്‍ എലിയറയ്‌ക്കലില്‍ നിന്നും മാങ്കോട് എന്ന വനമേഖലയിലേക്കെത്തുമ്പോള്‍ മണ്ണില്‍ പണിയെടുക്കാനുള്ള കരുത്തും മനസും മാത്രമായിരുന്നു കൈമുതല്‍.’
ഭാര്യ മറിയാമ്മക്കൊപ്പം മണ്ണില്‍ പൊന്ന് വിളയിച്ച് ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടയില്‍ പ്രതീക്ഷയുടെ തിരിനാളവുമായി നാലു കുട്ടികള്‍ പിറന്നു. തങ്ങള്‍ക്ക് ലഭിക്കാതിരുന്ന വിദ്യാഭ്യാസം മക്കള്‍ക്ക് നേടിക്കൊടുക്കാനും ഈ പിതാവ് മറന്നില്ല. ഉന്നതവിദ്യാഭ്യാസം നേടിയ മക്കള്‍ അമേരിക്കയിലുള്‍പ്പെടെ ഉയര്‍ന്ന നിലയില്‍ ജീവിക്കുന്നു. ഇതിനിടയില്‍ പിതാവിന്റെ ഉടമസ്ഥതയിലുള്ള വസ്തുവും വീടും മക്കള്‍ എഴുതിവാങ്ങി. ചിലത് വിറ്റ് പണവും കൈക്കലാക്കി. രണ്ട് വര്‍ഷം മുമ്പ് ഭാര്യ മറിയാമ്മ മരിച്ചതോടെയാണ് മക്കളും മരുമക്കളും ചേര്‍ന്ന് തന്നെ ഒഴിവാക്കാന്‍ തുടങ്ങിയതെന്ന് ജോണ്‍ ശാമുവേല്‍ പറയുന്നു.
വീട്ടില്‍ നിന്ന് പുറത്താക്കിയതോടെ കുറച്ച് ദിവസമായി പത്തനാപുരം നഗരത്തിലെ കടത്തിണ്ണകളിലാണ് ജീവിതം. ആരെങ്കിലും ആഹാരം അറിഞ്ഞു നല്‍കിയാല്‍ വാങ്ങികഴിക്കും.
പോലീസില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും ഈ വൃദ്ധപിതാവ് പറയുന്നു. ശിഷ്ടകാലം മക്കളോടൊപ്പം ജീവിക്കണമെന്ന ആഗ്രഹിക്കുമ്പോഴും നാളെയെപ്പറ്റിയുള്ള പ്രതീക്ഷകളുടെ തിളക്കമൊക്കെ ആ കണ്ണുകളില്‍ നിന്നും മാഞ്ഞുപോയിട്ടുണ്ട്.
















