അടിമാലി: കൊച്ചി-മധുര ദേശീയപാതയില്‍ ഇന്നലെ രാവിലെ വാഹന പരിശോധനക്കിടെ രണ്ട് ബുള്ളറ്റുകള്‍ ട്രാഫിക് എസ് ഐ യേയും രണ്ട് പോലീസുകാരേയും ഇടിച്ച് തെറിപ്പിക്കുവാന്‍ ശ്രമിച്ചു. എസ്‌ഐയുടെ കാലിലൂടെ ബൈക്ക് കയറിയിറങ്ങി. ഷൂ പൂര്‍ണ്ണമായും തകര്‍ന്നു. ഓടി മാറയതുകൊണ്ട് അപകടം ഒഴിവായി. അടിമാലി ട്രാഫിക് എസ്‌ഐ മുസ്തഫയുടെ ഷൂവിന് മുകളിലൂടെയാണ് ബൈക്ക് കയറി ഇറങ്ങിയത്. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. കൂമ്പന്‍പാറ ഭാഗത്ത് വെച്ച് ഹൈവേ പോലീസ് കൈ കാണിച്ചിട്ടും ബൈക്കുകള്‍ നിര്‍ത്തിയില്ല.
ഇതേ തുടര്‍ന്ന് പോലീസ് ട്രാഫിക് പോലീസിന് സന്ദേശം നല്‍കി. അടിമാലി എസ്എന്‍ഡിപി ജംഗ്ഷനില്‍വെച്ച് എസ് ഐയും സംഘവും ബൈക്കുകള്‍ക്ക് കൈ കാണിച്ചു. ഇതോടെ ബൈക്കുകള്‍ പോലീസിന്റെ നേരെ പാഞ്ഞടുത്തു.
എസ് ഐ യും സംഘവും റോഡില്‍ നിന്നും ഓടി. ഇതിനിടെ ബൈക്ക് എസ് ഐ യുടെ കാലിലൂടെ കയറി ഇറങ്ങുകയായിരുന്നു. ബൈക്കുകളുടെ നമ്പര്‍ ശ്രദ്ധിക്കുവാന്‍ പോലീസിന് കഴിഞ്ഞില്ല. മൂന്നാര്‍ സന്ദര്‍ശിച്ച് മടങ്ങിയ എറണാകുളം സ്വദേശികളാണെന്ന് സംശയിക്കുന്നതായി എസ്‌ഐ പറഞ്ഞു. ഊന്നുകല്‍ പോലീസും,വനപാലകരും ബൈക്കുകള്‍ കണ്ടെത്തുവാന്‍ ശ്രമിച്ചെങ്കിലും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. രണ്ട് മാസത്തിനിടെ ഇത് നാലാമത്തെ അനുഭവമാണെന്നും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെടുന്നതെന്നും എസ്‌ഐ പറഞ്ഞു. പോലീസ് അന്വഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
















