പത്തനാപുരം: കിഴക്കന്‍ മേഖലയുടെ കാര്‍ഷികരംഗത്തെ തകര്‍ക്കുന്ന ആഫ്രിക്കന്‍ ഒച്ചുകള്‍ വ്യാപിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി വ്യാപിക്കുന്ന ആഫ്രിക്കന്‍ ഒച്ചുകളെ നശിപ്പിക്കാന്‍ വിവിധ വകുപ്പുകളും ശാസ്ത്രസംഘത്തിന്റെയും സന്ദര്‍ശനം വഴി സാധ്യമാകുമെന്ന പ്രതീക്ഷയും ഇതോടെ അസ്ഥാനത്തായിരിക്കുകയാണ്.
വിളക്കുടി, മേലില, വെട്ടിക്കവല പഞ്ചായത്തുകളിലെ അതിര്‍ത്തി ഗ്രാമങ്ങളെല്ലാം ഒച്ചുകളുടെ പിടിയിലാണ്. സസ്യങ്ങളെ പൂര്‍ണ്ണമായും നശിപ്പിക്കുന്ന ഇവയ്‌ക്ക് റബ്ബറിന്റെ പാല്‍ വരെ ഊറ്റിയെടുക്കാന്‍ കഴിവുണ്ട്. കഴിഞ്ഞ വര്‍ഷം കൃഷി-മൃഗസംരക്ഷണവകുപ്പുകള്‍ സംയുക്തമായി ഒച്ച് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
കര്‍ഷകര്‍ക്ക് ആഫ്രിക്കന്‍ ഒച്ചുകളെ നശിപ്പിക്കുന്നതിനുള്ള ജൈവമിശ്രിതത്തിന്റെ നിര്‍മ്മാണം, തുരിശും പുകയിലയും ചേര്‍ന്നുള്ള കീടനിയന്ത്രണസംവിധാനം എന്നിവയില്‍ പരീശിലനവും നല്‍കി. എന്നാല്‍ വകുപ്പുകള്‍ സംയുക്തമായി നിരവധി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്‌തെങ്കിലും ഫലപ്രദമായില്ല. കോന്നിയിലെ കാര്‍ഷികമേഖലയില്‍ കണ്ടെത്തിയ ഒച്ചുകളെ നശിപ്പിക്കാന്‍ പത്ത് വര്‍ഷത്തിലധികം സമയമാണ് വേണ്ടിവന്നത്. വേനല്‍ക്കാലത്ത് മണ്ണിനടിയിലായിരിക്കുന്ന ഒച്ചുകള്‍ മഴക്കാലത്താണ് മുകളിലെത്തുക. ഒച്ചുകള്‍ വഴി മനുഷ്യന് ത്വക്ക്‌രോഗങ്ങളും ഉണ്ടാകുന്നുണ്ട്.
















