കുന്നത്തൂര്‍: തങ്ങളുടെ ആശയങ്ങള്‍ സ്ത്രീകള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ സിപിഎം കുടുംബശ്രീയെ ആയുധമാക്കുന്നു. സ്ത്രീസമത്വത്തിന്റെ പേരില്‍ ഹൈന്ദവാചാരങ്ങളെ സ്ത്രീസമൂഹത്തിനിടയില്‍ അവമതിപ്പ് ഉണ്ടാക്കി രാഷ്‌ട്രീയ മുതലെടുപ്പിനാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നീക്കം ശക്തമാക്കിയിട്ടുള്ളത്.കുടുംബശ്രീ എഡിഎസ് വാര്‍ഷികങ്ങളും ഓണാഘോഷവേദികളും ഇത്തരത്തില്‍ ശബരിമല സ്ത്രീപ്രവേശനത്തില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കാനുള്ള ഇടങ്ങളാക്കുകയാണ് സിപിഎം. ശബരിമലയിലെ സ്ത്രീപ്രവേശം തടയുന്നത് സ്ത്രീസമത്വത്തിന് എതിരാണെന്നും അത് ഹൈന്ദവപുരുഷമേധാവിത്വത്തിന്റെ സന്തതിയാണെന്നും നേതാക്കള്‍ തെറ്റിദ്ധരിപ്പിക്കുകയാണ്.
ശബരിമല ആചാരത്തെ പഴയ മാറുമറയ്‌ക്കല്‍, തൊട്ടുകൂടായ്‌മ പോലുള്ള ദുരാചാരണങ്ങളോട് ഉപമിച്ച് സ്ത്രീമനസുകളില്‍ ഭിന്നാഭിപ്രായം വളര്‍ത്തിയെടുക്കുകയാണ് ഇതിലൂടെ സിപിഎം ലക്ഷ്യം. ശബരിമല വിഷയത്തെപ്പറ്റി സംസാരിക്കുന്നവര്‍ മറ്റ് മതവിഭാഗങ്ങളിലെ ആചാരങ്ങളെകുറിച്ച് മൗനം പാലിക്കുന്നതും ശ്രദ്ധേയമാണ്. സ്ത്രീ അവകാശങ്ങള്‍ എല്ലാം നേടിയെടുത്തത് സമരങ്ങളിലൂടെയാണെന്ന് പറയുന്ന നേതാക്കള്‍ ശബരിമല സ്ത്രീപ്രവേശനത്തിന് സമരാഹ്വാനവും നടത്തുന്നുണ്ട്.
ജനാധിപത്യപ്രക്രിയയിലൂടെ തെരഞ്ഞെടുത്ത മതേതരജനപ്രതിനിധികളാണ് ഇത്തരത്തില്‍ സമരാഹ്വാനവും ആശയപ്രചാരണവും നടത്തുന്നത് എന്നുള്ളതാണ് വിരോധാഭാസം, ക്ഷേത്രങ്ങളുമായി പുലബന്ധം പോലുമില്ലാത്ത നേതാക്കള്‍ ഇത്തരത്തില്‍ അനാവശ്യവേദികളില്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നതിനോട് വിശ്വാസികളായ സ്ത്രീകള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. കുടുംബശ്രീ വേദികള്‍ ഇത്തരത്തില്‍ രാഷ്‌ട്രീയസംവാദവേദിയാക്കുന്നതിലും അവര്‍ പ്രതിഷേധത്തിലാണ്. ഭരണസ്വാധീനം ഉപയോഗിച്ച് ആനുകൂല്യങ്ങള്‍ നല്‍കില്ലെന്ന ഭയപ്പാടില്‍ ആരും പ്രതികരിക്കുന്നില്ലെന്ന് മാത്രം.
















