പത്തനാപുരം: തെരുവ്‌നായക്കളുടെ ആക്രമണം തുടര്‍ക്കഥയാകുന്നു. മേയാന്‍ വിട്ടിരുന്ന കുട്ടിയാടിന്റെ വായ ഭാഗം തെരുവ്‌നായ കടിച്ചെടുത്തു. കടയ്‌ക്കാമണ്‍ അംബേദ്ക്കര്‍ കോളനിയില്‍ പ്ലോട്ട് നമ്പര്‍ ബിയില്‍ സേതുവിന്റെ ആട്ടിന്‍ കുട്ടിയെയാണ് നായ കടിച്ചത്. ബഹളം കേട്ട് നാട്ടുകാര്‍ ഓടിഎത്തിയപ്പോഴേക്കും നായ്‌ക്കള്‍ ഓടിപ്പോയിരുന്നു. ആടിന്റെ വായ ഭാഗം പൂര്‍ണമായും നായ്‌ക്കള്‍ കടിച്ചെടുത്ത നിലയിലാണ്. ഇതിനാല്‍ തീറ്റ തിന്നാന്‍ പറ്റാത്ത ദയനീയ അവസ്ഥയാണ്. നായ്‌ക്കള്‍ കടിച്ച ആട്ടിന്‍കുട്ടിയുമായി മൃഗാശുപത്രിയില്‍ എത്തിയെങ്കിലും ഡോക്ടറില്ലാ എന്നു പറഞ്ഞ് മടക്കിയയച്ചു. ചോദിച്ചപ്പോള്‍ ഡോക്ടര്‍ കോണ്‍ഫറന്‍സിന് പോയി എന്നാണ് അറിയിച്ചത്. പിന്നീട് ഉടമസ്ഥന്‍ സ്വകാര്യ മൃഗാശുപത്രിയില്‍ എത്തിച്ചാണ് ആടിനെ ചികിത്സിച്ചത്. ഒരാഴ്ച മുമ്പാണ് അലിമുക്ക് പൂവണ്ണുംമൂട്ടില്‍ കൂട്ടില്‍ കെട്ടിയിട്ടിരുന്ന ആടിന്റെ ചെവി തെരുവ്‌നായ കടിച്ചെടുത്തത്. രണ്ടാഴ്ച മുമ്പാണ് പട്ടാഴിയില്‍ ഗര്‍ഭിണി ഉള്‍പ്പെടെ പത്തോളം പേരെ തെരുവ്‌നായ കടിച്ചത്. ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന തെരുവ്‌നായ ആക്രമണത്തില്‍ ഭയന്നിരിക്കുകയാണ് മലയോര വാസികള്‍.
















