ഭാരതീയ ജനതാപാര്‍ട്ടിയുടെ മഹിളാവിഭാഗം അദ്ധ്യക്ഷയായ എനിക്കുനേരെയുണ്ടായ ആക്രമണത്തില്‍ കുറ്റക്കാരെ മുഴുവന്‍ കണ്ടെത്താതെ രണ്ടുപേരെ മാത്രം പിടികൂടി യിരിക്കുകയാണ്. അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നത്.കേരളത്തില്‍ സ്ത്രീക്ക് കുടുംബത്തോടൊപ്പവും സഞ്ചരിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്.
എനിക്കും എന്റെ കുടുംബത്തിനും നേരെ കഴിഞ്ഞ 13 ന് ഉണ്ടായ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഞാനിത് പറയുന്നത്. ഓണത്തോടനുബന്ധിച്ച് അന്ന് വൈകിട്ട് നാല് മണിയോടെ ഞാനും ഭര്‍ത്താവ് സുരേഷ്, മൂത്ത മകന്‍ അക്ഷയ്, അനിയന്റെ മകള്‍ അഭിരാമി എന്നിവര്‍ക്കൊപ്പം കടുവാളില്‍ നിന്ന് പെരുമ്പാവൂരിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയതാണ്. ഓട്ടോറിക്ഷയിലായിരുന്നു യാത്ര. ഭര്‍ത്താവാണ് വണ്ടി ഓടിച്ചത്. പൗര്‍ണമിക്കാവിന് സമീപത്തെത്തിയപ്പോള്‍ എതിര്‍ ദിശയില്‍ നിന്ന് വളരെ വേഗത്തില്‍ വന്ന കാര്‍ ഓട്ടോയില്‍ ശക്തമായി ഇടിച്ചു നിര്‍ത്തി. റോഡിന് ഇരുവശത്തും കാനയാണ്. ഭാഗ്യംകൊണ്ടാണ് ഓട്ടോറിക്ഷ കാനയിലേക്ക് മറിയാതിരുന്നത്. പെരുമ്പാവൂര്‍ നഗരസഭ ഉപാദ്ധ്യക്ഷയും സിപിഐ അംഗവുമായ നിഷ വിനയന്റെ വീടിനടുത്ത് വച്ചായിരുന്നു സംഭവം. നിഷയും ഭര്‍ത്താവ് വിനയനും സംഭവത്തിന് സാക്ഷികളാണ്.
കാറിന്റെ ഡ്രൈവറോട് എവിടെ നോക്കിയാണ് വണ്ടിയോടിക്കുന്നതെന്ന് എന്റെ ഭര്‍ത്താവ് സുരേഷ് ചോദിച്ചു. വാക്കുതര്‍ക്കമുണ്ടായപ്പോള്‍ കാറിലുണ്ടായിരുന്ന സ്ത്രീ ഞങ്ങളുടെ ഭാഗത്താണ് തെറ്റെന്ന് പറഞ്ഞ് ബഹളമുണ്ടാക്കി ഭര്‍ത്താവിനെ ചീത്തവിളിച്ചു. ആ സ്ത്രീയുടെ വീട് എന്റെ വീടിനടുത്താണ്. ഇരുവരേയും കണ്ടാലറിയാം. ബഹളം കേട്ട് ഞാന്‍ ഓട്ടോയില്‍ നിന്നിറങ്ങി. മൊബൈലില്‍ വണ്ടി നമ്പര്‍ പകര്‍ത്തിക്കൊണ്ടാണ് അവര്‍ക്ക് സമീപത്തേക്ക് എത്തിയത്. അപ്പോള്‍ കാര്‍ ഓടിച്ച യുവാവ് എന്നാല്‍ നീ എന്റേയും ഫോട്ടോയെടുക്കെന്ന് പറഞ്ഞ് ഷര്‍ട്ടൂരി. അപ്പോഴും കാറിലിരുന്ന സ്ത്രീ ഞങ്ങളോട് കയര്‍ത്തു. നിങ്ങള്‍ ഡ്രൈവ് ചെയ്തുവന്നത് തെറ്റായ ദിശയിലായിരുന്നില്ലെയെന്ന് ഞാന്‍ ചോദിച്ചു. അപ്പോഴേക്കും നിഷയും വിനയനും വന്നു.
അവര്‍ ഞങ്ങളുടെ ഭാഗത്താണ് ന്യായമെന്നും വിഷയം ഉണ്ടാക്കരുതെന്നും പറഞ്ഞ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചു. അപ്പോഴേക്കും റോഡ് ബ്ലോക്കായി അവരുടെ തെറ്റ് മനസ്സിലാക്കി പ്രശ്‌നം ഒത്തുതീര്‍പ്പാക്കി അവര്‍ കാറില്‍ മടങ്ങി. ഭര്‍ത്താവ് സുരേഷും മക്കളും ഓട്ടോറിക്ഷക്ക് സമീപത്തേക്ക് പോയി. ഞാന്‍ നിഷയുടെ വീടിന് മുന്നില്‍ നിന്ന് അവരോട് സംസാരിച്ചുകൊണ്ടിരിക്കെ, പത്ത് മിനിട്ട് തികയുന്നതിന് മുമ്പെ ആ സ്ത്രീയും പുരുഷനും കുറച്ചാളുകളുമായി കാറിലും ബൈക്കുകളിലുമായി വന്നു. പ്രശ്‌നം ഉണ്ടാക്കിയ പുരുഷനും സ്ത്രീയും കാറിന് വെളിയിലിറങ്ങി. സ്ത്രീ കൈയുംകെട്ടി നിന്നു. അവരുടെ ഭര്‍ത്താവും കൂടെയുണ്ടായിരുന്നവരും ഓട്ടോറിക്ഷക്ക് സമീപത്തെത്തി ഭര്‍ത്താവിനെ ആക്രമിച്ചു.
ഇതിനിടയില്‍ അടിക്ക് അടിക്ക് എന്ന് പറഞ്ഞ് സ്ത്രീ ആകോശിക്കുന്നുണ്ടായിരുന്നു. അജ്മല്‍ എന്നുപറയുന്ന ആളാണ് അദ്ദേഹത്തെ വണ്ടിയില്‍ നിന്ന് വലിച്ചിറക്കി ഓട്ടോയിലേക്ക് ചേര്‍ത്തുനിര്‍ത്തി ആദ്യം മര്‍ദ്ദിച്ചത്. അതുകണ്ട് അവര്‍ക്കടുത്തേക്ക് ഓടിയെത്തിയ എന്നെ അജ്മല്‍ അടിച്ചു. ഞാന്‍ നിലത്തേക്ക് തലയിടിച്ചു വീണു. മകന്‍ ഇതുകണ്ട് വണ്ടിയില്‍ നിന്നിറങ്ങിയപ്പോള്‍ അവനെയും ആക്രമിച്ചു. ഞങ്ങളെ ആക്രമിക്കുന്നതുകണ്ടപ്പോള്‍, കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയെ മകന്‍ ഉടന്‍തന്നെ നിഷയുടെ വീട്ടില്‍ കൊണ്ടുചെന്നിരുത്തിയതിനാല്‍ അവള്‍ക്ക് മര്‍ദ്ദനമേറ്റില്ല. മകന്‍ സമയോചിതമായി പ്രവര്‍ത്തിച്ചില്ലായിരുന്നെങ്കില്‍ ആ കുട്ടിയേയും അക്രമികള്‍ വെറുതെ വിടുമായിരുന്നില്ല.
വന്നവരെല്ലാവരും കൂടി വളഞ്ഞിട്ട് ഞങ്ങളെ ആക്രമിക്കുകയായിരുന്നു. ബിജെപിക്കാരാണ് വെറുതെ വിടരുതെന്ന് പറഞ്ഞായിരുന്നു ആക്രമണം. അക്രമികളെയെല്ലാവരേയും കണ്ടാലറിയാം. അവരെല്ലാം സിപിഐ, സിപിഎം, എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്. നിഷ അവരെ തടയാന്‍ ശ്രമിച്ചു. അതൊന്നും അവര്‍ക്കുമുന്നില്‍ വിലപ്പോയില്ല. ചിലര്‍ സഹായിക്കാനായി മുന്നോട്ടുവന്നെങ്കിലും അവരും പിന്‍വാങ്ങി. സിപിഎമ്മുകാര്‍ ബിജെപിക്കാരെ തല്ലുന്നതായി മാത്രമാണ് ഇടതുപക്ഷക്കാരായ അവര്‍ കണ്ടത്. പരിചയക്കാരാണെന്നും സഹായിക്കണമെന്നും തോന്നിയില്ല.
പ്രശ്‌നം നടക്കുന്നതറിഞ്ഞ് രണ്ടാമത്തെ മകന്‍ പ്രണവും സംഭവ സ്ഥലത്തെത്തി. അവനേയും അവര്‍ ഉപദ്രവിച്ചു. അമ്പതോളം പേരാണ് കാര്യം എന്താണെന്ന് പോലും തിരക്കാതെ ഞങ്ങളെ മര്‍ദ്ദിച്ചത്. ബിജെപിക്കാരെ വാഴാന്‍ സമ്മതിക്കില്ലെന്നു പറഞ്ഞായിരുന്നു തല്ല്. കരുതിക്കൂട്ടിയുള്ള ആക്രമണമാണ് അവര്‍ നടത്തിയത്. അജ്മലിന്റെ അളിയനാണ് കാറോടിച്ചത്. അടി നടക്കുന്നതിനിടയില്‍ പെരുമ്പാവൂര്‍ നഗരസഭ മുന്‍ കൗണ്‍സിലര്‍ ലുക്മാന്‍ സ്ഥലത്തെത്തി അടികൊണ്ട് അവശയായി നിന്ന എന്റടുത്തെത്തി പ്രശ്‌നം ഒത്തുതീര്‍ക്കാമെന്ന് പറയുന്നുണ്ടായിരുന്നു. അപ്പോഴും മറുഭാഗത്ത് ഭര്‍ത്താവിനേയും മക്കളേയും അവര്‍ തല്ലിച്ചതക്കുകയായിരുന്നു. വല്ലത്തും സമീപ പ്രദേശത്തുമുള്ളവരാണ് അക്രമികള്‍. വല്ലം സൊസൈറ്റി തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ഞാന്‍ മത്സരിച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ ആ പ്രദേശത്തുള്ളവര്‍ക്ക് എന്നെയും എനിക്ക് അവരേയും വ്യക്തമായിട്ടറിയാം. എനിക്ക് നേരെ ഉണ്ടായ ആക്രമണം വ്യക്തിപരമാണെന്ന് കരുതുന്നില്ല. രാഷ്‌ട്രീയ പകപോക്കലാണ്. സാമൂഹിക, രാഷ്‌ട്രീയ, സാമുദായിക മേഖലയില്‍ സജീവമായി നിലകൊള്ളുന്ന വ്യക്തിയെന്ന നിലയ്‌ക്ക് എനിക്കെതിരെയുള്ള ആക്രമണം കരുതിക്കൂട്ടിക്കൊണ്ടുള്ള വധശ്രമമാണ്. എന്റെ ശരീരമാസകലം ചതവും നീരും വേദനയുമാണ്. കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. ഭര്‍ത്താവിന്റെ ഇരുകാലുകളിലും ചതവ് പറ്റിയിട്ടുണ്ട്. വലതുകാലിന്റെ കുഴതെറ്റി. നെഞ്ചിന് ഏതോ ആയുധം കൊണ്ടുള്ള ഇടിയേറ്റിട്ടുണ്ട്. മകനും മര്‍ദ്ദനത്തില്‍ പരുക്കേറ്റിട്ടുണ്ട്. പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിയിലെ ചികിത്സയിലാണിപ്പോള്‍ ഞങ്ങള്‍.
ഞാന്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന വ്യക്തിയാണ്. ബിജെപി എസ് സി മോര്‍ച്ച മുന്‍ സംസ്ഥാന സെക്രട്ടറിയും സാമുദായിക സംഘടന പ്രവര്‍ത്തകയുമാണ്. അധികാരത്തിന്റെ ഹുങ്ക് അക്രമികള്‍ തെരുവില്‍ പ്രകടമാക്കി. കേരളത്തില്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നതിനുശേഷം ദളിത് സ്ത്രീകളാണ് കൂടുതല്‍ പീഡിപ്പിക്കപ്പെടുന്നത്. ഞങ്ങള്‍ വരും എല്ലാം ശരിയാക്കും എന്ന് പറഞ്ഞാണ് ഇടതുപാര്‍ട്ടി അധികാരത്തിലെത്തിയത്. അവര്‍ ഇപ്പോള്‍ ശരിയാക്കിക്കൊണ്ടിരിക്കുന്നത് ദളിതരെയാണ്. ജിഷ കൊലപാതകവുമായി ബന്ധപ്പെട്ട്, ദളിത് പീഡനം ഉയര്‍ത്തിക്കാട്ടി സംസാരിക്കുകയും ജിഷക്ക് നീതി ഉറപ്പാക്കാന്‍ വേണ്ടി മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിയാണ് ഞാന്‍.
കേരളത്തിന്റെ അടിസ്ഥാന വിഭാഗങ്ങളാണ് പട്ടിക ജാതി-പട്ടിക വര്‍ഗ്ഗക്കാര്‍. അടിസ്ഥാന വിഭാഗങ്ങളെ നിയമത്തിന്റെ പരിരക്ഷയുണ്ടായിട്ടും സംരക്ഷിക്കാനാവുന്നില്ല. ഇത്തരത്തിലുള്ള സര്‍ക്കാര്‍ തുടരണോ എന്ന് ജനങ്ങള്‍ ചിന്തിക്കണം. എനിക്കെതിരെയുണ്ടായ ആക്രമണത്തില്‍ ദളിത്പീഡന നിരോധന നിമയപ്രകാരവും 354-ാം വകുപ്പ് പ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നത്. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും കാര്‍ ഡ്രൈവര്‍ താജുദീനേയും സബീര്‍ എന്നയാളെയാണ് പിടികൂടിയിരിക്കുന്നത്. ‘നിന്നെയും കുടുംബത്തേയും കത്തിച്ചുകളയു’മെന്ന ഭീഷണിമുഴക്കിയയാളാണ് സബീര്‍. ഇയാളെ ഞാന്‍ പെരുമ്പാവൂര്‍ ഗവ. ബോയ്‌സ് സ്‌കൂളില്‍ കമ്പ്യൂട്ടര്‍ അദ്ധ്യാപികയായിരുന്ന സമയത്ത് പഠിപ്പിച്ചിട്ടുണ്ട്.
പോലീസ് പിടികൂടിയിപ്പോള്‍ സബീറും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തിട്ടും ഇയാളെ പെരുമ്പാവൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റ് ഇല്ലാത്തതിനാല്‍ പിറവം കോടതിയില്‍ ഹാജരാക്കി ജാമ്യം അനുവദിച്ചത് എന്തുകൊണ്ടാണ്? മജിസ്‌ട്രേറ്റ് എന്തുകൊണ്ടാണ് ഇത്തരത്തിലൊരു നടപടിയെടുത്തത്? ഭരണപരമായ സ്വാധീനം തന്നെയാണ് ഇതിന് പിന്നില്‍. പ്രതികളെ സംരക്ഷിക്കണമെന്ന തീരുമാനമാണ് ഇവര്‍ എടുത്തിട്ടുള്ളത്. എന്നേയും കുടുംബത്തേയും ആക്രമിച്ചവരുടെ പേരും അവരുടെ വീടും സ്ഥലവും വരെ പറഞ്ഞുകൊടുത്തു. സംഭവം നടന്ന് ഇത്ര ദിവസമായിട്ടും അക്രമികളെ പിടികൂടാന്‍ സാധിക്കാത്തത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണ്. ഇതിനിടയില്‍ കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്ന് സ്വാധീനിക്കാന്‍ ശ്രമമുണ്ട്. പക്ഷെ കേസുമായി ഏതറ്റം വരേയും പോകാനാണ് തീരുമാനം.
എനിക്കുണ്ടായ അനുഭവം മറ്റുള്ള സ്ത്രീകള്‍ക്ക് ഉണ്ടാവില്ല എന്ന് എന്തുറപ്പാണുള്ളത്. ഭാരതത്തിന്റെ നട്ടെല്ലായ സ്ത്രീകള്‍ക്ക് വേണ്ട സംരക്ഷണം കേരളത്തില്‍ നല്‍കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. കേരളത്തിന് വെളിയില്‍ നടക്കുന്ന ദളിത് പീഡനത്തിന്റെ പേരില്‍, ദളിത് പ്രേമം പറഞ്ഞ് ഇവിടെ പ്രക്ഷോഭം നടത്തുന്ന പിണറായി സര്‍ക്കാര്‍, മൂക്കിന് താഴെ നടക്കുന്ന ദളിത് പീഡനങ്ങള്‍ക്കെതിരെ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല, നടപടിയെടുക്കുന്നില്ല. ജിഷ വധക്കേസില്‍ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂരില്‍ കുടില്‍ കെട്ടി സമരം നടത്തിയ ഇടതുപക്ഷക്കാര്‍ പിണറായി അധികാരത്തിലെത്തിയ അന്നുതന്നെ കുടില്‍ പൊളിച്ചുമാറ്റി. സമരത്തിന് തീരുമാനം ആകുന്നതിന് മുമ്പേ എന്തുകൊണ്ടാണ് സമരം അവസാനിപ്പിച്ചത്. ഇതില്‍ കേരളത്തിലെ ജനതയ്‌ക്ക് ആശങ്കയുണ്ട്. ഇതൊക്കെ ചോദ്യം ചെയ്യുന്ന വ്യക്തിയെന്ന നിലയ്‌ക്ക് എനിക്കെതിരെ ആസൂത്രിതമായ നീക്കമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
സമൂഹത്തില്‍ മുഖ്യധാരയില്‍ നിന്നുപ്രവര്‍ത്തിക്കുന്ന ബിജെപിയുടെ വനിതാപ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് അക്രമിക്കുകയാണ്. എനിക്കെതിരെ ആക്രമണം ഉണ്ടായ അന്നാണ് കൊല്ലം കോര്‍പറേഷന്‍ കൗണ്‍സിലര്‍ കോകില മരണമടഞ്ഞത്. തൊട്ടടുത്ത ദിവസമാണ് തിരുവനന്തപുരത്ത് മറ്റൊരു മഹിളാ മോര്‍ച്ച പ്രവര്‍ത്തകയായ രശ്മിയെ വണ്ടിയിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചിട്ടും മുഖ്യമന്ത്രി മൗനത്തിലാണ്. പട്ടികജാതിക്കാരിയായ എനിക്കുനേരെയുണ്ടായ ആക്രമണത്തില്‍ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല. ഭാരത ഭരണഘടന അനുശാസിക്കുന്ന സംരക്ഷണ നിയമമെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടുള്ള നടപടിയാണ് പിണറായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. പട്ടികജാതി-പട്ടിക വര്‍ഗക്കോളനി നിവാസികളും എസ്‌റ്റേറ്റ് തൊഴിലാളികളും മറ്റും ഇന്ന് ദുരിതത്തിലാണ്. അടിസ്ഥാന സൗകര്യം പോലുമില്ലാതെ അവര്‍ കഷ്ടപ്പെടുമ്പോള്‍ ഇടതുപക്ഷം നടത്തുന്നത് ഗുണ്ടായിസമാണ്. എസ് സി- എസ് ടി വിഭാഗത്തിന് എന്തുസംരക്ഷണമാണിവിടെയുള്ളത്.
സാമൂഹിക-രാഷ്‌ട്രീയ പ്രവര്‍ത്തകയെന്ന നിലയില്‍ കേരളത്തിന്റെ പലഭാഗത്തും ഞാന്‍ സഞ്ചരിക്കുന്നതാണ്. പട്ടികജാതി-പട്ടിക വര്‍ഗ കോളനികളില്‍ താമസിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കാന്‍ പിണറായി സര്‍ക്കാരിന് സാധിക്കുന്നുണ്ടോ? അവരെ ആ കോളനികളില്‍ തളച്ചിട്ടിരിക്കുകയാണ്. എസ്‌സി -എസ്ടി വിഭാഗങ്ങള്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഇവിടുത്തെ ജനങ്ങളിലേക്ക് എത്തിക്കാന്‍ കേരളസര്‍ക്കാര്‍ തയ്യാറാകുന്നില്ല. വിദ്യാഭ്യാസമോ ആരോഗ്യ പരിരക്ഷയോ അവര്‍ക്ക് കിട്ടുന്നില്ല.
വരുന്ന 23, 24, 25 തിയതികളില്‍ കോഴിക്കോട് നടക്കുന്ന ദേശീയ കൗണ്‍സില്‍ സമ്മേളനവുമായി ബന്ധപ്പെട്ടുള്ള മഹിള കമ്മറ്റിയുടെ കോ-കണ്‍വീനറാണ് ഞാന്‍. ഇതോടനുബന്ധിച്ച് ഏകാത്മമാനവ ദര്‍ശനം എന്ന സന്ദേശം പകരുന്നതിനായി പെരുമ്പാവൂരില്‍ ഗൃഹസമ്പര്‍ക്കം നടത്തുന്ന തിരക്കിനിടയിലായിരുന്നു. ജനങ്ങള്‍ക്കിടയില്‍ എനിക്കുള്ള അംഗീകാരം വര്‍ധിക്കുന്നതില്‍ ആശങ്കയുള്ളവരാണ് എനിക്കെതിരെ ആക്രമണം നടത്തിയത്. 23-ാം തിയതി തുടങ്ങുന്ന സമ്മേളനത്തില്‍ ഡലിഗേറ്റായി പങ്കെടുക്കേണ്ടതാണ്. ബിജെപി അഖിലേന്ത്യ വക്താവും എംപിയുമായ മീനാക്ഷി ലേഖി, റിച്ചാര്‍ഡ് ഹെ എംപി എന്നിവര്‍ ആശുപത്രിയിലെത്തിയിരുന്നു. ബിജെപിയുടെ സംസ്ഥാന, ജില്ല, മണ്ഡല തലത്തില്‍ പ്രവര്‍ത്തക്കുന്നവര്‍ എല്ലാം തന്നെ എനിക്കൊപ്പമുണ്ട്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഡിജിപിയുമായി ഈ വിഷയം സംസാരിച്ചു. ബിജെപിയുടെയും സംഘപരിവാര്‍ സംഘടനകളുടേയും പൂര്‍ണ പിന്തുണയാണ് എന്റെ ശക്തി. കരുത്തോടെ മുന്നോട്ട് പോകാന്‍ എന്നെ പ്രേരിപ്പിക്കുന്നതും അതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: